അപ്പോളോ 11 ചന്ദ്രനിലേക്ക് അയക്കാൻ സഹായിച്ച ആദ്യത്തെ പ്രവർത്തന ഹൈഡ്രജൻ-ഓക്സിജൻ ഇന്ധന സെൽ കണ്ടുപിടിച്ച ഫ്രാൻസിസ് തോമസ് ബേക്കണ് ആദരം. കേംബ്രിഡ്ജ് പാസ്റ്റ്, പ്രസൻ്റ് & ഫ്യൂച്ചർ എന്ന ചാരിറ്റിയാണ് കേംബ്രിഡ്ജ്ഷെയറിലെ ലിറ്റിൽ ഷെൽഫോർഡിലുള്ള അദ്ദേഹത്തിൻ്റെ പഴയ വസതിയിലേക്ക് നീല ഫലകം നൽകി ആദരിച്ചത്. ബേക്കന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുക എന്ന ഉദ്ദേശത്തോടെയാണ് ആദരം.
ഏകദേശം 70 വർഷം മുൻപാണ്, ലോക ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമായ മൂൺ ലാൻഡിങ്ങിന് ടോം ബേക്കന്റെ ശുദ്ധമായ ഗ്രീൻ എനർജി കരുത്ത് പകർന്നത്. എന്നാൽ കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ഈ എഞ്ചിനീയറെ വളരെ കുറച്ച് ആളുകൾക്ക് മാത്രമായാണ് അറിയാവുന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ഇന്നും പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കുന്ന ശാസ്ത്രജ്ഞർക്ക് വലിയ പ്രചോദനമാണ്.
ബേക്കണിന്റെ ഇന്ധന സെല്ലുകൾക്ക് അദ്ദേഹത്തിനോടുള്ള ബഹുമാനാർഥം നാസ 'ബേക്കൺ സെല്ലുകൾ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ സെല്ലുകൾ അപ്പോളോ ദൗത്യങ്ങൾക്ക് ദ്വിതീയ ശക്തി നൽകിയിരുന്നു. ആശയവിനിമയം, എയർ കണ്ടിഷനിംഗ്, ലൈറ്റിംഗ്, ബഹിരാകാശ യാത്രക്കുള്ള വെള്ളം എന്നിവക്കുള്ള വൈദ്യുതി ഉൽപ്പാദിപ്പിച്ചത് ബേക്കൺ സെല്ലുകൾ ആയിരുന്നു.
"സാധാരണഗതിയിൽ, കാലക്രമേണ, ബാറ്ററി കുറയുന്നു, നിങ്ങൾ അത് റീചാർജ് ചെയ്യണം," 1969-ൽ ചന്ദ്രനിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ബേക്കൺ ബിബിസി റേഡിയോ 4- നോട് പറഞ്ഞു. "ഇപ്പോൾ, ഈ ഉപകരണം അതിലേക്ക് ഹൈഡ്രജനും ഓക്സിജനും നൽകിയാൽ, അതിൽ നിന്ന് വെള്ളം തിരിച്ചെടുക്കാം. അത് അനിശ്ചിതമായി വൈദ്യുതി ഉൽപ്പാദിപ്പിക്കും - ബഹിരാകാശയാത്രികർ വെള്ളം കുടിക്കാം," അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധന സെല്ലുകളുടെ കാര്യക്ഷമതയും ഉയർന്ന ഊർജ സാന്ദ്രതയും അപ്പോളോ ദൗത്യങ്ങളുടെ വിജയത്തിൽ അവിഭാജ്യ പങ്ക് വഹിച്ചു. "ടോം, നിങ്ങളില്ലാതെ ഞങ്ങൾ ചന്ദ്രനിൽ എത്തില്ലായിരുന്നു." ഒരിക്കൽ അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ ബേക്കണോട് പറഞ്ഞു. പിൽക്കാലത്തെ ശാസ്ത്രവളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നുണ്ട്. “അദ്ദേഹം ഒരു പയനിയറായിരുന്നു. ബഹിരാകാശ പ്രോഗ്രാമിന് ഫ്യൂവൽ സെൽ സാങ്കേതികവിദ്യ വളരെ പ്രധാനമാണ്. കാരണം നിങ്ങൾക്ക് തുടർച്ചയായി വാതകങ്ങൾ വിതരണം ചെയ്യാൻ കഴിയുന്നിടത്തോളം കാലം നിങ്ങൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. ബഹിരാകാശം പോലെയുള്ള ഒരു വിദൂര സ്ഥലത്ത് ഇത് പ്രധാനമാണ്. വ്യക്തമായും, അവിടെ വൈദ്യുതി എത്തിക്കാൻ മറ്റ് എളുപ്പമുള്ള മാർഗമില്ല,” കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ എനർജി മെറ്റീരിയലുകളുടെയും ഒപ്‌റ്റോഇലക്‌ട്രോണിക്‌സിൻ്റെയും പ്രൊഫസറായ സാം സ്‌ട്രാങ്ക്‌സ് പറയുന്നു.
സൗരോർജ്ജം, ഹൈഡ്രജൻ ഉൽപ്പാദനം, ബാറ്ററി സംഭരണം എന്നിവയ്‌ക്കായുള്ള പുതിയ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് ബേക്കൻ്റെ നേട്ടങ്ങൾ ഇപ്പോഴും പ്രചോദനമാണ്.