WORLD

കലാപനീക്കത്തിന് പിന്നാലെ വാഗ്നർ മേധാവിയുമായി പുടിന്‍ ചർച്ച നടത്തിയിരുന്നെന്ന് റഷ്യ

ജൂൺ 24 ന് ശേഷം റഷ്യൻ സൈനിക തലവൻ വലേരി ജെറാസിമോവ് ആദ്യമായി പൊതുവേദിയിൽ

വെബ് ഡെസ്ക്

റഷ്യയിലെ സ്വകാര്യ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോഷിനുമായി കാലാപശ്രമത്തിന് ശേഷവും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തിയെന്ന് സർക്കാർ. ആഭ്യന്തര കലാപ ശ്രമം പരാജയപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷം, ജൂണ്‍ 29ന് പ്രിഗോഷിനുമായി പുടിൻ ചര്‍ച്ച നടത്തിയെന്നാണ് റഷ്യൻ സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കിയത്.

യൂണിറ്റ് കമാന്റര്‍മാരടക്കം 35 പേരെയാണ് പുടിൻ ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും ‍ചർച്ച മൂന്ന് മണിക്കൂർ നീണ്ടുനിന്നെന്നും സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. പുടിന്റെ സേനയാണ് വാഗ്നർ ഗ്രൂപ്പെന്ന് ആവർത്തിച്ച പ്രിഗോഷിൻ തുടർന്നും അദ്ദേഹത്തിനായി പോരാടുമെന്നും വ്യക്തമാക്കിയതായി പെസ്‌കോവ് പറഞ്ഞു.

പ്രിഗോഷിനിന്റെ നേതൃത്വത്തിൽ വാഗ്നർ സൈന്യം നടത്തിയ കലാപ നീക്കം 1999ൽ അധികാരമേറ്റതിന് ശേഷം പുടിൻ നേരിട്ട ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്നു. വാഗ്നര്‍ സൈന്യം തെക്കന്‍ നഗരമായ റോസ്‌തോവ് പിടിച്ചെടുക്കുകയും തലസ്ഥാനമായ മോസ്കോയിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. സർക്കാരിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിച്ച കലാപനീക്കം സൈന്യമിടപെട്ട് തടയുകയായിരുന്നു. കലാപശ്രമം പരാജയപ്പെട്ടതോടെ സൈന്യത്തെ അഭിനന്ദിച്ച് പുടിൻ രംഗത്തെത്തിയിരുന്നു.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കലാപ നീക്കത്തിൽ നിന്ന് പ്രിഗോഷിൻ പിന്മാറിയത്. എന്നാൽ സർക്കാരിനെ അട്ടമറിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും യുക്രെയ്ൻ യുദ്ധത്തിൽ വീഴ്ച വരുത്തിയ സൈനിക മേധാവികൾക്കെതിരെയാണ് തന്റെ നീക്കമെന്നുമായിരുന്നു പിന്നീട് പ്രിഗോഷിൻ വ്യക്തമാക്കിയത്.

കരാര്‍ വ്യവസ്ഥകള്‍ പ്രകാരം പ്രിഗോഷിൻ ബെലാറസിലേയ്ക്ക് തിരിക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം വീണ്ടും റഷ്യയിലേയ്ക്ക് എത്തിയതായി അലക്‌സാണ്ടര്‍ ലുകാഷെങ്കോ അറിയിച്ചു. കൂടാതെ, ബെലാറസിലേയ്ക്ക് പോകാനുള്ള കരാര്‍ വാഗ്നര്‍ സൈനികര്‍ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.

അതേസമയം, പരാജയപ്പെട്ട വാഗ്നർ കലാപനീക്കത്തിന് ശേഷം റഷ്യൻ സൈനിക തലവൻ വലേരി ജെറാസിമോവ് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. യുക്രെയ്നിയന്‍ മിസൈലുകള്‍ തകര്‍ക്കാന്‍ കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന ജനറലിന്റെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. ഞായറാഴ്ച ചിത്രീകരിച്ച വീഡിയോയാണ് തിങ്കളാഴ്ച പുറത്തിറക്കിയത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം