പോർച്ചുഗലിൽ ഗർഭിണിയായ ഇന്ത്യക്കാരി (34) ചികിത്സ കിട്ടാതെ മരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി മാർട്ട ടെമിഡോ രാജിവച്ചു. അടിയന്തര രോഗീപരിചരണ സേവനങ്ങളുടെയും ഡോക്ടർമാരുടെയും അഭാവം മൂലമാണ് ഗർഭിണിയായ സ്ത്രീ മരിച്ചതെന്നാരോപിച്ച് പ്രശ്നം വഷളായതോടെയാണ് ആരോഗ്യമന്ത്രിയുടെ രാജി.
മരിച്ച യുവതി 31 ആഴ്ച ഗർഭിണിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പോർച്ചുഗലിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സാന്റാ മരിയയിൽ ഇവരെ പ്രവേശിപ്പിച്ചു. എന്നാൽ, ഡോക്ടർമാരുടെ അഭാവം മൂലം ഇവിടെ നിന്ന് സാവോ ഫ്രാൻസിസ്കോ സേവ്യർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. അടിയന്തര സിസേറിയനുശേഷം പുറത്തെടുത്ത കുട്ടിയെ രക്ഷിക്കാനായെങ്കിലും അമ്മ മരിച്ചു.
യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍. ജീവനക്കാരില്ലാത്തതിനാൽ പ്രസവ വാർഡിലെ അത്യാഹിത സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഈ തീരുമാനമാണ് യുവതിയുടെ ജീവനെടുത്തെന്നാണ് പ്രധാന വിമർശനം.