WORLD

റഷ്യന്‍ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവിനെ നീക്കി പുടിൻ, യുക്രെയ്ൻ അധിനിവേശത്തിനുശേഷമുള്ള പ്രധാന പുനഃസംഘടന

സാമ്പത്തിക ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള മുൻ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് പകരക്കാരനായി എത്തുമെന്നാണ് വിവരം

വെബ് ഡെസ്ക്

റഷ്യയുടെ നേതാവായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഭരണതലപ്പത്ത് അഴിച്ചുപണിയുമായി വ്ളാദിമിർ പുടിൻ. അഴിച്ചുപണിയിൽ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗു പുറത്തായി. രണ്ടു വർഷം മുൻപ് ആരംഭിച്ച യുക്രെയ്ൻ അധിനിവേശത്തിനു നേതൃത്വം നൽകിയ ഷൊയ്‌ഗു, പുടിന്റെ വിശ്വസ്തരിൽ ഒരാളാണ്. സാമ്പത്തികശാസ്ത്രത്തിൽ പ്രാവീണ്യമുള്ള മുൻ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് പകരക്കാരനായി എത്തുമെന്നാണ് വിവരം. യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പുനഃസംഘടനയാണിത്.

റഷ്യയ്ക്കുവേണ്ടി യുക്രെയ്നിൽ ആക്രമണത്തിനു ചുക്കാൻ പിടിച്ച കൂലിപ്പടയാളി സംഘം വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ 2023ൽ സെർഗെയ് ഷൊയ്ഗുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അന്ന് അതിന് തയാറാകാതെ വന്നതോടെയാണ് പ്രിഗോഷിൻ പുടിനെതിരെ കലാപക്കൊടി ഉയർത്തുന്നതും മോസ്‌കോ ലക്ഷ്യമാക്കി സൈനിക മാർച്ച് നടത്തിയതും.

ഷൊയ്ഗു പുടിനൊപ്പം

എന്നാല്‍, റഷ്യയുടെ ശക്തമായ സുരക്ഷാ കൗൺസിലിൻ്റെ മേധാവിയായി സ്ഥാനമേറ്റെടുക്കാൻ ഷൊയ്ഗുവിനോട് പുടിൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ് ഷൊയ്ഗു. അടിയന്തര സേവനവിഭാഗം മന്ത്രിയായിരുന്ന അദ്ദേഹം 2012ലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014ൽ യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചെടുക്കുന്നതിലൂടെയാണ് ഷൊയ്ഗു കൂടുതൽ സ്വീകാര്യനാകുന്നത്. റഷ്യൻ സൈന്യത്തിന്റെ നവീകരണമെല്ലാം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.

മന്ത്രിസഭയിലെ പുടിന്റെ വിശ്വസ്തരിൽ മുൻപന്തിയിലുള്ള നേതാവായിരുന്നു ഷൊയ്ഗു. പുടിൻ നടത്തുന്ന സൈബീരിയൻ യാത്രകളിലും ഏർപ്പെടുന്ന വിനോദങ്ങളിലുമെല്ലാം ഷൊയ്ഗുവിനെയും കൂടെ കൂട്ടാറുണ്ടായിരുന്നു. അതിനാലാണ് ഷൊയ്ഗുവിന്റെ സ്ഥാനമാറ്റം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. അതേസമയം, യുക്രെയ്ൻ അധിനിവേശവും പ്രിഗോഷിന്റെ അട്ടിമറി ശ്രമവുമെല്ലാം ഷൊയ്ഗുവിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. കൂടാതെ,കഴിഞ്ഞ മാസമാണ് വലിയ തോതിലുള്ള അഴിമതി നടത്തിയെന്നാരോപിച്ച് ഷൊയ്ഗുവിന്റെ അടുത്തയാളായ ടിമൂർ ഇവാനോവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നത്. നിലവിലുണ്ടായിരിക്കുന്ന ചീത്തപ്പേരുകളിൽനിന്ന് ഷൊയ്ഗുവിന്റെ മുഖം രക്ഷിക്കാൻ പുടിൻ നടത്തുന്ന ശ്രമമായും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

റഷ്യയുടെ യുദ്ധച്ചെലവ് വൻതോതിൽ വർധിച്ചതിനാലാണ് പ്രതിരോധ മന്ത്രാലയത്തെ നയിക്കാൻ മുതിർന്ന സാമ്പത്തിക വിദഗ്ധനായ ബെലോസോവിനെ നിയമിക്കാൻ പുടിൻ തീരുമാനിച്ചതെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ