WORLD

ഇറാഖില്‍ തെരുവിലിറങ്ങി സദര്‍ അനുകൂലികള്‍; പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി, പ്രതിഷേധക്കാരെ നേരിട്ട് സൈന്യം

വെബ് ഡെസ്ക്

ഷിയ ജനകീയ നേതാവ് മുഖ്താദ അല്‍ സദര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ പ്രക്ഷോഭം ശക്തമാകുന്നു. അല്‍ സദര്‍ അനുകൂലികള്‍ ഇറാഖ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ കാവല്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തടസപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലും മറ്റ് പ്രധാന നഗരങ്ങളിലും സദര്‍ അനുകൂലികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതാണ് ഇറാഖിലെ കാഴ്ച.

പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം ഇറങ്ങുകയും വെടിവെപ്പ് നടത്തുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. നിരവധിപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മുഖ്താദ അല്‍ സദര്‍

തന്‌റെ അനുയായികള്‍ക്ക് നേരെയുള്ള നടപടികള്‍ സുരക്ഷാ സേന അവസാനിപ്പിക്കുന്നത് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ് അല്‍ സദര്‍. രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനൊപ്പം പാര്‍ട്ടി പിരിച്ചുവിടുന്നതായും ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നും ഇന്നലെ മുഖ്താദ അല്‍ സദര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ബാഗ്ദാദ് കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമായത്.

പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഇന്ന് അടച്ചിടും. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം പ്രധാനമന്ത്രി അവധി പ്രഖ്യാപിച്ചു.

സദര്‍ അനുകൂലികളുടെ പ്രതിഷേധം

ഇറാഖിലെ ഷിയാ സമൂഹത്തിനറെ ആത്മീയ നേതാവ് ആയത്തുല്ല ഖാദം അല്‍ ഹൈരി മതനേതൃത്വം ഒഴിയുന്നതായി പ്രഖ്യാപിച്ചതോടെയാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം. ഇനിമുതല്‍ ഇറാനിലെ ആയത്തുല്ല അലി ഖമൈനിയെ പിന്തുണയ്ക്കണമെന്ന് ഷിയാ സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാഖിലെ വിശുദ്ധ സ്ഥലമായ നജാഫിലെ ഷിയാ ആത്മീയ കേന്ദ്രത്തെ തള്ളിയ ആയത്തുല്ല ഖാദം അല്‍ ഹൈരിയുടെ ഈ നടപടി അല്‍ സദറിന് വലിയ തിരിച്ചടിയായിരുന്നു.

ഇതേ തുടര്‍ന്നാണ് രാഷ്ട്രീയം വിടുകയാണെന്നും പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നും അല്‍ സദര്‍ ഇന്നലെ ട്വീറ്റ് ചെയ്തത്. ഇറാന്‍ അനുകൂലികള്‍ സര്‍ക്കാരുണ്ടാക്കുന്നതിനെ എതിര്‍ത്തും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് അല്‍ സദര്‍ അനുയായികള്‍ കഴിഞ്ഞമാസവും പാര്‍ലമെന്‌റ് മന്ദിരത്തിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറി പ്രതിഷേധിച്ചിരുന്നു.

അല്‍ സദറിന്‌റെ പ്രഖ്യാപനത്തെ തന്ത്രപരമായ രാഷ്ട്രീയ നീക്കമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത് . നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനകീയ പിന്തുണ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുമ്പോള്‍ പരമാവധി സ്വാധീനമുണ്ടാക്കിയെടുക്കുക എന്നതാണ് സദറിന്‌റെ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ആയുധങ്ങള്‍ എടുക്കാതെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മസൗദ് ബര്‍സാനി ആവശ്യപ്പെട്ടു. ജനകീയ താല്‍പര്യം കണക്കിലെടുത്താവണം ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ബര്‍സാനി പറഞ്ഞു.

പരസ്പരം ഏറ്റുമുട്ടാതെ, അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ഇറാഖിലെ യുഎസ് അംബാസഡര്‍ അലിന റൊമാനോവ്‌സ്‌കി ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനും നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു. ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് തുര്‍ക്കി അവരുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇറാഖി ജനതയുടെ ക്ഷേമം ഉറപ്പാക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. പൗരന്മാരോട് ഇറാഖ് വിടാന്‍ കുവൈത്തും നിര്‍ദേശം നല്‍കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും