റോണ്‍ ഡി സാന്‍റിസ് ഡോണാള്‍ഡ് ട്രംപ് 
WORLD

റോണ്‍ ഡി സാന്റിസ്, റിപ്പബ്ലിക്കന്‍ നിരയിലെ താരോദയം; പ്രഭാവം നഷ്ടപ്പെട്ട് ട്രംപ്

2024ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള റോണ്‍ ഡി സാന്റിസിന്റെ സാധ്യതകള്‍ വര്‍ധിക്കുകയാണ്

വെബ് ഡെസ്ക്

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളും വിവിധ സര്‍വേകളും പ്രവചിച്ചിരുന്നത്. 2024 തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ അത് ഡോണാള്‍ഡ് ട്രംപിന് കരുത്ത് പകരുമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍, സര്‍വ പ്രവചനങ്ങളെയും കാറ്റില്‍ പറത്തുന്നതാണ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫലം. ജനപ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷം നേടാന്‍ റിപ്പബ്ലിക്കന്‍സിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സെനറ്റില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം വീണ്ടെടുത്തിരിക്കുന്നു. ശക്തമായ തിരിച്ചുവരവെന്ന ട്രംപിന്റെ പ്രതീക്ഷകളത്രയും അസ്തമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ നിരയില്‍ മറ്റൊരു താരോദയം ശ്രദ്ധേയമാണ്, ഫ്‌ളോറിഡയില്‍നിന്ന് രണ്ടാമതും ഗവര്‍ണറായി ജയിച്ച റോണ്‍ ഡി സാന്റിസ്. 2024ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള റോണ്‍ ഡി സാന്റിസിന്റെ സാധ്യതകളും ഇതോടെ വര്‍ധിക്കുകയാണ്.

യേല്‍ യൂണിവേഴ്സിറ്റിയിലെയും ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെയും പഠനത്തിനുശേഷം യുഎസ് നേവിയില്‍ ഓഫീസറായി ജോലി ചെയ്ത ശേഷമാണ് റോണ്‍ ഡിസാന്റിസ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. 2012ല്‍ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. 2016ല്‍ സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പാതിവഴിക്ക് പിന്മാറി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നവരില്‍ ഏറെ ശ്രദ്ധേയനായിരുന്നു സാന്റിസ്.

2018ല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് സാന്റിസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ട്രംപ് അടക്കം അദ്ദേഹത്തിനെ അനുകൂലിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പെടെ ട്രംപിന്റെ സ്വാധീനം പ്രകടമായിരുന്നു. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ സാന്റിസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. സംസ്ഥാനത്തെങ്ങും നിരവധി കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതിനൊപ്പം സാന്റിസ് സമ്പൂര്‍ണ ലോക്ഡൗണിന് ഉത്തരവിട്ടിരുന്നു. മാസ്‌ക് നിര്‍ബന്ധമാക്കി, വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തിയതും ജനങ്ങളുടെ കൈയ്യടി നേടിക്കൊടുത്തു. ലിംഗവിവേചനം, ഗര്‍ഭച്ഛിദ്രം എന്നിങ്ങനെ വിഷയങ്ങളിലെ നിലപാടും ബില്ലുകളും സാന്റിസിനെ കൂടുതല്‍ സ്വീകാര്യനാക്കി.

എന്നാല്‍ ഇക്കുറി വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയപ്പോള്‍, സാന്റിസിനോട് ട്രംപിന് അത്രത്തോളം താല്‍പര്യമുണ്ടായിരുന്നില്ല. തന്നേക്കാള്‍ ജനപ്രീതി സാന്റിസിന് ഉണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ട്രംപിന് ആകുമായിരുന്നില്ല. എന്നിട്ടും ട്രംപിന്റെ നാടായ ഫ്‌ളോറിഡയില്‍നിന്ന് സാന്റിസ് വിജയിച്ചു. ട്രംപിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും പിന്തുണ ഇല്ലാതിരുന്നിട്ടും നല്ല ഭൂരിപക്ഷത്തിലായിരുന്നു സാന്റിസിന്റെ ജയം. സാന്റിസിന്റെയും കുടുംബത്തിന്റെയും ചിത്രത്തിനൊപ്പം 'ഡി ഫ്യൂച്ചര്‍' എന്ന തലകെട്ടിലായിരുന്നു ന്യൂയോര്‍ക്ക് പോസ്റ്റ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിനെ എതിര്‍ക്കുന്നവര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ആളാണ് സാന്റിസ്. ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണ സാന്റിസിനുണ്ട്. പാര്‍ട്ടിക്ക് പുറത്തും അദ്ദേഹം സ്വീകാര്യനാണ്. 2024ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായുള്ള പോരാട്ടത്തില്‍ സാന്റിസിനെയും മറികടക്കേണ്ടിവരുമെന്നതും ട്രംപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നുണ്ടാകാം. ഇടക്കാല തിരഞ്ഞെടുപ്പ് ഫലവും സാന്റിസിന്റെ ജനപ്രീതിയും ട്രംപിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെയാണ് വെല്ലുവിളിയാകുന്നത്. അതേസമയം, 44കാരനായ സാന്റിസിന്റെ മിന്നുന്ന ജയം അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുകയാണ്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്