അവിസ്മരണീയ ജീവിതം നയിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ ഡയാന രാജകുമാരി. അവരുടെ മരണവും ജീവിതവും എക്കാലവും എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഡയാനയുടെ മരണം എത്രത്തോളം വേദനിപ്പിക്കുന്നതായിരുന്നു എന്ന് വിവരിക്കുകയാണ് ഇളയ മകന്‍ ഹാരി രാജകുമാരന്‍. പുറത്തിറങ്ങാനിരിക്കുന്ന സ്‌പെയര്‍ എന്ന ആത്മകഥയിലാണ് ഹാരിയുടെ വെളിപ്പെടുത്തലുകള്‍.
അമ്മയുടെ മരണത്തിന് ശേഷം താന്‍ ഒരിക്കല്‍ മാത്രമാണ് കരഞ്ഞതെന്ന് ഹാരി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമ്മ മരിച്ചു കിടക്കുമ്പോള്‍ സമാധാനിപ്പിക്കാന്‍ വന്നവരോട് എന്താണ് പറയേണ്ടതെന്നും ഒരു വികാരവും അവരോട് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഹാരി രാജകുമാരന്‍ പറയുന്നു. ജീവിതത്തിലെ അമ്മയുടെ അഭാവമാണ് സ്‌പെയര്‍ എന്ന ആത്മകഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ ആത്മകഥയുടെ ചില പതിപ്പുകള്‍ സ്‌പെയിനില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.
ഡയാനയുടെ സംസ്‌കാര സമയത്ത് ഒരിക്കല്‍ മാത്രമാണ് താന്‍ കരഞ്ഞത്. അന്ന് താന്‍ അനുഭവിച്ച വേദന വിവരിക്കാനാവാത്തതാണ്. സഹോദരന്‍ വില്യമിനും സമാന അനുഭവം ഉണ്ടായിക്കാണുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അമ്മയുടെ മൃതദേഹം കാണാന്‍ എത്തിയവരെല്ലാം തനിക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ അവരുടെ കൈകള്‍ എല്ലാം നനഞ്ഞിരുന്നു. പിന്നീടാണ് മനസ്സിലായത് അവര്‍ എല്ലാം കരയുകയാണെന്ന്. അമ്മയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്ന മനുഷ്യര്‍ക്ക് അവരുടെ മരണത്തില്‍ കരയാനും ദുഖം പ്രകടിപ്പിക്കാനും സാധിച്ചു. എന്നാല്‍ അമ്മ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേര്‍, അവരുടെ രണ്ട് മക്കള്‍ക്ക് നിര്‍വികാരമായി അവരുടെ മൃതദേഹത്തിനരികെ നില്‍ക്കാനേ സാധിച്ചുള്ളു. ഹാരി രാജകുമാരന്‍ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ ഉടനീളമുണ്ടായിരുന്നെങ്കിലും പൊതു സ്ഥലത്ത് ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ വച്ച് കരയാന്‍ സാധിച്ചില്ലെന്നാണ് ആത്മകഥയില്‍ പറയുന്നത്.
ഡയാന രാജകുമാരിക്ക് അപകടം പറ്റിയ പാരീസിലെ റോഡ് ടണലിലൂടെ പിന്നീട് കാറിലൂടെ പോയതുമെല്ലാം ഹാരി ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അമ്മ മരിച്ച വാര്‍ത്ത അറിഞ്ഞ് പിതാവ് തന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്നും ഹാരി കൂട്ടിചേര്‍ക്കുന്നു. ഇതിന് പുറമേ ബ്രിട്ടീഷ് കുടുംബത്തിലെ അനന്തരവകാശിയും ഹാരി രാജകുമാരന്റെ സഹോദരനുമായ വില്യം രാജകുമാരന്‍ ആക്രമിച്ചതിനെപ്പറ്റിയും ആത്മകഥയില്‍ പറയുന്നു.
2019ല്‍ ലണ്ടനില്‍ ഹാരിയും മേഗനും താമസിച്ചിരുന്ന നോട്ടിങ്ങാം കൊട്ടാരത്തില്‍ എത്തി മേഗനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വില്യം സഹോദരന്‍ ഹാരിയെ മര്‍ദിക്കുന്നത്. അക്കാര്യങ്ങളും സ്‌പെയര്‍ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. ആഫ്രോ അമേരിക്കന്‍ വംശജയായ മേഗനെ 2018ലാണ് ഹാരി വിവാഹം കഴിച്ചത്.
കുട്ടിക്കാലം മുതല്‍ രാജകുടുംബത്തില്‍ നിന്ന് നേരിട്ട വിവേചനങ്ങളും വിഷമങ്ങളുമാണ് പ്രധാനമായും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓപ്ര വിന്‍ഫ്രയുമായുള്ള അഭിമുഖത്തില്‍ രാജകുടുംബത്തില്‍ നിന്ന് നേരിട്ട വിവേചനങ്ങള്‍ ഹാരി തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജകുടുംബത്തില്‍ എപ്പോഴും മൂത്ത സഹോദരന്മാര്‍ക്കാണ് അവകാശം. അനന്തരവകാശിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ രണ്ടാമന് അവിടെ സ്ഥാനമുള്ളു. ഈ അര്‍ത്ഥം വരുന്ന സ്‌പെയര്‍ എന്ന വാക്കാണ് തന്റെ ആത്മകഥയ്ക്കായി ഹാരി ഉപയോഗിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.