WORLD

ആഴ്ചകളുടെ കടൽജീവിതം;ഇന്തോനേഷ്യൻ തീരമണഞ്ഞ് റോഹിങ്ക്യൻ അഭയാർത്ഥികൾ

വെബ് ഡെസ്ക്

ആഴ്ചകളോളം കടലിൽ കുടുങ്ങിയ 58 പുരുഷ റോഹിങ്ക്യൻ അഭയാർത്ഥികൾ ഒടുവിൽ ഇന്തോനേഷ്യൻ തീരത്ത് എത്തിയതായി ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ).ഞായറാഴ്ച പുലർച്ചയോടെ ഇന്തോനേഷ്യയിലെ ആഷേ ബെസർ ജില്ലയിലെ ഒരു കടലോര ഗ്രാമത്തിലാണ് ഇറങ്ങിയതെന്ന് പ്രാദേശിക പോലീസ് മേധാവിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടലിൽ കാണാതായ 180 ഓളം പേർ മരണപെട്ടതായി സംശയിക്കുന്നെന്ന് യുഎൻ അഭയാർത്ഥി ഏജൻസി പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് രക്ഷാപ്രവർത്തനം.

ഭക്ഷണവും വെള്ളവുമില്ലാതെ ഒരു മാസത്തിലേറെ കടലിൽ കഴിയുകയായിരുന്ന പുരുഷന്മാരുടെ സംഘമാണ് ഒടുവിൽ ഇന്തോനേഷ്യൻ കരയിൽ എത്തിയത്. എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 130 പേർ ഇനിയും കടലിൽ അവശേഷിക്കുന്നുണ്ട് എന്നാണ് കരുതുന്നത്."പ്രാദേശിക ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയിരിക്കാം എന്നാണ് കരുതുന്നത്. ഇപ്പോഴും ബാക്കിയുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. അവരെ ഉടൻ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യാത്രയ്ക്കിടെ കപ്പലിൽ 20 പേർ വരെ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട് " യുഎൻഎച്ച്‌സിആർ ഏഷ്യൻ വക്താവ് ബാബർ ബലോച്ച് വ്യക്തമാക്കി. രക്ഷപ്പെടുത്തിയവർ വിശപ്പും നിർജ്ജലീകരണവും കാരണം ക്ഷീണിതരായതിനാൽ ചികിത്സ തേടിയിട്ടുണ്ട്.

മ്യാൻമറിലെ പടിഞ്ഞാറൻ റാഖൈൻ സ്റ്റേറ്റിലെ അഭയാർത്ഥി ക്യാമ്പുകളിലെ ക്രൂരമായ പീഡനങ്ങൾ മൂലം അവിടെ നിന്ന് രക്ഷപ്പെട്ടു വന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബംഗ്ലാദേശിലെ കോക്‌സ് ബസാറിൽ നിന്നാണ് ബോട്ട് യാത്ര ആരംഭിച്ചത് . യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ഇവരെ ഇന്ത്യ , ശ്രീലങ്ക , ഇന്തോനേഷ്യ തീരങ്ങളിൽ കണ്ടെത്തിയിരുന്നു. ഭക്ഷണവും വെള്ളവും തീർന്നതിനാൽ ബോട്ടിലുള്ളവരുടെ അവസ്ഥ മോശമായി തുടരുകയാണെന്ന് ആഴ്ചകളായി കുടുംബാംഗങ്ങളും സഹായ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവരെ സഹായിക്കാനുള്ള യുഎൻഎച്ച്സിആറിന്റെ അഭ്യർത്ഥനകളെ നിരവധി തെക്ക്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടർച്ചയായി അവഗണിക്കുകയായിരുന്നു.

രണ്ട് ബോട്ടുകളിലെയും യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനും തീരത്ത് ഇറക്കുന്നതിനും സഹായിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ശനിയാഴ്ച ഇന്തോനേഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യർ ക്രിസ്മസ് ആഘോഷിക്കാൻ തയ്യാറായി നിൽക്കുന്ന സമയത്ത് മാനവികതയുടെ പേരിൽ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാവണം എന്നും ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം