WORLD

എന്താണ് ന്യൂ സ്റ്റാർട്ട് ആണവ നിയന്ത്രണ കരാർ? റഷ്യ അത് താത്ക്കാലികമായി നിർത്തുമ്പോഴുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെ?

വേണ്ടി വന്നാല്‍ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നടത്തിയ പ്രസംഗത്തിലാണ്, അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് റഷ്യ പിന്മാറുന്നതായി പ്രഖ്യാപിച്ചത്. 2010ൽ ഇരുരാജ്യങ്ങളും ഒപ്പിട്ട ന്യൂ സ്റ്റാർട്ട് എന്ന ആണവ നിയന്ത്രണ കരാറിലെ പങ്കാളിത്തമാണ് റഷ്യ അവസാനിപ്പിച്ചത്. വേണ്ടി വന്നാല്‍ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍ പൂർണമായും ഉടമ്പടി ഉപേക്ഷിക്കുന്നില്ലെന്നും അമേരിക്കയുമായുള്ള പങ്കാളിത്തം മാത്രമാണ് താത്ക്കാലികമായി നിർത്തിയതെന്നുമാണ് പുടിൻ പറഞ്ഞത്.

രണ്ട് ദിവസം മുന്‍പ് ബൈഡന്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ചിച്ചതിന് പിന്നാലെയാണ് പുടിന്‍ സുപ്രധാന പ്രഖ്യാപനവുമായി രംഗത്തെത്തിയത്

എന്താണ് ന്യൂ സ്റ്റാർട്ട് കരാർ?

2010 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും ചേര്‍ന്നാണ് ഈ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഇരുരാജ്യങ്ങൾ‍ക്കും വിന്യസിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് കരാർ. ലോകത്തിലെ ആണവായുധങ്ങളുടെ 90 ശതമാനവും അമേരിക്കയ്ക്കും റഷ്യയ്ക്കും സ്വന്തമാണ്. കരാർ പ്രകാരം ഇരുരാജ്യങ്ങൾക്കും കൈവശം വയ്ക്കാവുന്ന ആണവായുധങ്ങളുടെ എണ്ണം 1550ഉം, ദീർഘദൂര മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700ഉം ആണ്. 2011 മുതല്‍ ഈ ഉടമ്പടി പ്രാബല്യത്തില്‍ വരികയും ചെയ്തു. അതിന് ശേഷം 2021ല്‍ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതോടെ കരാര്‍ അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് ബൈഡന്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ചിച്ചതിന് പിന്നാലെയാണ് പുടിന്‍ സുപ്രധാന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

ഉടമ്പടി ലംഘിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ ഇരുഭാഗത്തുള്ളവര്‍ക്കും ഓരോ വര്‍ഷം അവരുടെ ആണവായുധ കേന്ദ്രങ്ങളില്‍ 18 തവണ പരിശോധന നടത്താനുമാകും. എന്നാല്‍ കോവിഡിനെ തുടർന്ന് കരാർ പ്രകാരമുള്ള പരിശോധനകൾ 2020 മാർച്ചിൽ നിർത്തിവച്ചു. പരിശോധകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മില്‍ ഈജിപ്തില്‍ ചര്‍ച്ച നടക്കേണ്ടതായിരുന്നു. എന്നാല്‍ റഷ്യ അത് മാറ്റിവയ്ക്കുകയായിരുന്നു.

ആണവായുധ നീക്കങ്ങളുടെയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ കൈമാറുന്നത് റഷ്യ ഈ സമയത്ത് നിര്‍ത്തിയാല്‍ അത് ഗുരുതരമായ തിരിച്ചടിയായിരിക്കും

റഷ്യ അത് താത്ക്കാലികമായി നിർത്തുമ്പോഴുള്ള അപകടസാധ്യതകൾ എന്തൊക്കെയാണ്?

ഉടമ്പടിയില്‍ നിന്നുള്ള റഷ്യയുടെ പിന്മാറല്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉടമ്പടിയുടെ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നുണ്ടെങ്കിലും ഇനിമുതല്‍ ആണവായുധ പരിശോധനകള്‍ നടത്താന്‍ അമേരിക്കയ്ക്ക് ബുദ്ധിമുട്ടായിരിക്കും. ആണവായുധ നീക്കങ്ങളുടെയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ കൈമാറുന്നത് റഷ്യ ഈ സമയത്ത് നിര്‍ത്തിയാല്‍ അത് ഗുരുതരമായ തിരിച്ചടിയായിരിക്കും. പ്രത്യേകിച്ച് യുക്രെയ്ന്‍ അധിനിവേശം റഷ്യ തുടരുന്ന സാഹചര്യത്തില്‍. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക റഷ്യയെ സമീപിക്കാനാണ് പുടിന്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ യുദ്ധം നിര്‍ത്തുന്നതിനാവശ്യമായ നിബന്ധനകള്‍ നിര്‍ദേശിക്കാന്‍ റഷ്യയ്ക്കായിരിക്കും അധികാരം.

യുക്രെയ്നും റഷ്യയും തമ്മില്‍ വെറും പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്

യുക്രെയ്നുമായുള്ള തര്‍ക്കം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത്. അവരുടെ ഇടപെടലാണ് യുദ്ധ സമാനമായ സാഹചര്യം ഇവിടെ സൃഷ്ടിച്ചതെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പുടിന്റെ ഈ പരാമര്‍ശം. യുക്രെയ്നും റഷ്യയും തമ്മില്‍ വെറും പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ ഇത് കൂടുതല്‍ വഷളാക്കി. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമാവശ്യമായ എല്ലാ വിഭവങ്ങളും റഷ്യയിലുണ്ടെന്നും പ്രസംഗത്തിനിടെ പുടിന്‍ പറഞ്ഞു.

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്, പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ