WORLD

ബ്രിട്ടന്‍ - യൂറോപ്യന്‍ യൂണിയന്‍ സഹകരണത്തില്‍ പുതിയ അധ്യായം; വടക്കന്‍ അയര്‍ലന്‍ഡ് വ്യാപാര കരാറില്‍ ധാരണ

നാലുമാസം നീണ്ട ചർച്ചകൾക്ക് ശേഷമാണ് വ്യാപാര നിയമങ്ങള്‍ സംബന്ധിച്ച് കരാറിലെത്തുന്നത്

വെബ് ഡെസ്ക്

ബ്രെക്സിറ്റിന് ശേഷം അനിശ്ചിതത്വത്തിലായ വടക്കൻ അയർലന്‍ഡിലെ വ്യാപാര നിയമങ്ങൾ സംബന്ധിച്ചുള്ള നിർണായക കരാറിലെത്തി ചേര്‍ന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും. നാലുമാസം നീണ്ട തീവ്രമായ ചർച്ചകൾക്ക് ശേഷം വിൻഡ്‌സറിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രധാനമന്തി ഋഷി സുനക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ചേർന്നാണ് കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അയർലന്‍ഡിലും യൂറോപ്പിലും ബ്രെക്സിറ്റിന് ശേഷമുണ്ടായ പിരിമുറുക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ കരാറെന്നാണ് വിശദീകരണം. ഈ നിർണായക മുന്നേറ്റം യൂറോപ്പിയൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായമാകുമെന്ന് ഋഷി സുനക്ക് പ്രശംസിച്ചു.

യുകെയുടെ ഭാഗമായതും എന്നാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ റിപ്പബ്ലിക്ക് ഓഫ് അയർലൻഡുമായി കര അതിർത്തി പങ്കിടുന്നതുമായ വടക്കൻ അയർലണ്ടിലെ അതിർത്തി പരിശോധനകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പലതവണ ചർച്ചകള്‍ക്ക് വിധേയമായിരുന്നു

"ഈ കരാർ നിയമങ്ങളുടെയും ഉടമ്പടികളുടെയും ഭാഷയിൽ എഴുതിയിട്ടുള്ളതാണ്. വാസ്തവത്തിൽ അതിന്റെ വ്യാപ്തി വളരെ വലുതാണ്. കൂടാതെ, ഇത് വടക്കൻ അയർലന്‍ഡിന്റെ സ്ഥിരതയെക്കുറിച്ചാണ്. നമ്മുടെ ഐക്യം ഇനിയും നിലനിൽക്കും " - ഋഷി സുനക് പറഞ്ഞു. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ അയർലൻഡുമായി കര അതിർത്തി പങ്കിടുന്ന വടക്കൻ അയർലന്‍ഡിലെ അതിർത്തി പരിശോധനകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പലതവണ ചർച്ചകള്‍ക്ക് വിധേയമായിരുന്നു. ബ്രെക്സിറ്റ് വടക്കൻ അയർലന്‍ഡില്‍ സൃഷ്ടിച്ച സാഹചര്യം മറികടക്കാൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രസൽസുമായി ഒപ്പുവച്ച നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ ഈ കരാറിൽ പുതുക്കിയിട്ടുണ്ട്. പുതിയ കരാർ വ്യാപാരികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. ബ്രിട്ടനും വടക്കൻ അയർലന്‍ഡും തമ്മിലുള്ള വ്യാപാരം സുഗമമാക്കുകയും എല്ലാ വ്യാപാര നിയന്ത്രണങ്ങളും റദ്ദാക്കുകയും ചെയ്യും. വാറ്റ് നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടും.

കരാർ സംബന്ധിച്ച് അന്തിമ ചർച്ചകൾക്കായി ബ്രിട്ടനിലെത്തിയ ഉർസുല വോൺ, ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. എന്നാൽ, യൂറോപ്യന്‍ യൂണിയനുമായി നടത്തുന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ കനത്ത വിമർശനങ്ങളാണ് സുനക്കിന് നേരിടേണ്ടി വരുന്നത്. രാജാവുമായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ ചൊല്ലിയും വിവാദം ഉടലെടുത്തിട്ടുണ്ട്. യുക്രെയ്‌നിലെ യുദ്ധം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമായാണ് കൂടിക്കാഴ്ചയെ കാണുന്നതെന്ന നിലപാടിലാണ് ബക്കിങ്ഹാം കൊട്ടാരം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്