ഗ്രീസ് പൊതു തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാർട്ടിക്ക് ജയം. എന്നാൽ സർക്കാർ ഉണ്ടാക്കാനുള്ള കേവലഭൂരിപക്ഷം പാർട്ടിക്കില്ല. സഖ്യരൂപീകരണത്തിലൂടെ കേവലഭൂരിപക്ഷം നേടാനായില്ലെങ്കിൽ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
ഏതാണ്ട് മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ മധ്യ-വലതുപക്ഷ പാർട്ടിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് 40.8 ശതമാനം വോട്ടും ഇടതുപക്ഷ പാർട്ടിയായ സിരിസയ്ക്ക് 20.1 ശതമാനം വോട്ടുമാണ് ലഭിച്ചത്. സോഷ്യലിസ്റ്റ് പാർട്ടിയായ പസോകാണ് മൂന്നാമത്. വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിൽ 300 അംഗ പാർലമെന്റിൽ ന്യൂ ഡെമോക്രസി പാർട്ടിക്ക് ലഭിക്കുക 145 സീറ്റാകും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 151 സീറ്റും. സിറിസയ്ക്ക് 72 സീറ്റ് , പസോക്കിന് 41 സീറ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 26 വലതുപക്ഷ ഹെലെനിക് സൊല്യൂഷന് 16 എന്നിങ്ങനെയാണ് പാർലമെന്റിലെ സീറ്റ് നില. എല്ലാ പ്രധാന കക്ഷികളും തമ്മിൽ യോജിക്കാനാകാത്ത ഭിന്നത നിലനിൽക്കുന്നതിനാൽ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരണത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു മാസത്തിനുള്ളില്‍ രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് നടന്നേക്കും.
അടുത്ത ഘട്ടമെന്ന നിലയിൽ ഗ്രീക്ക് പ്രസിഡന്റ് കാറ്ററീന സക്കാലേറാപ്പുലു മൂന്ന് പ്രധാന പാർട്ടികൾക്ക് സർക്കാരുണ്ടാക്കാൻ സമയം അനുവദിക്കു. മൂന്ന് ദിവസം വീതം സമയം അനുവദിച്ചിട്ടും നടപടിയുണ്ടായില്ലെങ്കിൽ രണ്ടാഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് ശതമാനമെങ്കിലും വോട്ട് നേടിയ പാർട്ടികൾക്ക് രണ്ടാം ഘട്ടത്തിൽ മത്സരിക്കാം.
2019 ലാണ് ഇടതുഭരണമവസാനിപ്പിച്ച് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്‌സോടാകിസിന്റെ നേതൃത്വത്തിൽ ന്യൂ ഡെമോക്രസി പാർട്ടി സർക്കാരുണ്ടാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ നയിച്ചത് മിറ്റ്‌സോടാകിസിന് ജനപിന്തുണ ഏറ്റിയിരുന്നു. അഭയാര്‍ഥി വിഷയവും അതുമായി ബന്ധപ്പെട്ട് തുര്‍ക്കിയുമായുണ്ടായ തര്‍ക്കവും, ഫോണ്‍ ടാപ്പ് വിവാദവും ഫെബ്രുവരിയില്‍ 57 പേരുടെ മരണത്തിന് ഇടയാക്കിയ റെയില്‍വേ ദുരന്തവും ജനപ്രീതി ഇടിച്ചു. എന്നാൽ ബാലറ്റിൽ ജനം സർക്കാരിനൊപ്പം നിൽക്കുകയായിരുന്നു. ഭരണത്തുടർച്ചയ്ക്കുള്ള സമ്മതമാണ് ജനവിധിയെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. '' ജനവിധി നിർണായകമാണ്. ഭരിക്കാൻ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ജനങ്ങളുടെ അംഗീകരമുണ്ട്'' മിറ്റ്‌സോടാകിസ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തില്‍ കിരിയാകോസ് മിറ്റ്‌സോടാകിസിന്റെ അഭിനന്ദനമറിയിച്ച അലക്സി സിപ്രാസ്, പോരാട്ടം അവസാനിച്ചില്ലെന്ന് പ്രതികരിച്ചു.'' യുദ്ധത്തിൽ വിജയവും പരാജയവുമുണ്ട്. തിരഞ്ഞെടുപ്പ് ചക്രം ഇതുവരെ അവസാനിച്ചിട്ടില്ല. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.'' അദ്ദേഹം പറഞ്ഞു.