റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 65 യുക്രെയ്ൻ യുദ്ധത്തടവുകാർ ഉൾപ്പെടെ 74 മരണം. വിമാനത്തെ യുക്രെയ്ൻ വെടിവെച്ചിട്ടുവെന്നാണ് റഷ്യയുടെ ആരോപണം. ഇല്യൂഷിൻ-76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് ബെൽഗൊറോഡ് മേഖലയിലെ യാബ്ലോനോവോ ഗ്രാമത്തിനുസമീപം തകർന്നുവീണത്. റഷ്യയുടെ അതിർത്തിക്കുള്ളിലാണ് ഈ പ്രദേശം.
യുക്രെയ്‌ന്റെ കൈവശമുള്ള യു എസ് അല്ലെങ്കിൽ ജർമൻ മിസൈലുകളിൽ മൂന്നെണ്ണം ഉപയോഗിച്ചാണ് വിമാനം തകർത്തതെന്നാണ് റഷ്യ പറയുന്നത്. യുക്രെയ്ന്റേത് ക്രൂരമായ പ്രവൃത്തിയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അതേസമയം,വിമാനം വെടിവെച്ചിട്ടതായി ആദ്യം അവകാശപ്പെട്ട യുക്രെയ്ൻ പിന്നീടത് നിഷേധിച്ചു. തങ്ങളുടെ രാജ്യത്ത് ഏറെ നാശം വിതച്ച എസ്-300 വിമാനവേധ മിസൈലുകളുമായി പോയ വിമാനമാണ് വെടിവെച്ചിട്ടതെന്നാണ് യുക്രെയ്ൻ പറഞ്ഞിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് വിമാനം തകർന്നുവീണത്. പ്രാദേശിക സമയം 11:00 ന് സ്‌ഫോടന ശബ്ദത്തോടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
65 യുക്രെയ്ൻ യുദ്ധത്തടവുകാരും ആറ് ജീവനക്കാരും മൂന്ന് സുരക്ഷാജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തടവുകാരെ കൈമാറാൻ കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രത്യേക സൈനിക കമ്മീഷൻ തകർന്ന സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൈനികരെയും ഉപകരണങ്ങളും ആയുധങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിമാനമാണ് തകർന്നുവീണ ഐ എൽ -76 വിമാനം. അഞ്ച് ജീവനക്കാർ ഉൾപ്പെടെ 90 യാത്രക്കാരെ വരെ വഹിക്കാൻ വിമാനത്തിനാവും.