2022ല്‍ നിരവധി രാജ്യങ്ങള്‍ ഇൻ്റർനെറ്റ് സേവനം കുറച്ചതായി റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം ലോകത്തെ 35ഓളം രാജ്യങ്ങൾ പലകാരണങ്ങള്‍ കൊണ്ട് 187 തവണയാണ് ഇൻ്റർനെറ്റ് സേവനം നിര്‍ത്തലാക്കിയത്. ഇന്ത്യ, മ്യാന്‍മാര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിയില്‍ മുന്നില്‍. ഡിജിറ്റല്‍ അവകാശ ഗവേഷകരായ അക്സ്സ് നൗ, കീപ് ഇറ്റ് ഓണ്‍ കൊഅലൈഷേൻ എന്നിവ നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.
രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെ ഫലമായാണ് പല രാജ്യങ്ങളും ഇൻ്റർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പകുതിയിലധികവും നടന്നിരിക്കുന്നത് ഇന്ത്യയിലാണെന്നതാണ് മറ്റൊരു വസ്തുത. തുടര്‍ച്ചയായി അഞ്ച് തവണയാണ് ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കണക്കുകള്‍ പ്രകാരം 2022ല്‍ കുറഞ്ഞത് 84 തവണയാണ് ഇന്ത്യയില്‍ ഇൻ്റർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രധാനമായും ജമ്മു-കശ്മീരിലെ വിഷയങ്ങളാണ് ഇതിനിടയാക്കിയത്. കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്തെ പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ നൂറു ദിവസത്തിലധികം ഇൻ്റർനെറ്റ് സേവനങ്ങള്‍ സർക്കാർ നിയന്ത്രിച്ചു.
ഹിജാബ് അടക്കമുള്ള ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളാണ് ഇറാനിലെ ഇൻ്റർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണം. 18 തവണയാണ് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏഴ് തവണയാണ് മ്യാന്‍മാര്‍ ഭരണകൂടം ഇൻ്റർനെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം 22 തവണ യുക്രെയ്‌നിലെ ഇൻ്റർനെറ്റ് സേവനങ്ങള്‍ വിഛേദിക്കുന്നതിന് കാരണമായി. കൂടാതെ അധിനിവേശ പ്രദേശങ്ങളിലെ സേവനങ്ങള്‍ സെന്‍സര്‍ ചെയ്തതായും പറയപ്പെടുന്നു.
കൊലപാതകങ്ങള്‍, ബലാത്സംഗം, വംശീയ ഉന്മൂലനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏതോപ്യയിലെ വിമത മേഖലയായ ടിഗ്രയിലെ നിയന്ത്രണത്തിന് കാരണമായി. രണ്ടുവര്‍ഷക്കാലമാണ് ഈ നിയന്ത്രണം നീണ്ടു നിന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ നിയന്ത്രണമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ നിയന്ത്രണം പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയത്. 2021ല്‍ 12 രാജ്യങ്ങളാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ രേഖപ്പെടുത്തിയതെങ്കില്‍ 2022ല്‍ ഇത് അഞ്ചായി ചുരുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യം ഇതാണെങ്കില്‍ കൂടി ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാകിസ്താന്‍, ഗോട്ടിമല, സിംബാബ് വെ, ഡിആര്‍സി എന്നിവിടങ്ങളിലെ സ്ഥിതി എന്താകുമെന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്.