WORLD

സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം; മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ കത്തിപ്പടരുന്ന പ്രതിഷേധം

ഇറാനിലെ 'സദാചാര പോലീസി'നും ഭരണകൂടത്തിനുമെതിരെയുമാണ് ശക്തമായ പ്രതിഷേധം അണപൊട്ടിയിരിക്കുന്നത്

വെബ് ഡെസ്ക്

മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. സദാചാര പോലീസിനും ഇറാനിയന്‍ സര്‍ക്കാരിനുമെതിരെയാണ് ജനരോഷം. 13 പ്രവിശ്യകളിലേക്കും ഏറെക്കുറെ എല്ലാ നഗരകേന്ദ്രങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നിരിക്കുന്നു. പൊതുമധ്യത്തില്‍ ഹിജാബുകള്‍ ഊരിയെറിഞ്ഞും, മതപരമായ വസ്ത്രങ്ങള്‍ തീയിട്ടും സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ഇറാന്‍ ജനതയുടെ പ്രതിഷേധം. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സൈന്യത്തെ നിയോഗിച്ചതോടെ, തെരുവുകള്‍ പോരാട്ടക്കളങ്ങളായി. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 35 പേരെങ്കിലും കൊല്ലപ്പെട്ടു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ അധികൃതരും പറയുന്നു. അതേസമയം, അമ്പതിലധികം പ്രതിഷേധക്കാര്‍ കൊലപ്പെട്ടിട്ടുണ്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. യഥാര്‍ത്ഥ മരണസംഖ്യ അതിലും കൂടുതലാകാനാണ് സാധ്യതയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പല നഗരങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കാനാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ നിര്‍ദേശം.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍
ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍' ആണെന്ന് പ്രക്ഷോഭകര്‍

മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനിലെ 'സദാചാര പോലീസി'നും ഭരണകൂടത്തിനുമെതിരെയുമാണ് ശക്തമായ പ്രതിഷേധം അണപൊട്ടിയിരിക്കുന്നത്. യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍നിന്ന് തുടങ്ങിയ പ്രതിഷേധമാണ് രാജ്യമാകെ പടരുന്നത്. ടെഹ്‌റാനില്‍ 'സദാചാര പോലീസി'നെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി. മഹ്സയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍' ആണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. 'മര്‍ഡര്‍ പട്രോള്‍' എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ പ്രതിഷേധമുയര്‍ന്നത്. യുവതിയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടിരുന്നു.

മഹ്‌സ അമിനി

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതപരമായ വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് 'ഗൈഡന്‍സ് പട്രോളി'ന്റെ ചുമതല. സദാചാര പോലീസ്, ഫാഷന്‍ പോലീസ് തുടങ്ങിയ പേരുകളിലും ഈ പോലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ വാര്‍ത്തയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെയാണ് ഗൈഡന്‍സ് പട്രോള്‍ വിഭാഗം പ്രധാനമായും അറസ്റ്റ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുടെ വീഡിയോകളും നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി സ്വന്തം ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. 'ഏകാധിപതിക്കു മരണം' എന്ന അവരുടെ മുദ്രാവാക്യം സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കീഴിലുള്ള ഇറാനില്‍ അലയടിച്ചു. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്ത്രീകള്‍ തലമറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായ ഇറാനില്‍ പൊതു ഇടങ്ങളിലും വീഡിയോകളിലൂടെയും മുടി മുറിച്ചു കൊണ്ട് ഇറാന്‍ സ്ത്രീകള്‍ വിപ്ലവം സൃഷ്ടിക്കുന്ന കാഴ്ച ലോകം അദ്ഭുതത്തോടെ കണ്ടു. ഇറന്റെ വടക്കന്‍ നഗരമായ സരിയില്‍ നിന്നുള്ള ഒരു വീഡിയോയില്‍, ഒരു സ്ത്രീ കൈയില്‍ ശിരോവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് കാണാന്‍ സാധിക്കും. ശിരോവസ്ത്രം കത്തിക്കുന്ന സമയത്ത് ഒപ്പം കൂടിനില്‍ക്കുന്ന പുരുഷന്മാര്‍ ആവേശത്തില്‍ കൈയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കാണാന്‍ സാധിക്കും.

യാത്ര ചെയ്യാന്‍ ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധം, സ്വത്തില്‍ പൂര്‍ണ അവകാശമില്ല തുടങ്ങി സ്ത്രീകളുടെ അവകാശ ലംഘനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇറാന്‍ നിയമങ്ങളില്‍ കാണാം. ഇതിനോടെല്ലാം ജനങ്ങള്‍ക്കുള്ള അമര്‍ഷമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്ത്രീ സ്വാതന്ത്രത്തിന് അതിരുകള്‍ നിശ്ചയിക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇറാനില്‍ ഇതാദ്യമായല്ല ഇത്തരം അവകാശ ലംഘനങ്ങള്‍. കഴിഞ്ഞ മാസം ഒരു പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ സ്ത്രീകള്‍ അഭിനയിച്ചത് വലിയ വിവാദമാവുകയും തുടര്‍ന്ന് രാജ്യത്ത് സ്ത്രീകള്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

'ഇറാന്‍ ജനത അവരുടെ മൗലികാവകാശങ്ങളും മാനുഷിക അന്തസ്സും നേടിയെടുക്കാന്‍ തെരുവിലിറങ്ങിയിരിക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തോട് സര്‍ക്കാര്‍ വെടിയുണ്ടകള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്,' ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ മഹ്‌മൂദ് അമിരി മൊഗദ്ദം പറയുന്നു. അതേസമയം ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പിന്തുണ അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് യുഎന്‍ പൊതുസഭയില്‍ ബൈഡന്‍ പറഞ്ഞു.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പൊട്ടി പുറപ്പെട്ട പ്രക്ഷോഭം 80-ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇതുവരെ വിവിധ നഗരങ്ങളില്‍ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണ് അറസ്റ്റിലായത്.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പൊട്ടി പുറപ്പെട്ട പ്രക്ഷോഭം ഇപ്പോള്‍ 80-ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇതുവരെ വിവിധ നഗരങ്ങളില്‍ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ 5 സുരക്ഷാസൈനികര്‍ അടക്കം 50-ഓളം പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രതികരിച്ചത്. പ്രക്ഷോഭം പടരുന്നതു തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതിനു പുറമേ ശനിയാഴ്ച രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും സര്‍വീസ് മുടക്കി. അതേസമയം പ്രക്ഷോഭകര്‍ക്കായി സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്ക് ലഭ്യമാക്കാന്‍ ഇലോണ്‍ മസ്‌കിന് യുഎസ് ഭരണകൂടം അനുമതി നല്‍കി. പ്രക്ഷോഭം പടരുന്നതു തടയാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇറാനെതിരെ ഉപരോധം നിലനില്‍ക്കുന്നുവെങ്കിലും സ്റ്റാര്‍ലിങ്ക് ലഭ്യമാക്കാന്‍ യുഎസ് ട്രഷറി വകുപ്പ് പ്രത്യേക ഉത്തരവിറക്കി.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍

ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടും ജനക്കൂട്ടത്തെ നിശ്ശബ്ദരാക്കാന്‍ കഴിയാതെ വലഞ്ഞതോടെ ഭരണകൂടം ബദല്‍ പ്രക്ഷോഭകരെ രംഗത്തിറക്കി. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 'ശത്രുക്കളെ' നേരിടുമെന്ന കടുത്ത മുന്നറിയിപ്പ് ഇറാന്‍ സൈന്യവും നല്‍കിയിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനില്‍ പ്രക്ഷോഭകര്‍ പൊലീസ് വാഹനം കത്തിക്കുന്നതിന്റെയും പൊലീസ് വെടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഹിജാബ് ഊരി അന്തരീക്ഷത്തില്‍ വീശിക്കൊണ്ട് 'സ്വാതന്ത്ര്യം' എന്ന് ഉറക്കെ പറയുന്ന വനിതകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഹിജാബ് ഊരി അന്തരീക്ഷത്തില്‍ വീശിക്കൊണ്ട് 'സ്വാതന്ത്ര്യം' എന്ന് ഉറക്കെ പറയുന്ന വനിതകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇസ്ലാമിക ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താനാനുള്ള ഗൂഢതന്ത്രമാണിതെന്നാണ് സൈന്യത്തിന്റെ ആരോപണം. 280 പ്രക്ഷോഭകരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകര്‍ 'ഇസ്രയേല്‍ ഭടന്മാര്‍' ആണെന്ന് പറഞ്ഞ് സര്‍ക്കാരിനെ പിന്തുണച്ച് റാലി നടത്തിയവര്‍ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യങ്ങളും മുഴക്കി.

പ്രതിഷേധക്കാര്‍ മുടി മുറിച്ച് കൊടി കെട്ടിയപ്പോള്‍

ഇറാനിലെ ഇസ്ലാമിക വസ്ത്രധാരണ രീതി പിന്‍വലിക്കണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. 1979ലെ ഇസ്ലാമിക വിപ്ലവ സമയത്ത് നടപ്പാക്കിയ ഇസ്ലാമിക നിയമമനുസരിച്ച് രാജ്യത്തെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം കൊണ്ട് തല മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഈ നിയമമനുസരിച്ചാണ് സദാചാര പോലീസ് മഹ്സയെ അറസ്റ്റ് ചെയ്തത്. 1979 മുതല്‍ രാജ്യം സാക്ഷ്യം വഹിക്കുന്ന അഞ്ചാമത്തെ വലിയ ബഹുജന പ്രതിഷേധമാണ് ഇപ്പോഴത്തേത്. രാജ്യത്ത് അവസാനം നടന്ന വലിയ പ്രതിഷേധം 2019ലെ ബ്ലഡി നവംബര്‍ എന്ന് അറിയപ്പെടുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്ളപ്പോഴും ഇറാന്റെ പരമോന്നത നേതാവ് മതപുരോഹിതനായ അയത്തൊള്ള ഖമേനിയാണ്. അതു കൊണ്ടു തന്നെ ഖമേനിയുടെ ചിത്രം തീയിട്ടും നമ്മള്‍ ഒന്നായില്ലെങ്കില്‍ ഒന്നൊന്നായി നമ്മള്‍ ഇല്ലാതാക്കപ്പെടുമെന്ന ശ്രദ്ധേയമായ മുദ്രാവാക്യമുയര്‍ത്തിയും ജനങ്ങള്‍ പ്രതിഷേധിക്കുന്നു.

ഒരു ഇസ്ലാമിക ടിവി ദൃശ്യ മാധ്യമ അവതാരക ക്യാമറയ്ക്ക് മുന്‍പില്‍ തന്റെ ഹിജാബ് അഴിച്ചു മാറ്റി. പ്രധാന സര്‍വ്വകലാശാലകളിലെല്ലാം വിദ്യാര്‍ഥികള്‍ പ്രതിഷേധമാരംഭിച്ചതോടെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ കാരണം ഹിജാബ് മാത്രമല്ല എന്നതാണ് യാഥാര്‍ഥ്യം. അമീനയുടെ മരണമാണ് പ്രതിഷേധത്തിന് തിരി കൊളുത്തിയത്. എന്നാല്‍ വിഷയം അത് മാത്രമല്ല. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ നാളുകളായുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്നത്. രാജ്യത്തിന്റെ തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയും വിലക്കയറ്റവും തുടങ്ങി ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പ്രതിഷേധത്തിലേക്ക് നയിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ അനുകൂലിച്ച് നടന്ന റാലി
1979 മാര്‍ച്ചില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പുതിയ നേതൃത്വത്തിന്റെ ശിരോവസ്ത്രം നിയമം തങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ഭീഷണിയാണെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു

ഹിജാബ് നിയമം ലംഘിച്ചെന്ന പേരിലാണ് കഴിഞ്ഞ ചൊവാഴ്ച 22കാരിയായ മഹ്‌സയെ ടെഹ്‌റാനില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്നായിരുന്നു ആരോപണം. ഇറാനിലെ 'സദാചാര പോലീസ്' ആയ 'ഗഷ്‌തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍)' ആണ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, കടുത്ത മര്‍ദ്ദനമേറ്റ നിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോമയിലായിരുന്ന മഹ്‌സ സെപ്റ്റംബര്‍ 17-ന് മരിച്ചു. പോലീസ് മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്‌റാന്‍ പോലീസ് പറയുന്നു. മഹ്‌സ അമിനി അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്‌സ കുഴഞ്ഞുവീഴുകയാണുണ്ടായതെന്നുമാണ് പോലീസിന്റെ വിശദീകരണം.

മകളെ വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അമിനിയുടെ പിതാവ് അംജദ് അമിനി ആരോപിച്ചിരുന്നു. അതേസമയം സംഭവസ്ഥലത്ത് ആവശ്യമായ അടിയന്തര സേവനങ്ങള്‍ ഉടന്‍ ലഭിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി പറയുന്നു. അമിനിക്ക് മുന്‍പ് ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അഞ്ചാം വയസ്സില്‍ അവര്‍ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും വാഹിദി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ വാദങ്ങളെ തള്ളിയ അമിനിയുടെ പിതാവ് മകള്‍ക്ക് അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും പറഞ്ഞു. അതേസമയം, വായിലും മൂക്കിലും ട്യൂബുകളുമായി, ചെവിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന അവസ്ഥയില്‍, കണ്ണുകള്‍ക്ക് ചുറ്റും ചതവുകളോടെ ആശുപത്രി കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അമിനിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമിനിയെ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ലായിരുന്നുവെന്ന് ചില ഡോക്ടര്‍മാര്‍ ട്വീറ്റ് ചെയ്തിരുന്നു. തലയ്ക്ക് കാര്യമായ പരിക്കേറ്റതിനാലാണ് അമിനിയുടെ ചെവിയില്‍ നിന്ന് രക്തസ്രാവം ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്താനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം വരുമ്പോഴാണ് മഹ്‌സയെ തല ശരിയായി മറച്ചില്ലെന്നപേരില്‍ പോലീസ് അറസ്റ്റുചെയ്തത്. പോലീസ് വാനിനുള്ളില്‍ വെച്ച് പോലീസ് ഇവരെ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ പോലീസ് ഇതു നിഷേധിക്കുകയാണ്. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് യുവതിയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാലാണ് ആശുപത്രിയിലാക്കിയത് എന്ന പോലീസ് വാദം ബന്ധുക്കള്‍ നിഷേധിക്കുന്നു. ഇബ്രാഹിം റെയ്സി സര്‍ക്കാര്‍ ഇറാനില്‍ ഹിജാബ് നിയമം കര്‍ശനമാക്കി ആഴ്ചകള്‍ക്കുള്ളിലാണ് ഈ ദാരുണസംഭവം. പുതിയ വസ്ത്രധാരണച്ചട്ടം അനുസരിക്കാത്തവര്‍ക്ക് കര്‍ശനശിക്ഷ നല്‍കുമെന്നും റെയ്സി വ്യക്തമാക്കിയിരുന്നു.

ഇറാനിലെ ഹിജാബിന്റെ ചരിത്രം

ഹിജാബ് എന്നും ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നുവെന്നും, ഈ വിഷയം ഇറാനില്‍ വളരെക്കാലമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ബ്രൂക്കിംഗ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. തന്റെ രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനും ദേശീയ സ്വത്വബോധം വളര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിലെ ആദ്യത്തെ അധികാരിയായിരുന്ന പഹ്ലവി ഷാ 1936-ല്‍ മൂടുപടം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ പുരുഷന്മാര്‍ക്ക് യൂറോപ്യന്‍ ശൈലിയിലുള്ള തൊപ്പികളും അദ്ദേഹം നിര്‍ബന്ധമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ ബലപ്രയോഗത്തിലൂടെയും പിന്നീട് നിയമത്തിലൂടെയുമാണ് നിര്‍ബന്ധിത ഹിജാബ് നടപ്പാക്കിയത്. നിലവില്‍ ഏത് ലംഘനത്തിനും ചെറിയ പിഴയും രണ്ട് മാസത്തെ തടവും ലഭിക്കും.

എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ഷാ നാടുകടത്തപ്പെടുകയും അദ്ദേഹത്തിന്റെ ഇളയ മകന്‍ ഭരണാധികാരിയായി അധികാരമേല്‍ക്കുകയും ചെയ്തതോടെ ഈ ഉത്തരവ് റദ്ദാക്കപ്പെട്ടു. വിപ്ലവാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിലും, ജനങ്ങള്‍ക്ക് മേല്‍ ഹിജാബ് അടിച്ചേല്‍പ്പിക്കാനും നടപ്പിലാക്കാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ കടുത്ത എതിര്‍പ്പിന് വിധേയമായെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് 1979 മാര്‍ച്ചില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പുതിയ നേതൃത്വത്തിന്റെ ശിരോവസ്ത്രം നിയമം തങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ഭീഷണിയാണെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായെങ്കിലും ഇത് കണക്കിലെടുക്കാതെ ഇറാനില്‍ ബലപ്രയോഗത്തിലൂടെയും പിന്നീട് നിയമത്തിലൂടെയും നിര്‍ബന്ധിത ഹിജാബ് നടപ്പിലാക്കുകയായിരുന്നു. നിലവില്‍ രാജ്യത്ത് ഇതുസംബന്ധിച്ച ഏത് ലംഘനത്തിനും ചെറിയ പിഴയും രണ്ട് മാസത്തെ തടവും ലഭിക്കും.

പ്രതിഷേധങ്ങള്‍

വര്‍ഷങ്ങളായി, ഇറാനില്‍ ഇത്തരം പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 2017 ഡിസംബറില്‍ 35-ലധികം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് 2018-ലെ മെയ് മാസത്തിലെ ബിബിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിജാബ് വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നു. 2018 ഏപ്രിലില്‍ ടെഹ്റാനില്‍ ശിരോവസ്ത്രം അഴിച്ചതിന്റെ പേരില്‍ ഒരു സ്ത്രീയെ ഒരു വനിതാ സദാചാര പോലീസ് ഉദ്യോഗസ്ഥ തല്ലിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ലോകമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇറാന്‍ വനിതാ കാര്യ വൈസ് പ്രസിഡന്റ് മസൗമെ എബ്തേക്കര്‍ ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്