യുക്രെയ്‌നില്‍ മിസൈല്‍ ആക്രമണം തുടര്‍ന്ന് റഷ്യ. ഒറ്റ രാത്രി കൊണ്ട് 30 മിസൈലാക്രമണമാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയത്. ഇതില്‍ 29 മിസൈലുകളും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. ഈ മാസം ഒന്‍പതാം തവണയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് യുക്രെയ്ൻ ആരോപിച്ചു.
ഒഡേസയിലെ ഒരു കെട്ടിടത്തില്‍ മിസൈല്‍ ഇടിച്ച് കയറുകയും ഒരാൾ മരിക്കുകയും ചെയ്തു
യുക്രെയ്‌ന്റെ വിവിധ മേഖലകളില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ പറയുന്നു. തെക്കന്‍ പ്രദേശമായ ഒഡേസയിലെ ഒരു കെട്ടിടത്തില്‍ മിസൈല്‍ ഇടിച്ച് കയറിയതാണ് ഒരാളുടെ മരണത്തിന് കാരണമായത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് സൈനിക അഡ്മിനിസ്‌ട്രേഷന്‍ വക്താവ് സെര്‍ഹി ബ്രാറ്റ്ചുക് പറഞ്ഞു. അതേസമയം, യുക്രെയ്ന്‍ വെടിവച്ചിട്ട മിസൈലുകള്‍ പതിച്ച് രണ്ട് ജില്ലകളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ കടല്‍, വ്യോമ, കര മേഖലകള്‍ വഴി റഷ്യ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് യുക്രെയ്ന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ വലേരി സലുഷ്‌നി അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 മണി മുതല്‍ യുക്രെയ്‌ന്റെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ മിസൈലുകള്‍ വിക്ഷേപിക്കുകയായിരുന്നുവെന്നും വ്യാഴാഴ്ച രാവിലെ 5.30 വരെ ഇത് തുടര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.