WORLD

ഇന്ത്യയെ ഭരിച്ച നാടിനെ നയിക്കാന്‍ ഋഷി; മുന്നിലുള്ളത് ദുഷ്‌കരപാത

റഷ്യ-യുക്രൈന്‍ യുദ്ധം കാരണം രൂക്ഷമായ ഊര്‍ജ്ജക്ഷാമവും അതിനുപുറമെ വിലക്കയറ്റവും നാണയപ്പെരുപ്പവും കാരണം ബ്രിട്ടന്റെ സാമ്പത്തികസ്ഥിതിയും രാഷ്ട്രീയവും ഏതാണ്ട് സ്തബ്ധമായ അവസ്ഥയിലാണ്.

എം കെ സന്തോഷ്

നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന്റെ താക്കോല്‍ ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനകിന്. ബ്രിട്ടനിലെ വ്യവസ്ഥ പ്രകാരം 'ഫസ്റ്റ് ലോര്‍ഡ് ഓഫ് ട്രഷറി'യുടെ (സാമ്പ്രദായികമായി പ്രധാനമന്ത്രി) ഔദ്യോഗികവസതിയാണ് നമ്പര്‍ 10. യുകെയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യന്‍ വംശജനായ ആദ്യവ്യക്തിയായി ഋഷി സുനക്. മത്സരിക്കാന്‍ ആവശ്യമായത്ര എംപിമാരുടെ പിന്തുണ കിട്ടാതെ മത്സരരംഗത്ത് നിന്നും എതിരാളിയായ പെന്നി മോര്‍ഡ്വണ്ട് പിന്മാറിയതോടെയാണ് ഋഷിക്ക് പ്രധാനമന്ത്രി സ്ഥാനം ഉറപ്പായത്.

മുന്നോട്ടുള്ള വഴി ഋഷിക്ക് അത്ര എളുപ്പമാവില്ല എന്നത് വസ്തുതയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം കാരണം രൂക്ഷമായ ഊര്‍ജ്ജക്ഷാമവും അതിനുപുറമെ വിലക്കയറ്റവും നാണയപ്പെരുപ്പവും കാരണം ബ്രിട്ടന്റെ സാമ്പത്തികസ്ഥിതിയും രാഷ്ട്രീയവും ഏതാണ്ട് സ്തബ്ധമായ അവസ്ഥയിലാണ്. ബ്രിട്ടനില്‍ സ്ഥിരതയും ഏകത്വവും കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ടോറി പാര്‍ട്ടിയുടെ നേതാവും പുതിയ പ്രധാനമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ജനങ്ങള്‍ക്ക് നല്‍കിയത്. യുകെ ഒരു മഹത്തായ രാജ്യമാണെങ്കിലും, തങ്ങള്‍ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും ഋഷി ജനങ്ങളെ ഓര്‍മിപ്പിച്ചു. ആത്മാര്‍ത്ഥതയോടും വിനയത്തോടും കൂടി ബ്രിട്ടനിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനവും ഋഷി ബ്രിട്ടനിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ആത്മാര്‍ത്ഥതയോടും വിനയത്തോടും കൂടി ബ്രിട്ടനിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം

പ്രധാനമന്ത്രി എന്ന നിലയില്‍ ഋഷിയെ അനവധി വെല്ലുവിളികള്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നികുതിസംബന്ധമായി വെല്ലുവിളികള്‍. കുറഞ്ഞ നികുതി നിരക്കുകളില്‍ വിശ്വസിക്കുന്ന ഒരു കണ്‍സര്‍വേറ്റീവ് നേതാവാണ് അദ്ദേഹം. വരുമാനനികുതിയുടെ കുറഞ്ഞ നിരക്ക് നിലവിലെ 20 ശതമാനത്തില്‍ നിന്നും 16 ശതമാനമായി കുറയ്ക്കുമെന്ന ഋഷിയുടെ വാഗ്ദാനം നിലവിലുണ്ട്. എന്നാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇക്കാര്യം ചെയ്യൂ എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത പാര്‍ലിമെന്റിന്റെ കാലാവധി തീരുന്ന 2029 വരെ വരുമാനനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. നാണയപ്പെരുപ്പം കൂടാന്‍ ഇടയാക്കുന്ന തരത്തില്‍ നികുതി കുറയ്ക്കേണ്ടതില്ല എന്നാണ് ഋഷിയുടെ പ്രഖ്യാപിതനയം. ഏതുതരം ഇളവുകളും ജനങ്ങള്‍ക്ക് നല്‍കുന്നത് ശക്തമായ സാമ്പത്തികവളര്‍ച്ചയുടെ കരുതിലായിരിക്കണം മറിച്ച് കടമെടുത്തിട്ടാവരുത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഏതുതരം വെല്ലുവിളികളെയും നേരിടേണ്ടത് സത്യസന്ധവും സുതാര്യവുമായ നടപടികളിലൂടെ ആകണമെന്നാണ് ഋഷിയുടെ പക്ഷം. കോര്‍പറേഷന്‍ നികുതി 19 ല്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തണമെന്ന് ഋഷി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറിയ ലിസ് ട്രസ് ഈ തീരുമാനം റദ്ധാക്കിയെങ്കിലും അപകടത്തിലേക്ക് നയിച്ച ട്രെസ്സിന്റെ മിനി ബഡ്ജറ്റിനെ തുടര്‍ന്ന് ഈ നടപടി പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു.

2025 ഓടെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ബ്രിട്ടനെ സ്വയംപര്യാപ്തമാക്കും എന്നാണ് ഋഷിയുടെ മറ്റൊരു പ്രഖ്യാപനം. തീരത്തില്‍ നിന്നകലെ സമുദ്രത്തില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ കൂടുതല്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചും ആണവോര്‍ജത്തെ കൂടുതലായി ആശ്രയിച്ചും ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത ആര്‍ജിക്കാമെന്നാണ് ഋഷിയുടെ പ്രഖ്യാപനം.

കുടിയേറ്റം

ഈ വേനല്‍ക്കാലത്ത് ഋഷി പറഞ്ഞത് ഓരോ വര്‍ഷവും ബ്രിട്ടണ്‍ സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം നിശ്ചിതമാക്കുമെന്നാണ്. യുകെയില്‍ അഭയാര്‍ഥികളായി എത്തുന്നവര്‍ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന റുവാണ്ട പദ്ധതി വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലെത്തുന്ന അഭയാര്‍ത്ഥികളെ വണ്‍ വേ ടിക്കറ്റ് കൊടുത്ത് റുവാണ്ടയിലേക്ക് കടത്തിവിടുന്ന പദ്ധതിയാണിത്. ഇത്തരക്കാര്‍ക്ക് റുവാണ്ടയില്‍ അഭയാര്‍ത്ഥി പദ്ധതി പ്രകാരം തുടരാം. ആഫ്രിക്കയില്‍ നിന്നും മറ്റുമുള്ള അഭയാര്‍ത്ഥികള്‍ 'അപകടകരമായും അനധികൃതമായും' ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്നത് തടയാനാണ് ബ്രിട്ടണ്‍ റുവാണ്ട പദ്ധതി നടപ്പിലാക്കുന്നത്. ബ്രിട്ടനില്‍ അഭയം തേടി എത്തുന്നതിന് ആര്‍ക്കൊക്കെ അര്‍ഹതയുണ്ടെന്നതിന്റെ നിര്‍വചനം ദൃഢീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അനധികൃതകുടിയേറ്റത്തെ അന്യരാജ്യങ്ങളുമായുള്ള സഹായ, വ്യാപാര ബന്ധങ്ങലുമായി ബന്ധിപ്പിക്കുമെന്നും മുന്‍പ് പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രചാരണത്തില്‍ ഋഷി മുന്നോട്ടുവച്ചിരുന്നു. 'ബ്രിട്ടന്റെ കുടിയേറ്റനിയമങ്ങളിലും വ്യവസ്ഥകളിലും അനുഗുണമായ മാത്രയില്‍ സാമാന്യബുദ്ധി കുത്തിവെക്കണം' എന്നാണ് ഋഷി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയത്.

ജീവിതച്ചെലവ്: രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍

ബ്രിട്ടനിലെ ഉയരുന്ന ജീവിതച്ചെലവ് കൊണ്ടുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ വ്യക്തതയുള്ള നടപടികള്‍ ഒന്നും തന്നെ ഋഷി വാഗ്ദാനം ചെയ്തിരുന്നില്ല . ഊര്‍ജ്ജത്തിന്മേലുള്ള മൂല്യവര്‍ധിതനികുതി കുറയ്ക്കാന്‍ അഞ്ച് ദശലക്ഷം പൗണ്ടും ജീവിതച്ചെലവ് നേരിടാന്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കിവരുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പോലുള്ള പദ്ധതികള്‍ക്ക് അഞ്ച് ദശലക്ഷം പൗണ്ടും നീക്കിവെക്കും എന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.

ഈ വെല്ലുവിളികള്‍ എല്ലാമുണ്ടെങ്കിലും ഋഷിയുടെ സ്ഥാനം ഉറച്ചതുതന്നെയാണ് എന്നുവേണം മനസ്സിലാക്കാന്‍. മത്സരരംഗത്തുനിന്നു പിന്മാറിക്കൊണ്ട് പെന്നി പറഞ്ഞത് ഇങ്ങനെയാണ്: 'ചരിത്രപരമായ തീരുമാനമാണിത്. നമ്മുടെ പാര്‍ട്ടിയുടെ നാനാത്വവും പ്രാഗത്ഭ്യവുമാണ് ഇതിലൂടെ പ്രകടമാകുന്നത്. ഋഷിക്ക് എന്റെ എല്ലാ പിന്തുണയും ഞാന്‍ നല്‍കുന്നു'.

യുകെയുടെ വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണ് ഋഷി; ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഹിന്ദുമതവിശ്വാസിയും. ഇരുന്നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം യുകെയുടെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണവും 42 കാരനായ ഋഷിക്ക് തന്നെ. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ദീപാവലി ആഘോഷിക്കുന്ന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായി ഋഷി മാറിയതറിഞ്ഞ് ഇന്ത്യക്കാര്‍ പലരും ആവേശത്തിലാണ്. ബ്രിട്ടന്റെ കോളനിവാഴ്ചയില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അതേ വര്‍ഷം ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി ആയതില്‍ സന്തോഷം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് ഒട്ടേറെ ഇന്ത്യക്കാര്‍.

ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ മറ്റുരാജ്യങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ പൊതുവെ അഭിമാനം കൊ ള്ളുന്നവരാണ് ഇന്ത്യക്കാര്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ തുടങ്ങിയവരൊക്കെ ഈ സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ഏറെ ആവേശവും അഭിമാനവും പ്രകടിപ്പിച്ചിരുന്നു.

പഞ്ചാബി വേരുകളുള്ള ഋഷി സുനകിന്റെ മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് 1960കളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്. ഇംഗ്ലണ്ടിലെ തുറമുഖപട്ടണമായ സൗത്താംപ്ടണില്‍ 1980 ലാണ് ഋഷി ജനിക്കുന്നത്. സ്വകാര്യ സ്‌കൂളായ വിന്‍ചെസ്റ്റര്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഋഷി ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദം നേടി. ഗോള്‍ഡ്മാക് സാക്സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജോലി ചെയ്ത ഋഷി 2009 ലാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ വിവാഹം ചെയ്യുന്നത്. 2015 മുതല്‍ ഋഷി, ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ കാന്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.യാണ്. 2020ല്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ (ധനകാര്യമന്ത്രി) ആയി പ്രവര്‍ത്തിച്ച ഋഷി സാമ്പത്തികകാര്യത്തില്‍ പ്രധാനമന്തിയോടുള്ള ഭിന്നത ഉടലെടുത്തതിന് പിന്നാലെ 2022ല്‍ ഈ സ്ഥാനം രാജി വെച്ചു. 2019 മുതല്‍ 2020 വരെ ചീഫ് സെക്രട്ടറി റ്റു ദി ട്രഷറി എന്ന സ്ഥാനവും ഋഷി വഹിച്ചിരുന്നു.

ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയല്ല എന്ന നിലയില്‍ വിദേശത്തുനിന്നുള്ള തന്റെ വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടച്ചിരുന്നില്ല എന്ന ആരോപണം ഋഷിയുടെ ഭാര്യ അക്ഷത മൂര്‍ത്തിയെപ്പറ്റി ഉണ്ടായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്സിനെതിരായ മത്സരത്തില്‍ ഋഷി പിന്നോക്കം പോകാന്‍ ഭാര്യക്കെതിരായ ഈ ആരോപണവും ഒരു കാരണമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തനിക്കുള്ള വരുമാനത്തിന് ബ്രിട്ടനില്‍ താന്‍ നികുതി നല്‍കുമെന്ന് ഇന്‍ഫോസിസില്‍ 0.9 ശതമാനം ഓഹരിയുള്ള അക്ഷത മൂര്‍ത്തി പിന്നീട് വ്യക്തമാക്കി.

ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയല്ല എന്ന നിലയില്‍ വിദേശത്തുനിന്നുള്ള തന്റെ വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടച്ചിരുന്നില്ല എന്ന ആരോപണം ഋഷിയുടെ ഭാര്യ അക്ഷത മൂര്‍ത്തിയെപ്പറ്റി ഉണ്ടായിരുന്നു.

കോവിഡ് വ്യാധിയുടെ കാലഘട്ടത്തില്‍ ധനമന്ത്രി എന്ന നിലയത്തില്‍ ബ്രിട്ടന്റെ സാമ്പത്തികരംഗത്തെ പൊതുവെ മെച്ചമായ രീതിയില്‍ പരിപാലിച്ചത്തില്‍ ഋഷിയുടെ പങ്ക് ചെറുതല്ല. ഇതുതന്നെയാവാം ടോറികള്‍ക്കിടയില്‍ ഋഷിക്കുണ്ടായ സ്വീകാര്യതയ്ക്ക് പ്രധാനകാരണം. ഇടയ്ക്കിടെയുള്ള കുടിയേറ്റവിരുദ്ധവികാരം ചില്ലറ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, വിവിധഭാഷകള്‍ മാതൃഭാഷയായുള്ള ആളുകള്‍ ജീവിക്കുന്ന രാജ്യമായ ബ്രിട്ടനില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി വംശപരമായ നാനാത്വം കൂടുതല്‍ പ്രകടമാകുകയാണ്. അതുകൊണ്ടുതന്നെ വെള്ളക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് മാറുമ്പോള്‍ അത് ബ്രിട്ടന് അത് ചരിതമുഹൂര്‍ത്തം തന്നെയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ