ഡെയ്‌ലി മിറർ ടാബ്ലോയിഡിന്റെ പ്രസാധകനെതിരെയുള്ള കേസിൽ തിങ്കളാഴ്ച ലണ്ടൻ കോടതിയിൽ ഹാജരാകാതെ ഹാരി രാജകുമാരൻ. ഹാരി എത്തിച്ചേരില്ലെന്ന് അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. മകൾ ലിലിബെറ്റിന്റെ ജന്മദിനാഘോഷത്തിന് ശേഷം ഞായറാഴ്ചയാണ് ലോസ് ആഞ്ചൽസിൽ നിന്ന് ഹാരി വിമാനം കയറിയതെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. സുരക്ഷാനടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കേണ്ടതിനാൽ എത്തിച്ചേരാൻ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.130 വര്‍ഷത്തിന് ശേഷം കോടതിയിൽ തെളിവ് നൽകാൻ ഹാജരാകുന്ന ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന നിലയിൽ ഹാരിയുടെ കേസ് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
കേസിന്റെ ആദ്യ ദിവസം ഹാരി രാജകുമാരൻ കോടതിയിൽ ഹാജരാകാത്തതിൽ ആശ്ചര്യം തോന്നുന്നെന്ന് ജസ്റ്റിസ് ടിമോത്തി ഫാൻകോർട്ട് ചൂണ്ടിക്കാട്ടി. കോടതിയുടെ വിലയേറിയ സമയം പാഴാക്കുകയാണ് രാജകുടുംബാംഗം ചെയ്തെന്ന് ജഡ്ജി കുറ്റപ്പെടുത്തി. ക്രോസ് വിസ്താരം ആരംഭിക്കാനുള്ള നീക്കത്തിനാണ് തിരിച്ചടിയായതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.വിചാരണയുടെ ആദ്യ ദിവസം തന്നെയുള്ള ഹാരിയുടെ അസാന്നിധ്യം ഏറെ ബുദ്ധമുട്ടുണ്ടാക്കിയെന്ന് മിറർ ഗ്രൂപ്പ് ടാബ്ലേയിഡിനായി ഹാജരായ അഭിഭാഷകൻ ആൻഡ്രൂ ഗ്രീൻ പറഞ്ഞു.കഴിഞ്ഞമാസമാണ് കേസിൽ വിചാരണ ആരംഭിച്ചത്.
മാധ്യമങ്ങൾക്കെതിരെയുള്ള പ്രിൻസ് ഹാരിയുടെ നിരവധി കേസുകളിൽ ആദ്യത്തേതാണ് മിറർ ഗ്രൂപ്പിനെതിരായത്. ഫോൺ ഹാക്കിങ്ങും നിയമവിരുദ്ധമായ വിവരശേഖരണവും ഡെയ്‌ലി മിറർ വ്യാപകമായി നടത്തിയിരുന്നു. ഒരു സ്വകാര്യ ഡിറ്റക്ടീവിനെ ഉപയോഗിച്ച് ഹാരിയുടെ പല വിവരങ്ങളും ശേഖരിക്കാൻ ശ്രമിച്ചുവെന്ന് സ്ഥാപനം സമ്മതിച്ചതായി ഹാരിയുടെ അഭിഭാഷകൻ ഡേവിഡ് ഷെർബോൺ കോടതിയിൽ വ്യക്തമാക്കി.
ഹാരിയെക്കുറിച്ചുള്ള ലേഖനങ്ങൾ പത്രത്തിന് വലിയ വിൽപ്പനയാണ് നൽകിയത്. സ്കൂൾ കാലവും പ്രണയബന്ധങ്ങളും ഉൾപ്പടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ച് ഏകദേശം 2,500 ലേഖനങ്ങളാണ് പത്രം പ്രസിദ്ധീകരിച്ചതെന്നും ഷെർബോൺ കൂട്ടിച്ചേർത്തു. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ നിന്ന് സുരക്ഷിതമായ ഒരു സമയം ഹാരിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ വിവരങ്ങൾ ശേഖരിക്കാൻ രേഖകളും പൊതു പ്രസ്താവനകളും നിയമപരമായാണ് ഉപയോഗിച്ചതെന്ന് മിറർ ഗ്രൂപ്പ് അറിയിച്ചു. ഹാരിയുടെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. സ്വകാര്യ ഡിറ്റക്ടീവിനെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതിൽ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു. ഹാരി രാജകുമാരന് പുറമെ നിരവധി പ്രമുഖര്‍ ടാബ്ലോയ്ഡിനെതിരെ ഫോണ്‍ ചോര്‍ത്തൽ ആരോപണം ഉന്നയിച്ചിരുന്നു.