ഇസ്രയേല്‍ ഹമാസ് യുദ്ധം നിലയ്ക്കാതെ പുരോഗമിക്കുമ്പോള്‍ പശ്ചിമേഷ്യയെ ആശങ്കയിലേക്ക് തള്ളിവിട്ട് ചെങ്കടലിലും സംഘര്‍ഷഭീതി ഉടലെടുക്കുന്നു. ചെങ്കടലിനെ സുരക്ഷിതമാക്കുക എന്ന പേരില്‍ അമേരിക്ക നടത്തുന്ന ഇടപെടലാണ് പുതിയ സാഹചര്യങ്ങള്‍ക്ക് കാരണം. ലോക വ്യാപാര ശൃംഗലയെ തന്നെ ബാധിക്കുന്നതാണ് ചെങ്കടലിലെ സാഹചര്യങ്ങള്‍ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
യെമനിലെ ഹൂതികള്‍ക്ക് നേരെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിനുള്ള ഭീഷണി ഒഴിവാക്കുക ലക്ഷ്യമിട്ടാണ് തങ്ങളുടെ നടപടിയെന്നാണ് ആക്രമണങ്ങള്‍ക്ക് ജോ ബൈഡന്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. തുടര്‍ച്ചയായ രണ്ടാം ദിനമാണ് യുഎസ് യെമനിലെ ഹൂതി വിമര്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ബ്രിട്ടനുമായി സംയുക്തമായാണ് ചെങ്കടലിലെ സൈനിക നീക്കം. യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാനും പെന്റഗണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യെമനിലെ ഹൂതികള്‍ക്ക് എതിരായ സൈനിക നീക്കം ഇറാനുള്ള മുന്നറിയിപ്പാണെന്നാണ് ജോ ബൈഡന്റ് നിലപാടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിനെ കപ്പലുകള്‍ക്ക് എതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണ് എന്നാണ് യുഎസ് നിലപാട്. ഇപ്പോഴത്തെ നടപടി ഇറാനുള്ള സ്വകാര്യ മുന്നറിയിപ്പാണ്, തങ്ങള്‍ എന്തിനും തയ്യാറാണ് എന്ന് അറിയിക്കുകയാണെന്നും ബൈഡൻ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചെങ്കടലിലെ ഗതാഗതത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ കപ്പുകള്‍ക്ക് ആഫ്രിക്കന്‍ വന്‍കര ചുറ്റി യാത്ര ചെയ്യേണ്ടിവരും
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍ പാതകളില്‍ ഒന്നാണ് ചെങ്കടല്‍. ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ യെമനിലെ ഹുതി വിമതര്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യം പതിവായതോടെയാണ് കഴിഞ്ഞ ആഴ്ച മുതല്‍ യുഎസ് - യുകെ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ തിരിച്ചടികള്‍ നല്‍കിയത്. കപ്പല്‍ പാത ലക്ഷ്യമിടുന്ന ഹുതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യുഎസ് - യുകെ സൈനിക നടപടി. ആക്രമണങ്ങളില്‍ സനായിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് സാരമായ നാശ നഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സാറ്റലേറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. സനായിലെ ഹുദായദ് മേഖലയിലെ വ്യോമ കേന്ദ്രങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
എന്നാല്‍, സനാ മേഖലയിലേക്ക് അമേരിക്ക ഇന്ന് നടത്തിയ ആക്രമണത്തില്‍ ആളപായമോ നാശനാഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഹൂതി ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി നസ്രെദ്ദീന്‍ അമീര്‍ നല്‍കിയ പ്രതികരണത്തിലാണ് വിശദീകരണം. ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ചെങ്കടലിലെ തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ഹൂതി നേതാവ് ചുണ്ടിക്കാട്ടുന്നു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.
ചെങ്കടലിലെ സാഹചര്യം ലോക വിപണിയെ ബാധിക്കുന്നതെങ്ങനെ
നിലവിലെ സാഹചര്യം ആഗോള വിപണയിലെ എണ്ണവിലയെ ഉള്‍പ്പെടെ ബാധിച്ചേയ്ക്കുമെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ ഇതിനോകം തന്നെ എണ്ണവിലയില്‍ ഒരു ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
യൂകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന മേഖലയാണ് ചെങ്കടല്‍ പാത. ചെങ്കടലിലെ ഗതാഗതത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ കപ്പുകള്‍ക്ക് ആഫ്രിക്കന്‍ വന്‍കര ചുറ്റി യാത്ര ചെയ്യേണ്ടിവരും. ഏകദേശം 3500 നോട്ടിക്കല്‍ മൈലോളം ഇത്തരത്തില്‍ അധികം സഞ്ചരിക്കേണ്ടിവരും. ഇതുണ്ടാക്കുന്ന യാത്രാ ചെലവ് വിതരണ ശൃംഗലയില്‍ 15 ശതമാനത്തിലധികം നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കും. സമസ്ത മേഖലയിലും വിലക്കയറ്റം ഉള്‍പ്പെടെ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.