റഷ്യ- യുക്രെയ്ന്‍ യുദ്ധം ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണെന്ന് പഠന റിപ്പോര്‍ട്ട്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശവും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും കിഴക്കൻ യൂറോപ്പിലും മധ്യേഷ്യയിലുമായി ഏകദേശം നാല് ദശലക്ഷം കുട്ടികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായാണ് റിപ്പോർട്ട്. 22 രാജ്യങ്ങളെ കേന്ദ്രീകരിച്ച് യുനെസഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണത്തിലെ മൊത്തം വർദ്ധനവിന്റെ മുക്കാൽ ഭാഗവും റഷ്യയിലാണ്. ഇതില്‍ 2.8 ദശലക്ഷം കുട്ടികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിൽ കഴിയുന്നവരാണ്. അരലക്ഷം കുട്ടികളാണ് യുക്രെയ്‌നില്‍ ദാരിദ്ര്യം അനുഭവിക്കുന്നത്. കൂടാതെ റൊമാനിയയിലും ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടിളുടെ എണ്ണം കൂടുതലാണെന്ന് യുനെസഫ് കണ്ടെത്തി. 110,000 കുട്ടികളാണ് റൊമാനിയയില്‍ ദാരിദ്ര്യം മൂലം പ്രയാസം അനുഭവിക്കുന്നത്.
തുടര്‍ച്ചയായുണ്ടാകുന്ന യുദ്ധം കുട്ടികളിലുണ്ടാക്കുന്ന പ്രഹരം വളരെ വലുതാണെന്നാണ് യുനെസഫിന്റെ വിശദീകരണം. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ അത് കുട്ടികളുടെ ഭാവിയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും യുനെസഫ് വ്യക്തമാക്കി. അതേസമയം, ദ്രാരിദ്ര്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഭൂരിഭാഗം കുട്ടികളുടെയും കുടുംബങ്ങള്‍ സാമൂഹ്യപരമായും സാമ്പത്തിക പരമായും ഏറെ പിന്നോക്കാവസ്ഥയിലാണെന്നും പഠനം സൂചിപ്പിക്കുന്നു.
ശൈശവ വിവാഹം, അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയ്ക്കുള്ള സാധ്യതയും കൂടുന്നു
യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും അർത്ഥമാക്കുന്നത് ദരിദ്രരായ കുട്ടികൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കാനുള്ള സാധ്യത പോലും കുറവാണെന്നാണ്. കൂടാതെ ശൈശവ വിവാഹം, അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയ്ക്കുള്ള സാധ്യതയും കൂടുന്നു. ഒരു കുടുംബം എത്രത്തോളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നോ അത്രത്തോളം മൊത്തം വരുമാനത്തിൻ്റെ ഏറിയ പങ്കും പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണത്തിനും ഇന്ധനത്തിനുമായി ചിലവഴിക്കും. അടിസ്ഥാന സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും പോലുള്ള മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം കുറയുന്നു. നിലവിലെ കണക്കുകൾക്ക് പുറമെ 4,500 കുട്ടികൾ അവരുടെ ഒന്നാം ജന്മദിനത്തിന് മുമ്പ് മരിക്കുന്നതിനും 117,000 ചെറുപ്പക്കാർ ഈ വർഷം മാത്രം സ്‌കൂൾ വിട്ടുപോകുന്നതിനും കാരണമായേക്കാമെന്നും യുനിസെഫ് കണക്കാക്കുന്നു.
അടിസ്ഥാന സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും പോലുള്ള മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം കുറയുന്നു
ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നത് തടയുന്നതിനും സഹായിക്കുന്ന നിർദ്ദേശങ്ങൾ കൂടി പഠനം മുന്നോട്ടുവെക്കുന്നു. കുട്ടികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും മിനിമം വരുമാന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ് നിർദ്ദേശങ്ങൾ.