WORLD

ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡിൽ പങ്കാളിയായി ഋഷി സുനക്; നൂറിലേറെപേർ അറസ്റ്റിൽ

അനധികൃതമായി ജോലി ചെയ്യൽ, വ്യാജരേഖകൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് അറസ്റ്റ്

വെബ് ഡെസ്ക്

ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിൽ റെയ്ഡ്. ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെപേരാണ് കഴിഞ്ഞദിവസങ്ങളിൽ നടന്ന റെയ്ഡിൽ അറസ്റ്റിലായത്. ബ്രിട്ടീഷ് സര്‍ക്കാരാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അനധികൃതമായി ജോലി ചെയ്യൽ, വ്യാജരേഖകൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് അറസ്റ്റ് .

"നിയമവിരുദ്ധമായ ജോലി ചെയ്യുന്നത് രാജ്യത്തേയും സത്യസന്ധരായ തൊഴിലാളികളേയും മോശമായി ബാധിക്കും. ഇത്തരക്കാർ നികുതി നൽകാതെ സർക്കാരിനെ കബളിപ്പിക്കുകയാണ്. എന്നാൽ നിയമങ്ങളും അതിർത്തികളും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് " - ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാൻ പറഞ്ഞു.

കുടിയേറ്റ വിഭാഗത്തിന്റെ അനുമതിയില്ലാതെ റെസ്റ്റോറന്റുകൾ, കാർവാഷ് കേന്ദ്രങ്ങൾ, നെയിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിങ്ങനെയുള്ള കേന്ദ്രങ്ങളിൽ ജോലി ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ചില സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണവും കണ്ടെടുത്തു. ഉദ്യോഗസ്ഥരോടൊപ്പം ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച് ഋഷി സുനക്ക് നോർത്ത് ലണ്ടനിലെ ബ്രെന്റിലാണ് റെയ്ഡിന്റെ ഭാഗമായത്.

"കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ അനധികൃതമായി ജോലിചെയ്യുന്നത് ഒരു പ്രധാന ആകർഷണമാണെന്ന് ഞങ്ങൾക്ക് അറിയാം. അത്തരം പ്രവർത്തനങ്ങൾ ഞങ്ങൾ അനുവദിക്കില്ല. അറസ്റ്റ് ചെയ്തവരെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന കാര്യത്തിൽ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിട്ടില്ല'' - സുവെല്ല ബ്രെവര്‍മാൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബ്രിട്ടനിൽ അനധികൃത കുടിയേറ്റത്തിൽ 57 ശതമാനം വർധനയാണുണ്ടായതെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ റെയ്ഡുകൾ കര്‍ശനമായി തുടരാനാണ് സർക്കാർ തീരുമാനം. "കുടിയേറ്റ നിയമലംഘനങ്ങൾ തടയുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. ഇമിഗ്രേഷൻ നിയമം ലംഘിക്കുന്ന വ്യക്തികളെ തിരിച്ചറിയാനാണ് ലക്ഷ്യമിടുന്നത്. കള്ളക്കടത്ത് ഉൾപ്പെടെ നടക്കുന്നുണ്ട്'' - റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയാൻ കര്‍ശന നടപടികളുണ്ടാകുമെന്ന് അധികാരമേറ്റപ്പോൾ തന്നെ ഋഷി സുനക് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടഞ്ഞുവയ്ക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും. സുരക്ഷിതമാണെങ്കില്‍ അവരുടെ രാജ്യത്തേയ്ക്ക് തന്നെ തിരിച്ചയക്കും. അല്ലെങ്കില്‍ സുരക്ഷിതമായ മൂന്നാംലോക രാജ്യമെന്ന നിലയില്‍ റുവാണ്ടയിലേക്കോ മറ്റോ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഒരിക്കലും ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാത്ത വിധമുള്ള വിലക്കുകൾ ഏര്‍പ്പെടുത്തുമെന്നും മുന്നറയിപ്പ് നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ