ദക്ഷിണ യൂറോപ്പിൽ കടുത്ത ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ 16 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോം, ഫ്ലോറൻസ്, ബൊലോഗ്ന തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളയിടങ്ങളിലാണ് റെഡ് അലർട്ട്. അടുത്തയാഴ്ച യൂറോപ്പിൽ വീണ്ടും ഉഷ്‌ണതരംഗം കടുക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി.
രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കുമിടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് സർക്കാർ
ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ സ്ഥിതി അതിരൂക്ഷമായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇഎസ്എയുടെ ഉപഗ്രഹങ്ങൾ വഴി കരയുടെയും കടലിന്റെയും താപനിലയിൽ നടത്തിയ വിശകലനത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. ആഗോള തലത്തിൽ ചൂടിന്റെ തോത് തീവ്രവും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായി മാറുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ആളുകൾ രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കുമിടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. പ്രായമായവരും കുട്ടികളും സാഹചര്യങ്ങള്‍ മുൻനിർത്തി പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
അതേസമയം ഗ്രീസിൽ കഴിഞ്ഞ ദിവസം 40C (104F) താപനില രേഖപ്പെടുത്തി. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അക്രോപൊളീസ് വെള്ളിയാഴ്ച ചൂട് കൂടിയതിനാൽ അടച്ചിട്ടു. ശക്തമായ കാറ്റുള്ള പ്രദേശങ്ങളിൽ കാട്ടുതീ പടരാനുള്ള സാധ്യതയും ആശങ്കയായി നിലനിൽക്കുന്നുണ്ട്. 2021ൽ സമാനമായ സാഹചര്യത്തിൽ കാട്ടു തീ പടർന്നിരുന്നു.
ഫ്ലോറിഡ മുതൽ ടെക്‌സാസ്, കാലിഫോർണിയ, വടക്ക്-പടിഞ്ഞാറൻ സംസ്ഥാനമായ വാഷിംഗ്ടൺ വരെയുള്ള 113 ദശലക്ഷം അമേരിക്കക്കാരെയാണ് ഉഷ്‌ണതരംഗം ബാധിക്കുന്നത്
ജർമനി,പോളണ്ട് തുടങ്ങിയ മധ്യയൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിൽ വാരാന്ത്യത്തിൽ താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ സാധാരണ താപനിലയിൽ നിന്നും അസാധാരണമാം വിധം ഉയർന്നതാണ്. യുഎസ്, ചൈന, വടക്കേ ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലും ഉഷ്ണതരംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎസിൽ വാരാന്ത്യത്തിൽ ഉഷ്‌ണതരംഗം കൂടുതൽ തീവ്രമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ലോറിഡ മുതൽ ടെക്‌സാസ്, കാലിഫോർണിയ, വടക്ക്-പടിഞ്ഞാറൻ സംസ്ഥാനമായ വാഷിംഗ്ടൺ വരെയുള്ള 113 ദശലക്ഷം അമേരിക്കക്കാരെയാണ് ഉഷ്‌ണതരംഗം ബാധിക്കുന്നത്. വരും ദിവസങ്ങളിൽ ഏകദേശം 27 ദശലക്ഷം ആളുകൾക്ക് 110F (43C) യിൽ കൂടുതൽ താപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, യുകെയിൽ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്.