WORLD

മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ വധശിക്ഷ: ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍ കോടതി, വാദം ഉടന്‍

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്

വെബ് ഡെസ്ക്

എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തീയതി ഖത്തര്‍ കോടതി ഉടന്‍ നിശ്ചയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തർ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും വധശിക്ഷ ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്.

പൂര്‍ണേന്ദു തിവാരിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്ര റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. അല്‍ ദഹ്റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹമാധ്യമമായ എക്‌സി(അന്ന് ട്വിറ്റര്‍)ലൂടെയായിരുന്നു ഇവര്‍ സംഭം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. '' 57 ദിവസമായി എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ദോഹയില്‍ അനധികൃത തടങ്കലിലാണ്. ഇവരെ വൈകാതെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു,'' എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് മീതു ഭാര്‍ഗവ എന്ന അക്കൗണ്ടില്‍ വന്ന ട്വീറ്റ്.

ചാരവൃത്തിയാണ് ശിക്ഷയുടെ കാരണമെന്ന് പരക്കെ സൂചനകളുണ്ടെങ്കിലും തടവിലാക്കിയതിന്റെ കാരണം ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേര്‍ക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍