മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നർ സൈന്യം റഷ്യൻ അതിർത്തി നഗരമായ റോസ്തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപനം. വാഗ്നർ മേധാവി യെവ്ഗനി പ്രിഗോഷിനാണ് അവകാശവാദം ഉന്നയിച്ചത്. റോസ്തോവിലെ സൈനിക ആസ്ഥാനവും എയർഫീൽഡും വാഗ്നറിന്റെ നിയന്ത്രണത്തിലാണെന്ന് പ്രിഗോഷിൻ വ്യക്തമാക്കി.
''പ്രാദേശികസമയം 7.30ഓടെ ഞങ്ങൾ റോസ്തോവിലെ റഷ്യൻ സൈനികകേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എയർഫീൽഡ് പൂർണമായും വാഗ്നറിന്റെ കൈപ്പിടിയിലാണ്'' - ഔദ്യോഗിക ടെലഗ്രാം ചാനലിൽ പങ്കുവച്ച വീഡിയോയിൽ പ്രിഗോഷിൻ പറയുന്നു. '' യുക്രെയ്നെതിരായ യുദ്ധരംഗത്തേക്ക് പുറപ്പെടേണ്ടുന്ന എയര്‍ക്രാഫ്റ്റുകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കുള്ളവയ്ക്കും സഞ്ചരിക്കാൻ അനുമതി നൽകും. ഞങ്ങൾക്കെതിരെ വ്യോമാക്രമണം നീക്കം ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർഫീൽഡ് നിയന്ത്രണം ഏറ്റെടുത്തത്'' - പ്രിഗോഷിൻ പറയുന്നു. സാധാരണ ജീവിതം താറുമാറാക്കുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്നും പ്രിഗോഷിൻ വ്യക്തമാക്കി.
രാജ്യത്ത് ആഭ്യന്തരസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് വാഗ്നർ മേധാവിയുടേതെന്ന് റഷ്യ കുറ്റപ്പെടുത്തി. പ്രിഗോഷിൻ വാഗ്നർ സൈനികരെ വഞ്ചിക്കുകയാണെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. ക്രിമിനൽ നടപടികളേക്ക് പോകാതെ റഷ്യൻ സൈന്യവുമായി ബന്ധപ്പെടണമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നുംവാഗ്നർ സൈനികരോട് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയച്ചതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ സൈന്യം വാഗ്നർ സേനയ്ക്കെതിരെ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് മോസ്കോ ലക്ഷ്യമാക്കി മുന്നേറുന്നതായി പ്രഖ്യാപിച്ചാണ് യെവ്ഗനി പ്രിഗോഷിൻ രംഗത്തെത്തിയത്. 25,000ത്തിലേറെ വാഗ്നർ സൈനികർ റോസ്തോവിലെത്തിയെന്നാണ് അവകാശവാദം. അടുത്തിടെയായി റഷ്യയും വാഗ്നർ മേധാവിയും തമ്മിൽ അസ്വാരസ്യങ്ങൾ ശക്തമായിരുന്നു. റഷ്യക്കെതിരെ സായുധ വിപ്ലവനീക്കം നടക്കുന്നുണ്ടെന്നാരോപിച്ച് പ്രിഗോഷിനെതിരെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സായുധവിപ്ലവനീക്കം.
ബഖ്മുത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. റഷ്യ, യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഒരുകാലത്ത് പുടിന്റെ വിശ്വസ്തനായ അനുയായി കൂടിയായിരുന്ന പ്രിഗോഷിന്‍.