യുക്രെയ്ന്‍ സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തില്‍ അടിപതറി റഷ്യ. വടക്കുകിഴക്കന്‍ നഗരമായ ഇസിയം യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചു. മാർച്ചിൽ കീവിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിന് ശേഷം, യുദ്ധമുഖത്ത് റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. കഴിഞ്ഞദിവസം ഹര്‍കിവിലെ 30ലധികം ജനവാസ കേന്ദ്രങ്ങളുടെ നിയന്ത്രണം മിന്നല്‍ ആക്രമണത്തിലൂടെ യുക്രെയ്ന്‍ സേന പിടിച്ചെടുത്തിരുന്നു . ഒരാഴ്ചയ്ക്കിടെ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ റഷ്യന്‍ അധീനതയില്‍ മോചിപ്പിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെൻസ്‌കി പറഞ്ഞു.
റഷ്യൻ സേനയുടെ പ്രധാന ക്യാമ്പുകളിൽ ഒന്നായിരുന്നു ഇസിയം
യുക്രെയ്ന്റെ മുന്നേറ്റത്തോടെ സൈനികരോട് ഇസിയത്തിൽ നിന്ന് പുറത്തുകടക്കാന്‍ റഷ്യ നിര്‍ദേശിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഡൊനെറ്റ്സ്കിന്റെ മറ്റേതെങ്കിലും മേഖലയിലേക്ക് മാറാനാണ് സൈനികര്‍ക്ക് റഷ്യ നല്‍കിയ നിര്‍ദേശം. ഡോനെറ്റ്‌സ്‌കും ലുഹാൻസ്കും അടങ്ങുന്ന ഡോൺബാസ് മേഖലയിൽ മാസങ്ങൾ നീണ്ട ആക്രമണം നടത്താനായി റഷ്യൻ സേനയുടെ പ്രധാന ലോജിസ്റ്റിക് ക്യാമ്പുകളിൽ ഒന്നായിരുന്നു ഇസിയം.
ഇസിയം മോചിപ്പിക്കപ്പെട്ടുവെന്ന് നഗരത്തിന്റെ മേയർ വലേരി മാർചെങ്കോ ആണ് ഔദ്യോഗികമായി അറിയിച്ചത്. അപകട സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം റഷ്യയ്‌ക്കെതിരായ പ്രത്യാക്രമണം ആരംഭിച്ചതിനുശേഷം യുക്രെയ്‌നിന്റെ സായുധ സേന ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ (770 ചതുരശ്ര മൈൽ) പ്രദേശം മോചിപ്പിച്ചതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അവകാശപ്പെട്ടു. ശനിയാഴ്ച വൈകിട്ട് പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രസിഡന്റ് ഇക്കാര്യങ്ങളറിയിച്ചത്. യുക്രെയ്ന്‍ സേന വിവിധ മേഖലകളിൽ മുന്നേറ്റം തുടരുകയാണ് എന്നും സെലെൻസ്കി വ്യക്തമാക്കി.
ഈ മാസം ആദ്യവാരം മുതലാണ് യുക്രെയ്ൻ സേന പ്രതിരോധമവസാനിപ്പിച്ച് പ്രത്യാക്രമണത്തിലേക്ക് കടന്നത്. അതിന് ശേഷം ഡസൻ കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും സൈന്യം മോചിപ്പിച്ചു . ദിവസങ്ങൾ കൊണ്ട് തന്നെ വളരെ ദൂരം പിന്നിടാൻ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ഹര്‍കിവിലെ ജനവാസമേഖലകളും ബലാക്ലിയ ഉൾപ്പടെയുള്ള നഗരങ്ങളും ദിവസങ്ങൾക്ക് മുൻപ് തന്നെ യുക്രെയ്ന്‍ സൈന്യം തിരിച്ച് പിടിച്ചിരുന്നു.