റഷ്യന്‍ വാഗ്‌നര്‍ ഗ്രൂപ്പ് പോളണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിയസ്കി രംഗത്ത്. റഷ്യന്‍ വാഗ്‌നര്‍ ഗ്രൂപ്പിലെ നൂറോളം സൈനികരുടെ സംഘം പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള ബെലാറസ് നഗരമായ ഗ്രോഡ്‌നോയിലേക്ക് നീങ്ങുന്നെന്നാണ് മാറ്റിയൂസ് മൊറാവിയസ്കി ആരോപിക്കുന്നത്. സുവാല്‍ക്കി ഇടനാഴിയുടെ അടുത്താണ് സംഘമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരെന്ന വ്യാജേനയാണ് അവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതെന്നും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോളിഷ് പ്രധാനമന്ത്രി അറിയിച്ചു.
റഷ്യയില്‍ നടത്തിയ വിമത നീക്കത്തില്‍ പരാജയപ്പെട്ടതോടെ ആയിരത്തോളം വാഗ്‌നര്‍ സൈനികര്‍ ബെലാറസിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിർത്തിയിൽ പോളണ്ട് വിന്യസിച്ചിരിക്കുന്ന സൈന്യത്തിനെതിരായ നീക്കമായാണ് രാജ്യം നീക്കത്തെ വിലയിരുത്തുന്നത്.
''പോളണ്ട് അതിര്‍ത്തിയിലെ സേനയെ അടിച്ചമര്‍ത്താൻ ബെലാറസ് ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാരായി സൈനികര്‍ പോളണ്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടൂതലാണ്. അത് വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുക''- മാറ്റിയൂസ് മൊറാവിയസ്കി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 16,000 പേരാണ് അനധികൃതമായി പോളണ്ട് അതിർത്തി കടന്ന് എത്തിയിട്ടുള്ളത്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും റഷ്യന്‍ പ്രസിഡന്റ് വള്ഡാമിര്‍ പുടിനും ചേര്‍ന്ന് പലരെയും പോളണ്ടിലേക്ക് തള്ളിവിടുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം റഷ്യയില്‍ നടത്തിയ വിമതനീക്കം അവസാനിപ്പിക്കുന്നതായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ ബലാറസിലേക്ക് എത്തിച്ചത്
വാഗ്‌നര്‍ ഗ്രൂപ്പ് സൈന്യം ഗ്രോഡ്‌നോയില്‍ എന്താണ് ചെയ്യുന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ സുവാല്‍ക്കി ഇടനാഴിക്ക് സമീപം ഇത്തരത്തില്‍ വാഗ്‌നര്‍ ഗ്രൂപ്പിനെ വിന്യസിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ നാറ്റോ അംഗങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ബെലാറസ് എന്നിവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ് സുവാല്‍ക്കി ഇടനാഴി.
റഷ്യയെയും ബെലറാസിനെയും ബന്ധിപ്പിക്കുന്ന കലിന്‍ഗ്രാഡ് അതിര്‍ത്തി പ്രദേശത്തെ ബന്ധിപ്പിക്കുന്നതാണ് സുവാല്‍ക്കി ഇടനാഴി. മാത്രമല്ല, ബാള്‍ട്ടിക് രാജ്യങ്ങളെയും യൂറോപ്യന്‍ യൂണിനെയും കരമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന ഇടനാഴി കൂടിയാണിത്. ബെലാറസില്‍ ഇപ്പോള്‍ എത്ര വാഗ്‌നര്‍ സൈനികരുണ്ടെന്നുള്ള കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. കഴിഞ്ഞ മാസം റഷ്യയില്‍ നടത്തിയ വിമതനീക്കം അവസാനിപ്പിക്കുന്നതായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ ബലാറസിലേക്ക് എത്തിച്ചത്.