യുക്രെയ്ന് അധിനിവേശത്തില്‍ റഷ്യയുടെ ലക്ഷ്യങ്ങള്‍ മാറിയെന്ന് തുറന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റേവ് പോരാട്ടം തുടങ്ങിയ കാലത്ത് റഷ്യയ്ക്കുണ്ടായ ലക്ഷ്യങ്ങളല്ല ഇപ്പോഴെന്നും അഞ്ച് മാസം കൊണ്ട് ലക്ഷ്യങ്ങള്‍ മാറിയെന്നും ലാവ്‌റേവ്. യുക്രെയ്ന്‍ പിടിച്ചടക്കാന്‍ റഷ്യയ്ക്ക് താത്പര്യമില്ലെന്നും പ്രത്യേക സൈനിക നടപടി മാത്രമാണ് നടക്കുന്നത് എന്നുമായിരുന്നു തുടക്കത്തില്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്. ഈ തീരുമാനം മാറിയെന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് ഇപ്പോള്‍ വിദേശകാര്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നത്.
കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകളിൽ (ഡിപിആർ, എൽപിആർ) ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു റഷ്യ സൈനിക നീക്കം ആരംഭിച്ചത്. റഷ്യൻ പിന്തുണയുള്ള ഉക്രെയ്ൻ വിമതർക്ക് സ്വാധീനമുള്ള മേഖലയാണ് ഇവ. ഡോൺബാസിൻറെ മോചനമാണ് സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് മാർച്ചിൽ റഷ്യൻ വിദേശകാര്യമന്ത്രി പറയുകയും ചെയ്തു. തുടർന്ന് നടന്ന റഷ്യ - യുക്രെയ്ൻ സമാധാന ചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് റഷ്യ സൈനിക നീക്കം ശക്തമാക്കിയത്.
ഇപ്പോൾ ഭൂമിശാസ്ത്രം ഒരുപാട് മാറിയിരിക്കുന്നു. ഡോൺബാസിന് അപ്പുറത്തുള്ള ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾ എന്നിവയിൽ നിന്നും വളരെ അകലെയുളള ഖേർസോൻ, സപ്രോഷ്യ തുടങ്ങി നിരവധി പ്രദേശങ്ങൾ റഷ്യൻ സൈന്യം പൂർണ്ണമായോ ഭാഗികമായോ പിടിച്ചെടുത്തു - സെർജി ലാവ്റോവ്
റഷ്യയുടെ മേഖലകളിലോ റഷ്യയ്ക്ക് താല്പര്യമുള്ള ഡിപിആര്‍ എല്‍പിആര്‍ മേഖലകളിലോ യുക്രെയ്ൻ ഭീഷണി ഉയര്‍ത്തുന്നത് അനുവദിക്കില്ലെന്ന് ലാവ്‌റോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്നിന് കൂടുതൽ സഹായം ചെയ്താൽ റഷ്യയുടെ ലക്ഷ്യങ്ങൾ ഇനിയും വിശാലമാകുമെന്നും ലാവ്‌റോവ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഉക്രെയ്‌നിലുടനീളം റഷ്യ മിസൈൽ ആക്രമണം നടത്തി വരികയാണ്.
ലാവ്‌റോവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തന്നെ അമേരിക്കയുടെ സൈനിക പ്രതികരണം എത്തി. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ യുക്രെയ്ന് അടുത്ത സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. നാല് ദീർഘദൂര പീരങ്കി സംവിധാനങ്ങൾ യുക്രെയ്‌നിലേക്ക് അയയ്ക്കുമെന്നാണ് ഓസ്റ്റിൻ അറിയിച്ചു.