യുക്രെയ്‌നില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്നിലെ പ്രധാന നഗരങ്ങളില്‍ വെള്ളിയാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടു. 160പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കീവ്, ഒഡേസ, ഖാര്‍കീവ്, ലിവിവ് നഗരങ്ങളിലാണ് റഷ്യ ഒരേസമയം ആക്രമണം നടത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് റഷ്യ കനത്ത വ്യോമാക്രമണം നടത്തുന്നത്. യുക്രെയ്ന്‍ സേന വ്യോമാക്രമണങ്ങളെ ഒരു പരിധിവരെ തടഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി എല്ലാ പ്രതിരോധവും മറികടന്ന് റഷ്യ ആക്രമണം നടത്തുകയായിരുന്നു.
ഹൈപ്പര്‍സോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നും 114 മിസൈലുകള്‍ വെടിവച്ചിട്ടെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കീവില്‍ വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷനേടാനായി ജനങ്ങള്‍ ആശ്രയിച്ചിരുന്ന മെട്രോ സ്‌റ്റേഷന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലിവിവില്‍ മാത്രം 15 മിസൈലുകളാണ് പതിച്ചത്. വടക്ക് കിഴക്കന്‍ നഗരമായ ഖാര്‍കീവില്‍ 20 മിസൈലുകളാണ് പതിച്ചിട്ടുണ്ട്. ഇവിടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ആശുപത്രിയും ആക്രമണത്തില്‍ തകര്‍ന്നു. ഒരു മിസൈല്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ക്രിമിയയില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ യുക്രെയ്ന്‍ കഴിഞ്ഞയാഴ്ച തകര്‍ത്തിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ആക്രമണം. റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. വിനാശകരമായ യുദ്ധം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുശേഷവും പുടിന്റെ മനസ്സ് മാറിയില്ലെന്ന് വ്യക്തമാക്കുന്നാണ് പുതിയ ആമ്രണം എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.