WORLD

റഷ്യ ബഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലെന്ന് യുഎസ്; നിഷേധിച്ച് പുടിൻ

വെബ് ഡെസ്ക്

ബഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യയെന്ന് യുഎസിന്റെ മുന്നറിയിപ്പ്. ഈ വർഷംതന്നെ വിക്ഷേപണമുണ്ടാകുമെന്നാണ് യുഎസ് നൽകുന്ന സൂചന. ഗുരുതരമായ സുരക്ഷാ ഭീഷണിയുയർത്തുന്നതാണ് റഷ്യയുടെ നീക്കമെന്നും അമേരിക്കൻ രഹസ്യാന്വേഷണം അതിന്റെ യൂറോപ്യൻ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, ഊഹാപോഹങ്ങൾക്കു വിരുദ്ധമായി നിരുപദ്രവകരമായ ഡമ്മി ആയുധം റഷ്യ വിക്ഷേപിച്ചേക്കാമെന്ന റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അവരുടെ നാറ്റോ - ഏഷ്യൻ സഖ്യ കക്ഷികൾക്കായി നടത്തിയ അതീവ സുരക്ഷാ ബ്രീഫിങ്ങിലാണ് റഷ്യ ബഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുളള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തിയത്. എന്നാൽ അമേരിക്കയുടെ ആരോപണം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ തള്ളി.

രഹസ്യാന്വേഷണ മുന്നറിയിപ്പ് അമേരിക്ക സൃഷ്ടിച്ചതാണെന്ന് പുടിന്റെ പ്രതിരോധ മന്ത്രി പറഞ്ഞു. യുക്രെയ്ന് കൂടുതൽ സഹായങ്ങൾ നൽകാൻ യുഎസ് കോൺഗ്രസിനെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് റഷ്യയുടെ ആരോപണം.

ബഹിരാകാശത്ത് ആണവായുധങ്ങൾ സ്ഥാപിക്കുന്നതിന് റഷ്യ എല്ലായ്‌പ്പോഴും എതിരായിരുന്നുവെന്ന് പ്രതിരോധ മന്ത്രി സെർജി കെ ഷോയ്ഗുവുമായുള്ള കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞു. ആണവായുധങ്ങൾ സ്ഥാപിക്കുന്നതും ഭ്രമണപഥത്തെ ആയുധവൽക്കരിക്കലും ഉൾപ്പെടെ ബഹിരാകാശത്തെ ഇത്തരം പ്രവർത്തനങ്ങൾ തടയുന്ന 1967ലെ ബഹിരാകാശ ഉടമ്പടിയെ റഷ്യ മാനിക്കുന്നുവെന്നും ഈ കൂടിക്കാഴ്ചയിൽ പുടിൻ വ്യക്തമാക്കി.

“ഈ മേഖലയിൽ നിലവിലുള്ള കരാറുകൾ പാലിക്കാൻ ആവശ്യപ്പെടുക മാത്രമല്ല, ഈ സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ഞങ്ങൾ പലതവണ നിർദ്ദേശിച്ചിട്ടുമുണ്ട്,” പുടിനെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ബഹിരാകാശത്തെ പാശ്ചാത്യ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാന്‍ ആയുധ സംവിധാനം ഉപയോഗിക്കുമോയെന്നതാണ് അമേരിക്കയുടെ ആശങ്ക. ഇത്തരം ആയുധങ്ങൾ ആശയവിനിമയങ്ങളെയും സൈനിക ലക്ഷ്യ സംവിധാനങ്ങളെയും തകർക്കാനും സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റ് ഈ ഗുരുതരമായ ഭീഷണിയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് രൂപകല്പന ചെയ്ത ആണവ ബഹിരാകാശ അധിഷ്ഠിത ആയുധം റഷ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസ് ബ്രീഫിങ്ങുകളിൽ വളരെ കുറച്ച് വിവരങ്ങളാണ് ഇതുസംബന്ധിച്ച് റഷ്യ പങ്കുവെച്ചത്. അതിനാൽ തന്നെ ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് കൃത്യമായി വ്യക്തമല്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും