ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പ് 'സ്‌പെയർ' ഏറ്റവും വേഗത്തിൽ വിറ്റു പോയ നോൺ ഫിക്ഷൻ ബുക്കെന്ന റെക്കോർഡ് കൈവരിച്ചു. ബുക്ക് പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ഏകദേശം 1.43 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു. പെൻഗ്വിൻ റാൻഡം ഹൗസിന്റെ റെക്കോർഡ് തകർത്തു കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ 1.4 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചുകൊണ്ട് ഹാരിയുടെ ആത്മകഥയായ സ്‌പെയർ അതിവേഗം ഗിന്നസിൽ കയറിക്കൂടിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ വിവരം സ്പെയർ ബുക്കിന്റെ പ്രസാധകർ തന്നെയാണ് പുറത്തു വിട്ടത്. ബരാക് ഒബാമയുടെ 2020-ൽ പുറത്തിറങ്ങിയ 'എ പ്രോമിസ്ഡ് ലാൻഡ്', 2018ൽ പുറത്തിറങ്ങിയ മിഷേൽ ഒബാമയുടെ 'ബികമിങ്' എന്നിവയായിരുന്നു പെൻഗ്വിൻ റാൻഡം ഹൗസിന്റെ ആദ്യ ദിനം ഏറ്റവും കൂടുതൽ വിറ്റു പോയ ബുക്കുകൾ.
ആദ്യ ദിവസം 8,87,000 കോപ്പികൾ വിറ്റഴിച്ച ഒബാമയുടെ ബുക്കിനേക്കാൾ 20 ശതമാനം ആവശ്യക്കാർ കൂടുതലാണ് ഹാരി രാജകുമാരന്റെ ബുക്കിനെന്നാണ് വിവരം. ആദ്യ കോപ്പി രണ്ട് മില്യൺ വിറ്റു പോയതിനാൽ രണ്ടാമത്തെ കോപ്പിയുടെ പ്രിന്റിംഗിലാണ് സ്പെയർ ഇപ്പോൾ. പ്രസിദ്ധീകരണത്തിന് മുൻപ് കോപ്പികൾ ചോർന്നിട്ടും വലിയ രീതിയിലുള്ള വിൽപ്പന നടക്കുന്നത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഫ്രാൻസിൽ സ്പെയറിന്റെ ഫ്രഞ്ച് പതിപ്പ് 210,000 കോപ്പികൾ കടന്നതിനാൽ 130,000 കോപ്പികൾ കൂടി വീണ്ടും അടിക്കുകയാണെന്ന് പ്രസാധകനായ ഫയാർഡ് വ്യക്തമാക്കി.
മേഗന്‍ മെർക്കലിനെ ചൊല്ലി മൂത്ത സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായുണ്ടായ തര്‍ക്കത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രൂക്ഷമായ തര്‍ക്കത്തിനിടെ വില്യം തന്നെ തറയിലടിച്ചെന്നാണ് ഹാരിയുടെ വെളിപ്പെടുത്തല്‍. പിതാവായ ചാൾസ് രാജാവിനോട് കാമിലയെ രണ്ടാമത് വിവാഹം കഴിക്കരുതെന്ന് കുട്ടികളായിരുന്ന പ്രായത്തിൽ മക്കളായ തങ്ങൾ അപേക്ഷിച്ചിരുന്നുവെന്നും കൗമാര കാലത്ത് കൊക്കെയ്‌ൻ ഉപയോഗിച്ച കാര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.