പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വിഡിയോ കാണരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മനസിന്റെ നന്മയെ ഇത് ഇല്ലാതാക്കും. തിന്മയുടെ പ്രവേശത്തിന് കാരണമാകുമെന്നും വത്തിക്കാനില്‍ വൈദികര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പോപ്പ് പറഞ്ഞു.
ഡിജിറ്റല്‍ മീഡിയയെ ക്രിസ്ത്യാനികളുടെ നന്മയ്ക്കായി എങ്ങനെ കൂടുതലായി ഉപയോഗിക്കാമെന്ന ചോദ്യത്തിനാണ് വൈദികരും കന്യാസ്ത്രീമാരും അശ്ലീല വീഡിയോ കാണുന്നതിനെക്കുറിച്ച് മാർപ്പാപ്പ പ്രതികരിച്ചത്. ക്രിസ്തുവിനെ പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പോപ്പ് പറഞ്ഞു. ഓണ്‍ലൈന്‍ അശ്ലീല വിഡിയോകള്‍ കാണുന്നത് മനസിനെ മലിനമാക്കും. പുരോഹിതരുടെ ഹൃദയത്തെ ദുര്‍ബലപ്പെടുത്തും. വൈദിക വൃത്തിയില്‍ നിന്ന് തിന്മയിലേക്ക് അവരുടെ മനസുകളെ കൊണ്ടുപോകുകയും ചെയ്യും. കൂടുതലായി വാര്‍ത്തകള്‍ കാണുന്നതും പാട്ടുകള്‍ കേള്‍ക്കുന്നതും ജോലിയില്‍ നിന്നും മനസിനെ വ്യതിചലിപ്പിക്കാന്‍ കാരണമാകമെന്നും മാർപ്പാപ്പ പറഞ്ഞു.
''കുട്ടികളെ ആക്രമിക്കുന്നതുപോലുളള ക്രിമിനല്‍ അശ്ലീല വീഡിയോകളെപ്പറ്റിയല്ല ഞാന്‍ പറയുന്നത്. സാധാരണ അശ്ലീല വിഡിയോകളെപ്പറ്റിയാണ്. നിരവധി പേര്‍ ഇത് കാണുന്നു. നിങ്ങള്‍ക്ക് ഇത്തരം വിഡിയോകള്‍ കണ്ടിട്ടുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിച്ച് നോക്കണം''. ഇത്തരം ദൃശ്യങ്ങള്‍ ഫോണിലുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
അശ്ലീല വീഡിയോ കാണുന്നതിനെതിരെ കഴിഞ്ഞ ജൂണിലും പോപ്പ് രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും അന്തസിന് നേരെയുളള അതിക്രമമെന്നാണ് പോപ്പ് അഭിപ്രായപ്പെട്ടത്. പൊതുജനാരോഗ്യത്തിന് നേരെയുളള ഭീഷണിയാണെന്നും പോപ്പ് വ്യക്തമാക്കിയിരുന്നു.