കനേഡിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റൊട്ട രാജിവച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ക്ക് വേണ്ടി പോരാടിയ യുക്രെയ്നിയന്‍ വിമുക്തഭടനെ ആദരിച്ചത് വിവാദമായതിന് പിന്നാലെയാണ് രാജി. പാര്‍ലമെന്റില്‍ യുക്രെയ്നിയന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു സംഭവം. ആന്റണി റൊട്ട വിമുക്തഭടനെ വീരനെന്ന് വാഴ്തിയതിന് പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഏഴുന്നേറ്റ് നിന്നായിരുന്നു ആദരം നല്‍കിയത്.
നാസികളുമായി ബന്ധമുള്ള സൈനിക വിഭാഗത്തില്‍ വിമുക്തഭടന്‍ സേവനമനുഷ്ടിച്ചിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആന്റണിയുടെ രാജിക്കായുള്ള സമ്മര്‍ദം ഉയര്‍ന്നിരുന്നു. ഞായറാഴ്ച ആന്റണി മാപ്പു പറഞ്ഞെങ്കിലും രാജി ഒഴിവാക്കാനായില്ല. തനിക്ക് സംഭവിച്ച പിഴവില്‍ അഗാധമായ ഖേദമുണ്ടെന്ന് രാജി പ്രഖ്യാപനത്തില്‍ ആന്തണി പറഞ്ഞു. പരാമര്‍ശത്താല്‍ ജൂതസമൂഹത്തിനുണ്ടായ ദുഃഖത്തിലും ആന്തണി ക്ഷമാപണം നടത്തി. വെള്ളിയാഴ്ചയായിരുന്നു 98കാരനായ യുക്രെയ്‌നിയന്‍ കുടിയേറ്റക്കാരന്‍ യാറോസ്ലാവ് ഹുംഗയെ സ്പീക്കര്‍ ആദരിച്ചത്.
"യുക്രെയ്ന്‍ സ്വാതന്ത്ര്യത്തിനായി റഷ്യക്കെതിരെ പോരാടിയ യുക്രെയ്‌നിയന്‍-കനേഡിയന്‍ വിമുക്തഭടന്‍. അദ്ദേഹം യുക്രെയ്‌നിയന്‍ വീരന്‍ മാത്രമല്ല ഒരു കനേഡിയന്‍ വീരന്‍ കൂടിയാണ്," ആന്റണി പാര്‍ലമെന്റില്‍ പറഞ്ഞ വാക്കുകളാണിത്. എസ് എസിന്റെ 14-ാം വാഫെന്‍ ഗ്രെനേഡിയര്‍ ഡിവിഷനിലായിരുന്നു ഹുംഗ സേവനമനുഷ്ടിച്ചിരുന്നത്. കൂട്ടക്കൊലയുടെ സമയത്ത് മനുഷ്യരാശിക്കെതിരെ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു നാസി സൈനിക യൂണിറ്റാണിതെന്ന് പ്രമുഖ ജൂത സംഘടനയായ ഫ്രണ്ട്സ് ഓഫ് സൈമണ്‍ വീസെന്തല്‍ സെന്റര്‍ പറയുന്നു.
വിമുക്തഭടനെ ആദരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ജൂത അഭിഭാഷക സംഘം പറഞ്ഞു. കാനഡയും യുക്രെയ്നും തമ്മിലുള്ള ഐക്യം പ്രകടമാക്കുന്നിടത്ത് റഷ്യക്കാണ് വിജയമുണ്ടായെതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ആന്റണിയെ തള്ളി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്നലെ പ്രതികരിച്ചിരുന്നു. ഹുംഗയുടെ ഭൂതകാലം അന്വേഷിക്കുന്നതില്‍ ട്രൂഡോയ്ക്കും സര്‍ക്കാരിനും വീഴ്ചയുണ്ടായെന്നും മാപ്പ് പറയാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരുടെ ചുമലില്‍ കുറ്റം ചാര്‍ത്തുന്ന സ്ഥിരം ശൈലി ട്രൂഡോ ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് പിയറി പൊയിലിവ്റെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.