WORLD

600ലേറെ യുക്രെയ്‌ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ; വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് പിന്നാലെ മിസൈലാക്രമണം

വെടിനിര്‍ത്തലിനിടയിലും റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍

വെബ് ഡെസ്ക്

കിഴക്കന്‍ യുക്രെയ്‌നിലെ റാമറ്റോസ്‌കില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 600ലേറെ യുക്രെയ്ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യയുടെ അവകാശവാദം. യുക്രെയ്ന്‍ റഷ്യയുടെ 89 സൈനികരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരനടപടിയാണ് സ്വീകരിച്ചതെന്ന് റഷ്യ വ്യക്തമാക്കി. പുടിന്‍ പ്രഖ്യാപിച്ച 36 മണിക്കൂര്‍ വെടിനിര്‍ത്തില്‍ അവസാനിച്ചതിന് പിന്നാലെ റഷ്യ യുക്രെയ്‌നില്‍ മിസൈലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. യുക്രെയ്നിലെ ഏഴ് മേഖലകളിലാണ് റഷ്യയുടെ വ്യാപക ആക്രമണമുണ്ടായത്. എന്നാല്‍ വെടിനിര്‍ത്തലിനിടയിലും റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ ആരോപിച്ചു. മറുപടിയായി റഷ്യന്‍ നിയന്ത്രണത്തിലുള്ള ഡോണട്സ്കില്‍ രണ്ട് താപവൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തിയതായും യുക്രെയ്ന്‍ അവകാശപ്പെട്ടു.

വെളളിയാഴ്ച മാത്രം റഷ്യൻ സൈന്യം ഖേഴ്സൺ മേഖലയിൽ 39 തവണ ഷെല്ലാക്രമണം നടത്തിയെന്നാണ് ഗവർണർ യാരോസ്ലാവ് യാനുഷെവിച്ച് പറയുന്നത്. റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു ഫയർ സ്റ്റേഷനുൾപ്പെടെ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും തീപിടിച്ചു. ഖാർകിവിന്റെ വടക്കുകിഴക്കൻ മേഖലയിലും റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച് ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ കിഴക്കൻ ലുഹാൻസ്ക് പ്രവിശ്യയിൽ റഷ്യൻ സൈന്യം 14 തവണ ഷെല്ലാക്രമണം നടത്തി. ഖാർകിവിന്റെ വടക്കുകിഴക്കൻ മേഖലയില്‍ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി വാണിജ്യ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ തീപിടിച്ചു.

ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ 36 മണിക്കൂർ വെടിനിർത്താൻ റഷ്യ മുതിർന്നെങ്കിലും യുക്രെയ്ന്‍ അം​ഗീകരിച്ചിരുന്നില്ല. ഇതോടെയാണ് റഷ്യ സ്വയം വെടിനിർത്തൽ പ്രഖ്യാപിച്ചത്. റഷ്യയുടെ വെടിനിർത്തല്‍ പ്രഖ്യാപനം യുക്രെയ്ന്റെ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമമാണെന്ന് പ്രസിഡന്റ് സെലൻസ്കി ആരോപിച്ചിരുന്നു. കിഴക്കൻ ഡോൺബാസ് മേഖലയിൽ യുക്രെയ്‌ൻ മുന്നേറ്റം തടയാനും കൂടുതൽ സൈനികരെയും ആയുധങ്ങളും കൊണ്ടുവരാനുമായി മറ സൃഷ്ടിക്കാനുള്ള തന്ത്രമാണ് റഷ്യയുടേതെന്നായിരുന്നു സെലൻസ്കിയുടെ ആരോപണം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി