റെനിൽ വിക്രമസിംഗെ 
WORLD

'ഭരണഘടനാ വിരുദ്ധമായ ഒന്നും സംഭവിക്കാൻ അനുവദിക്കില്ല'; നിലപാട് വ്യക്തമാക്കി റെനില്‍ വിക്രമസിംഗെ

വെബ് ഡെസ്ക്

ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന സൂചനകള്‍ നല്‍കി ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. രാജ്യത്ത് ഭരണഘടനാ വിരുദ്ധമായി ഒന്നും സംഭവിക്കാന്‍ അനുവദിക്കില്ലെന്നും ചുമതലയേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 20 ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള നീക്കങ്ങള്‍ക്കിടയിലാണ് വിക്രമസിംഗെ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജിക്കത്ത് ലഭിച്ചതായി ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയുടെ ഔദ്യോഗിക സ്ഥിരീകരണത്തെ തുടര്‍ന്നാണ് ആക്ടിംഗ് പ്രസിഡന്റായി വിക്രമസിംഗെ ചുമതലയേറ്റത്.

“ഭരണഘടന സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. നമ്മുടെ രാജ്യത്ത് ഭരണഘടനാ വിരുദ്ധമായ ഒന്നും സംഭവിക്കാൻ ഒരിക്കലും അനുവദിക്കില്ല. ഞാൻ ഭരണഘടനയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന ആളല്ല. ക്രമസമാധാനം തകർന്നാൽ അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും. ഇന്ധനത്തിന് ക്ഷാമം ഉണ്ടായതുപോലെ വൈദ്യുതിയും, ജലവിതരണവും, ഭക്ഷണ വിതരണവും ഒക്കെ തടസ്സപ്പെട്ടേക്കാം. ഈ അപകടകരമായ അവസ്ഥ നാമെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്” എന്നും വിക്രമസിംഗെ പറഞ്ഞു.

കൊളംബോയിലെ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് ശക്തമായ പരാമർശങ്ങളും വിക്രമസിംഗെ നടത്തി. ശ്രീലങ്കയിൽ നടന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികളെ "ഫാസിസ്റ്റുകൾ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും പകരം സാധാരണ പൗരന്മാരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു "പീപ്പിൾസ് കൗൺസിൽ" സ്ഥാപിക്കണമെന്ന ആവശ്യവും വിക്രമസിംഗെ മുന്നോട്ട് വച്ചു.

ശ്രീലങ്കയിൽ നടന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ ഫാസിസ്റ്റുകൾ ആണ്

ആക്ടിംഗ് പ്രസിഡന്റ് ആയി ചുമതലയേറ്റ വിക്രമസിംഗെ രാഷ്ട്രപതിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. അതിനായി രാഷ്ട്രപതിക്കുള്ള "ഹിസ് എക്‌സലൻസി" എന്ന ബഹുമതി ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്തിന് ഒരു ദേശീയ പതാക മാത്രം ആവശ്യമുള്ളതിനാൽ രാഷ്ട്രപതിയുടെ ഔദ്യോഗിക പതാക നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ശനിയാഴ്ച പാർലമെന്റ് ചേരാനിരിക്കെയാണ് വിക്രമസിംഗെയുടെ പ്രഖ്യാപനങ്ങള്‍.

ജൂലൈ 20 ന് പാർലമെന്റിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള അണിയറ നീക്കങ്ങൾ നടന്നുവരികെ പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഗോതബയ രാജപക്‌സെയുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്‌എൽപിപി) വിക്രമസിംഗെക്ക് പിന്തുണ പ്രഖ്യാപിച്ചു. വിക്രമ സിംഗെയെ കൂടാതെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മുൻ കരസേനാ മേധാവി ശരത് ഫൊൻസേക, മുൻ മന്ത്രി ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് പ്രധാന എതിരാളികൾ.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശങ്ങൾ ജൂലൈ 19 ന് അവതരിപ്പിക്കുമെന്നും ഭരണഘടനയിലെ വ്യവസ്ഥകൾക്കനുസൃതമായി ജൂലൈ 20 ന് വോട്ടെടുപ്പ് നടക്കുമെന്നും ലങ്കൻ പാർലമെന്റിലെ കമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു.

മഹിന്ദ യാപ അബേവർധന

നേരത്തെ പ്രസിഡന്റ് ഗോതബായയുടെ രാജിക്കത്ത് ലഭിച്ച വിവരം ജനങ്ങളുടെ പ്രതിഷേധങ്ങളെത്തുടർന്ന് പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ലങ്കയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഗോതബയ സിംഗപ്പൂരിൽ നിന്ന് ഇ-മെയിലായി അയച്ച രാജിയായിരുന്നു സ്പീക്കർ അംഗീകരിച്ചത്.

“എത്രയും വേഗം ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. അതിന് ആവശ്യമായ പാർലമെന്ററി കാര്യങ്ങൾ നടത്താനാണ് എന്റെ ഉദ്ദേശ്യം. എല്ലാ പാർട്ടി നേതാക്കളും ഇതിന് പിന്തുണ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു” - സ്പീക്കർ അബേവർധന പറഞ്ഞു.

രജപക്‌സേയുടെ രാജിക്കത്തും സ്പീക്കര്‍ വായിച്ചു കേള്‍പ്പിച്ചു.

രജപക്‌സേയുടെ രാജിക്കത്തും സ്പീക്കര്‍ വായിച്ചു കേള്‍പ്പിച്ചു. ശ്രീലങ്കയെ പ്രതിസന്ധിയില്‍ നിന്ന് കര കയറ്റാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം എന്ന ആവശ്യവും രജപക്‌സേ രാജിക്കത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ശനിയാഴ്ച നടന്ന ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സ്പീക്കര്‍ കത്ത് വായിച്ചു കേള്‍പ്പിച്ചു.

മുൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിൽ നിന്നും സിംഗപ്പൂരിലേക്ക് കടക്കുന്നതിന് സഹായിച്ചില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

അതേസമയം ശ്രീലങ്കയിലെ നിലവിലെ സാഹചര്യത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ ശ്രീലങ്കൻ ജനതയെ സഹായിക്കുന്നതിൽ ഇന്ത്യ പ്രകടിപ്പിച്ച പ്രതിബദ്ധത മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും നൽകുമെന്ന് “ഇന്ത്യൻ ഹൈക്കമ്മീഷൻ അഭിപ്രായപ്പെട്ടു. ജനാധിപത്യ മാർഗങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം ഇന്ത്യ തുടരും” എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ അഭിപ്രായം രേഖപ്പെടുത്തിയത്.

ശ്രീലങ്കയിലെ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുന്നതിന് ഇന്ത്യ അടിയന്തരമായി ഇടപെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2022 ൽ മാത്രം ഏകദേശം 3.8 ബില്യൺ യുഎസ് ഡോളറിന്റെ സഹായവും പിന്തുണയും ഇന്ത്യ വേഗത്തിൽ എത്തിച്ചുവെന്നും ഊന്നിപ്പറഞ്ഞു. മുൻ പ്രസിഡന്റ് ഗോതബായ ശ്രീലങ്കയിൽ നിന്ന് പുറപ്പെടുന്നതിനോ യാത്ര ചെയ്യുന്നതിനോ സഹായിച്ചതിൽ ഇന്ത്യക്ക് ഒരു പങ്കുമില്ലെന്നും കൂട്ടിച്ചേർത്തു. അതേ സമയം പാർട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയും മകൻ നമലും ഇപ്പോഴും രാജ്യത്തുണ്ടെന്നാണ് ശ്രീലങ്കൻ മാധ്യമ റിപ്പോര്‍ട്ടുകള്‍.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്