WORLD

ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ; നയംമാറ്റം യുഎസ് സമ്മർദത്തെത്തുടര്‍ന്ന്‌

2012 മുതൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ഓഫീസ് പ്രവർത്തിക്കുന്നത് ദോഹയിലാണ്

വെബ് ഡെസ്ക്

യുഎസ് സമ്മർദത്തിന് വഴങ്ങി നയംമാറ്റി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ നിർദേശം നൽകി. 10 ദിവസം മുൻപാണ് ഖത്തർ ഹമാസിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് നയംമാറ്റമെന്ന് പേര്‌ വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടാനാണ് നിർേദശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല.

സിറിയൻ ആഭ്യന്തരയുദ്ധത്തിന് പിന്നാലെ 2012 മുതൽ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്. സമാധാന കരാറിന് വഴങ്ങാൻ ഹമാസിനോട് നിർദേശിക്കണമെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. പലസ്തീൻ - ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമായുള്ള ബന്ദി മോചനം അംഗീകരിക്കാത്ത ഹമാസിന്റെ നടപടിക്ക് പിന്നാലെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ദോഹയിൽ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ അറിയിച്ചു. ഹമാസ് ഖത്തറിൽ തുടരുന്നത് ഖത്തർ - അമേരിക്ക ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ്‌ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രയേൽ - പലസ്തീൻ വിഷയത്തിൽ യുഎസിനും ഈജിപ്തിനുമൊപ്പം ഖത്തറും മധ്യസ്ഥ ചർച്ചകളുടെ ഭാഗമാണ്. ഒക്ടോബറിൽ ഇടക്കാല വെടിനിർത്തൽ നീക്കങ്ങളിൽ നടന്ന മധ്യസ്ഥ ചർച്ചകളെ ഹമാസ് തള്ളിയതാണ് ഏറ്റവും ഒടുവിൽ അമേരിക്കയെ പ്രകോപിപ്പിച്ചത്. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളിൽ ഹമാസിന്റെ നേതാക്കൾ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉന്നത വൈറ്റ്ഹൗസ്‌ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരുതരത്തിലും സമാധാന കരാറിന്റെ ഭാഗമാകാൻ ഹമാസ് സന്നദ്ധമല്ലാത്തതിനാലാണ് ഈ നിലപാട്. ദോഹയിൽ ഹമാസ് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് കോൺഗ്രസിലും സെനറ്റിലും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഖത്തറിലുള്ള ഹമാസ് നേതാക്കളുടെ അക്കൗണ്ടുംവസ്തുവകകളും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ സെനറ്റർമാർ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്തും നൽകി. ഹമാസ് നേതാക്കളെ ഖത്തറിൽനിന്ന് പൂർണമായും പുറത്താക്കണമെന്നും ഇവർ നിർദേശിച്ചിരുന്നു.

ഹമാസ് ഓഫീസ് ദോഹയിൽ തുടരുന്നതിന് യാതൊരു തടസവുമുണ്ടാകില്ലെന്ന് നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽത്താനി ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇത് പാടെ തള്ളുന്ന നിലപാട് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എത്ര ഹമാസ് നേതാക്കൾ ദോഹയിലുണ്ടെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ ദോഹയിലുള്ള ഹമാസ് നേതാക്കളിൽ ചിലർ യഹ്യ സിൻവാറിന്റെ പിൻഗാമിയാകാൻ വരെ സാധ്യതയുള്ളതായി വിലയിരുത്തപ്പെട്ടവരാണ്. ഇതും അമേരിക്ക ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെടണമെന്ന അമേരിക്കൻ നിർദേശം ആദ്യഘട്ടത്തിൽ ഖത്തർ സ്വീകരിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ വഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി