WORLD

യുക്രെയ്ൻ യുദ്ധം: ചൈനയുടെ മധ്യസ്ഥയിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

സമാധാനം പുനഃസ്ഥാപിക്കുന്നത് നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രമാണ് ഷി ജിന്‍ പിങിന്റെ മോസ്കോ സന്ദർശനമെന്ന് അമേരിക്ക കുറ്റപ്പെടുത്തി

വെബ് ഡെസ്ക്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിൻ. റഷ്യയിൽ ത്രിദിന സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങൾ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പറഞ്ഞു. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ യുദ്ധം അവസാനിപ്പിക്കുക, സമാധാന ചർച്ചകൾ പുനഃരാരംഭിക്കുക തുടങ്ങി 12 നിർദേശങ്ങളാണ് ചൈന റഷ്യയ്ക്ക് മുൻപിൽ വച്ചിരിക്കുന്നത്. ചൈന മുന്നോട്ടുവച്ച സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തേയും പുടിൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഷിയുടെ റഷ്യൻ സന്ദർശനത്തെ അമേരിക്ക വിമർശിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നത് നീട്ടി കൊണ്ടുപോവാനുള്ള തന്ത്രമാണ് ഷി ജിന്‍ പിങിന്റെ മോസ്കോ സന്ദർശനമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ലോകവും ചൈനയുടെ അയൽരാജ്യങ്ങളും ഈ കൂടിക്കാഴ്ചയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ പിന്തുണയോടെ, സ്വന്തം വ്യവസ്ഥകളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ ഒരു തന്ത്രപരമായ നീക്കത്തിലും ലോകം വഞ്ചിതരാകരുതെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഷീയുടെ സന്ദർശനത്തിൽ ആയുധ കരാറുകൾ ഒപ്പിടുന്നതിനെതിരെ അമേരിക്കയും നാറ്റോ രാജ്യങ്ങളും നേരത്തെ മുന്നറിപ്പ് നൽകിയിരുന്നു. ഷീയുടെ റഷ്യന്‍ സന്ദര്‍ശനം യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും സസൂക്ഷ്മം വീക്ഷിച്ചുവരികയാണ്.

യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമുള്ള ചൈനീസ് പ്രസിഡന്റിന്റെ ആദ്യ റഷ്യൻ സന്ദർശനമാണിത്. ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ഇന്ന് ആരംഭിക്കും. ചില സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച നാലര മണിക്കൂറോളം ഇരുവരും അനൗപചാരിക ചർച്ചകൾ നടത്തിയതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനുള്ള ചൈനയുടെ നിർദ്ദേശങ്ങളെ ബഹുമാനത്തോടെയാണ് താൻ കാണുന്നതെന്ന് പുടിൻ ഷിയോട് പറഞ്ഞു. സമീപ കാലങ്ങളിൽ ചൈനയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ അൽപ്പം അസൂയയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിൻ പ്രതികരിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പുടിൻ ഷിയെ അഭിനന്ദിക്കുകയും കൂടുതൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കാൻ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

സന്ദർശനം റഷ്യ-ചൈന ബന്ധത്തിന്റെ ആക്കം കൂട്ടുമെന്ന് ഷി ജിൻ പിങ് പ്രതികരിച്ചു. പുടിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, റഷ്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്തിയെന്നും ഷി ജിൻ പിങ് പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയുള്ള ഷി ജിന്‍ പിങിന്റെ റഷ്യ സന്ദർശനം പുടിന് രാഷ്ട്രീയ ഉയർച്ച നൽകുമെന്നാണ് വിലയിരുത്തൽ. ''സമാധാനത്തിന്‌റെ യാത്ര''യെന്നാണ് റഷ്യന്‍ സന്ദര്‍ശനത്തെ ചൈന വിശേഷിപ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ