യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ കൂടി പിടിച്ചെടുത്ത റഷ്യയുടെ ശ്രമത്തെ അപലപിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം പാസാക്കി. പ്രമേയത്തെ പിന്തുണച്ച് കൊണ്ട് 143 രാജ്യങ്ങളാണ് വോട്ട് ചെയ്തത്. ചൈനയും ഇന്ത്യയും ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. യുക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് ശേഷം ആദ്യമായാണ് റഷ്യക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇത്രയും വോട്ട് ലഭിക്കുന്നത്.
അധിനിവേശത്തിന് ശേഷം ആദ്യമായാണ് റഷ്യക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇത്ര വോട്ട് ലഭിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ക്രെമ്ലിനില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെസ്‌ക്, സപ്പോരിജിയ, കെര്‍സണ്‍ എന്നിവയെ റഷ്യയുടെ ഭാഗമാക്കാന്‍ പുടിന്‍ ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു. സ്വയം പ്രഖ്യാപിത ഹിത പരിശോധനയ്ക്ക് ശേഷമായിരുന്നു പുടിന്റെ ഈ നടപടി. ഐക്യരാഷ്ട്രസഭയില്‍ യുക്രെയിന് പിന്തുണ നല്‍കി കൊണ്ട് 143 രാജ്യങ്ങളാണ് രംഗത്തെത്തിയത്. പിന്തുണച്ച രാജ്യങ്ങളോട് യുക്രെയിന്‍ പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു. റഷ്യയുടെ പിടിച്ചെടുക്കല്‍ ശ്രമങ്ങള്‍ ഒരിക്കലും വിലപ്പോവില്ല എന്നും യുക്രെയിന്റെ ഭൂമി യുക്രെയിനിലേക്ക് തന്നെ തിരിച്ചെത്തുമെന്നും സെലന്‍സ്‌കി കൂട്ടി ചേര്‍ത്തു.
റഷ്യ ഒറ്റപ്പെട്ടുവെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണ് ഇതെന്നും നേതാക്കള്‍
വോട്ടെടുപ്പിലൂടെ എല്ലാ രാജ്യങ്ങളുടെ നിലപാട് വ്യക്തമായെന്നും റഷ്യയ്ക്ക് ഇത് വ്യക്തമായ സന്ദേശം നല്‍കിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.എല്ലാ രാജ്യങ്ങളുടെ പ്രതിനിധികളും ഒറ്റക്കെട്ടായാണ് യുക്രെയിന് പിന്തുണ പ്രഖ്യാപിച്ചത്. അത് റഷ്യയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. റഷ്യ ഒറ്റപ്പെട്ടുവെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണ് ഇതെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ചുമതലയുള്ള ഐക്യരാഷ്ട്ര സഭയുടെ നടപടി തടയാന്‍ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.
യുക്രെയിന് കൂടുതല്‍ വ്യോമ പ്രതിരോധ സഹായങ്ങള്‍ നല്‍കുമെന്ന് നാറ്റോ അറിയിച്ചു
യുക്രെയിന്‍ അധിനിവേശത്തിന് ശേഷം റഷ്യയുടെ വീറ്റോ അധികാരം എടുത്തു കളയണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.കൂടാതെ ജി7 രാജ്യങ്ങളും യുക്രെയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വന്‍ നഷ്ടങ്ങള്‍ നേരിട്ട യുക്രെയിന്‍ തലസ്ഥാനമായ കീവിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ജി 7 രാജ്യങ്ങള്‍ അറിയിച്ചു. അതേ സമയം യുക്രെയിന് കൂടുതല്‍ വ്യോമ പ്രതിരോധ സഹായങ്ങള്‍ നല്‍കുമെന്ന് നാറ്റോ അറിയിച്ചു. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ യുക്രെയിന്‍ പ്രതിരോധ മന്ത്രി കൂടൂതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. 143 രാജ്യങ്ങളും യുക്രെയിന് പിന്തുണ പ്രഖ്യാപിച്ചതോടെ റഷ്യയ്ക്ക് ഇത് വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക.