നൈജറിൽ നിന്ന് ഫ്രഞ്ച് അംബാസഡറെ തിരിച്ചുവിളിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അംബാസഡറെ തിരിച്ചുവിളിക്കാനും നൈജറുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കാനും ഫ്രാൻസ് തീരുമാനിച്ചതായാണ് മാക്രോൺ വ്യക്തമാക്കിയിരിക്കുന്നത്. നൈജറിന്റെ പ്രസിഡന്റും ഫ്രാൻസ് അനുകൂലിയുമായ മുഹമ്മദ് ബസൂമിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി രണ്ട് മാസം പിന്നിടുമ്പോഴാണ് മാക്രോണിന്റെ പ്രഖ്യാപനം.
അംബാസഡറും നയതന്ത്രജ്ഞരും അടക്കമുളളവരെ തിരിച്ചു വിളിച്ചതായാണ് മാക്രോൺ ഫ്രഞ്ച് ടെലിവിഷനോട് വ്യക്തമാക്കിയിരിക്കുന്നത്. നൈജറുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമെന്നും വർഷാവസാനത്തോടെ ആഫ്രിക്കൻ രാജ്യത്ത് നിന്ന് 1,500 സൈനികരെ പിൻവലിക്കുമെന്നുമാണ് മാക്രോൺ പറയുന്നത്. നിലവിൽ അട്ടിമറി നേതാക്കൾ തടവിലാക്കിയ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ രാജ്യത്തിന്റെ നിയമാനുസൃത നേതാവായി താൻ ഇപ്പോഴും കണക്കാക്കുന്നുവെന്നും തന്റെ തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും മാക്രോൺ പറഞ്ഞു. കൂടാതെ, അദ്ദേഹത്തെ നിരന്തരം ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈയിൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷം നൈജറിലെ ഫ്രഞ്ച് അംബാസഡർ സിൽവെയ്ൻ ഇറ്റെ ബന്ദിയാക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നയതന്ത്ര വിദഗ്ദരടക്കമുളളവർക്ക് ഭക്ഷണം അടക്കമുളളവ സൈനികർ നൽകുന്നില്ലെന്നും മാക്രോൺ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം അവസാനം ഫ്രഞ്ച് അംബാസഡറെ പുറത്താക്കാനുളള നീക്കവും നൈജറിന്റെ ഭരണം പിടിച്ചെടുത്ത സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനിയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. എന്നാൽ , സൈനിക അട്ടിമറിക്ക് പിന്നാലെ അംബാസഡർ അടക്കമുളള ഫ്രാൻസിലെ ഉദ്യോഗസ്ഥർ നൈജറിൽ തുടരുമെന്ന് ആയിരുന്നു മാക്രോണിന്റെ പ്രതികരണം.
അതേസമയം, ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എയർ നാവിഗേഷൻ സുരക്ഷയുടെ ഏജൻസി (ASECNA) ഫ്രഞ്ച് വിമാനങ്ങൾ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പറക്കുന്നത് നിരോധിച്ചതായി നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അംബാസഡറെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഇതുവിലങ്ങ് തടിയാകുമോയെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്. എന്നാൽ, മാക്രോണിന്റെ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് നൈജറിന്റെ പുതിയ ഭരണാധികാരി കൂടിയായ സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി.
ഫ്രാൻസിന്റെ കോളനിവത്കരണത്തിൽനിന്ന് 1960-ൽ രാജ്യം സ്വതന്ത്രമായതിന് ശേഷം നൈജറിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് ജൂലൈയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂ. രാജ്യത്തെ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പാശ്ചാത്യരാജ്യങ്ങൾക്കൊപ്പം നിന്ന് ശക്തമായ നീക്കം നടത്താൻ നേതൃത്വം നൽകിയിരുന്നയാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അട്ടിമറിക്ക് പിന്നാലെ മുഹമ്മദ് ബാസൂവിനൊപ്പം നിലകൊണ്ട് നിലപാടുകളാണ് മാക്രോണിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. എന്നാൽ നിലവിലെ ഫ്രാൻസിന്റെ പിന്മാറ്റം സഹേലിലെ ഫ്രാൻസിന്റെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും മേഖലയിലെ ഫ്രാൻസിന്റെ സ്വാധീനത്തിനും വലിയ തിരിച്ചടിയാണ്. സഹേൽ മേഖലയിലെ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ 1500 സൈനികരെയാണ് നൈജറിൽ ഫ്രാൻസ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ അട്ടിമറിക്ക് പിന്നാലെ ഇനി തീവ്രവാദത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നില്ലെന്ന് മാക്രോൺ വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്.
അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ സഖ്യകക്ഷികൾക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണ് നൈജറിലെ അട്ടിമറി. അമേരിക്കയുടെ 800 സൈനികരും രണ്ട് ഡ്രോൺ താവളങ്ങളുമുള്ള രാജ്യമാണ് നൈജർ. അതിനുപുറമെ സഹെൽ മേഖലയിൽ സ്വാധീനം വർധിച്ചുവരുന്ന അൽ-ഖ്വയ്ദ, ഐഎസ് എന്നീ തീവ്രവാദ സംഘങ്ങളിൽ നിന്ന് മേഖലയിലെ രാജ്യങ്ങളെ സഹായിക്കാനുള്ള പാശ്ചാത്യരാജ്യ ശ്രമങ്ങളെ കൂടിയാണ് അട്ടിമറി സങ്കീർണമാക്കുന്നത്. അതുകൊണ്ടുതന്നെ പട്ടാള അട്ടിമറി പ്രഖ്യാപിച്ച ഉടൻ തന്നെ ബസൂമിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയിരുന്നു. നൈജറിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിൽ അമേരിക്ക അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വ്യക്തമാക്കിയിരുന്നു. കൂടാതെ, അട്ടിമറിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ, ആഫ്രിക്കൻ യൂണിയൻ, വെസ്റ്റ് ആഫ്രിക്കൻ റീജ്യണൽ ബ്ലോക്ക്, യൂറോപ്യൻ യൂണിയൻ എന്നിവരും രംഗത്തെത്തിയിരുന്നു.