''എന്തെങ്കിലും നേടിയെടുക്കണമെന്നും ഒരാള്‍ പൂര്‍ണമനസോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും'' -പൗലോ കൊയ്‌ലോ...
ആല്‍കെമിസ്റ്റ് എന്ന നോവലില്‍ കൊയ്‌ലോ എഴുതിയത് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപരപ്പില്‍ തെന്നി നീങ്ങുമ്പോള്‍ 'പോളാര്‍ പ്രീത്' മനസില്‍ ഉരുവിടുന്നുണ്ടാകും. കാരണം ദക്ഷിണ ധ്രുവത്തിലേക്കു തനിച്ച് യാത്ര ചെയ്ത ആദ്യ വനിതയെന്ന ബഹുമതി തേടിയെത്തിപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്... ''നാം എവിടെ നിന്നാലും ഏത് സാഹചര്യത്തിലായാലും ആഗ്രഹിക്കുന്നതെന്തും നേടാന്‍ സാധിക്കും'.
40 ദിവസങ്ങള്‍കൊണ്ട് സഞ്ചരിച്ച 1127 മൈല്‍ ദൂരത്തിലൊന്നും തൃപ്തയാവാതെ 'പോളാര്‍ പ്രീത്' അഥവാ ഹര്‍പ്രീത് കൗര്‍ ചാന്ദി എന്ന ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സൈനിക ഡോക്ടര്‍ തന്റെ രണ്ടാം ഘട്ട യാത്രയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ്. -50 ഡിഗ്രി തണുപ്പില്‍ അന്റാര്‍ട്ടിക്കയിലൂടെ 1609 കിലോമീറ്റര്‍ ദൂരം തനിച്ച് യാത്ര ചെയ്യുക എന്ന വലിയ ലക്ഷ്യമാണ് ഡോക്ടര്‍ക്ക് മുന്നിലുള്ളത്.
ഏകദേശം 75 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയായേക്കാവുന്ന ഈ യാത്രയില്‍ കാറ്റിന്റെ സഹായത്തോടെ ഏകദേശം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ സ്‌കീയിങ് നടത്തിയാകും ഹര്‍പ്രീതിന്റെ സഞ്ചാരം.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ പുതിയ സാഹസിക യാത്രയെക്കുറിച്ച് ഹര്‍പ്രീത് പങ്കുവച്ചത്. അന്റാര്‍ട്ടിക്കയിലേക്ക് വീണ്ടും പോകുന്നതിലൂടെ, ''ആഗ്രഹിച്ചാല്‍ നേടാന്‍ കഴിയാത്തതൊന്നുമില്ലെന്നു' ലോകത്തോട് വിളിച്ചുപറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഹര്‍പ്രീത് പറഞ്ഞു. ആളുകള്‍ക്ക് അവനവനില്‍ വിശ്വസിക്കാനും അതിരുകള്‍ മറികടക്കാനും പ്രചോദനമാകാനാണ് തന്റെ ശ്രമമെന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് സൈന്യത്തില്‍ ഫിസിയോതെറാപ്പിസ്റ്റായ ഹര്‍പ്രീത് തന്റെ 32ാം വയസ്സില്‍ ദക്ഷിണ ധ്രുവത്തിലെ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ വനിതാ വിഭാഗം സ്‌കീയിങ്ങില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് തനിക്ക് ഇത് സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സ്വയം അതിരുകള്‍ നിശ്ചയിക്കരുതെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.
ഒരിക്കല്‍ക്കൂടി തന്റെ പേര് ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹര്‍പ്രീത്. തനിക്കുമുന്നിലുള്ള വലിയ ലക്ഷ്യത്തെ കീഴടക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി 'പോളാര്‍ പ്രീത്' തീവ്രപരിശീലനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.