WORLD

'മതി, നിര്‍ത്തൂ..'; ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

സംഘര്‍ഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു

വെബ് ഡെസ്ക്

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ആശങ്കപ്പെട്ട അദ്ദേഹം ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

''പലസ്തീനിന്റെയും ഇസ്രയേലിന്റെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന ശത്രുത മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഓരോ ദിവസവും എന്റെയുള്ളില്‍ വേദനയുണ്ടാക്കുന്നു. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും പരുക്കേല്‍ക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ഈ രീതിയില്‍ നല്ലൊരു രാജ്യം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? സമാധാനം ലഭിക്കുമെന്നാണോ കരുതുന്നത്? ദയവായി ഇത് നിര്‍ത്തൂ'', അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനോട് ഉടന്‍ വെടിനിര്‍ത്തണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ ആവശ്യത്തിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും കമല ഹാരിസ് വിമര്‍ശിച്ചു. ''ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്. മനുഷ്യത്വരഹിതമായ സാഹചര്യമാണവിടെ. നമ്മുടെ പൊതു മനുഷ്യത്വം പ്രവര്‍ത്തിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. സഹായത്തിന്റെ ഒഴുക്കുകള്‍ വര്‍ധിക്കുന്നതിന് ഇസ്രയേല്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. അതില്‍ വിട്ടുവീഴ്ചയില്ല'', കമല പറഞ്ഞു.

ഇസ്രയേല്‍ പുതിയ അതിര്‍ത്തികള്‍ തുറക്കണമെന്നും സഹായങ്ങള്‍ എത്തിക്കുന്നതിന് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും കമല ഹാരിസ് പറഞ്ഞു. ''മാനുഷിക പ്രവര്‍ത്തകരെയും വാഹനവ്യൂഹങ്ങളെയും സൈനിക നീക്കം ലക്ഷ്യം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഗാസയില്‍ അടിസ്ഥാന സേവനങ്ങള്‍ പുനസ്ഥാപിക്കാനും ക്രമസമാധാനം പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിക്കണം. അങ്ങനെയെങ്കില്‍ കൂടുതല്‍ ഭക്ഷണവും വെള്ളവും ഇന്ധനവും ആവശ്യത്തിന് ഗാസയിലെത്തും'', കമല കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗാസ സിറ്റിയില്‍ സഹായം തേടി വന്ന സാധാരണക്കാരെ ഇസ്രയേല്‍ സൈന്യം വീണ്ടും വെടിവച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധിപ്പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസ സിറ്റിയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ പോഷകാഹാരക്കുറവ് കാരണം 15 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫും അറിയിച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം