WORLD

പുടിന്റെ മുന്നറിയിപ്പ്; അമേരിക്കയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് റഷ്യയുടെ താത്കാലിക പിന്മാറ്റം

വെബ് ഡെസ്ക്

അമേരിക്കയുമായുള്ള ആണവ ഉടമ്പടി താത്കാലികമായി നിര്‍ത്തിവച്ച് റഷ്യ. പ്രസിഡന്‌റ് വ്ളാഡിമര്‍ പുടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വേണ്ടി വന്നാല്‍ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. റഷ്യ യുദ്ധത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം സാധിച്ചെടുക്കുമെന്നും പുടിന്‍ വ്യക്തമാക്കി. പാര്‍ലമെന്‌റിന്‌റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നെതിരായ ആണവായുധ പ്രയോഗ സാധ്യതയായാണ് പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.

ഫെബ്രുവരി 24ന് റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് പുടിന്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്‌റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിപിന്തുണ പ്രഖ്യാപിച്ചതിന്റെ പ്രകോപനത്തില്‍ കൂടിയാണ് പുടിന്റെ ആണവ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് സൂചന.

റഷ്യ മുന്‍കൈയെടുത്ത് ആണവ പരീക്ഷണം നടത്തില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസിന്‌റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കമുണ്ടായാല്‍ മടിച്ചുനില്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. യുക്രെയ്‌നില്‍ റഷ്യയുടെ യുദ്ധം തുടരുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രെയ്ന്‍ ഭരണമകൂടത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടേയും ബന്ദികളായി ആ രാജ്യത്തെ ജനത മാറിയെന്നും റഷ്യന്‍ പ്രസിഡന്‌റ് ചൂണ്ടിക്കാട്ടി.

2010ലാണ് യുഎസും റഷ്യയും തമ്മില്‍ START ഉടമ്പടിയില്‍ ഒപ്പുവച്ചത്. 2011ല്‍ ഉടമ്പടി പ്രാബല്യത്തില്‍ വന്നു. 2021ല്‍ ജോ ബൈഡന്‍ അധികാരത്തിലേറിയ ശേഷം കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. 2026ല്‍ അവസാനിക്കേണ്ട കരാറില്‍ നിന്നാണ് പുടിന്‍ ഇപ്പോള്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. അമേരിക്കും റഷ്യക്കും വിന്യസിക്കാനാകുന്ന മിസൈലുകളുടേയും ബോംബറുകളുടേയും എണ്ണം പരിമിതപ്പെടുത്തുന്നതായിരുന്നു ഉടമ്പടി. ട്രംപിന്‌റെ കാലത്ത് പുതിയ ഉപാധികള്‍ ഉള്‍പ്പെടുത്തണമെന്നടക്കമുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നുമില്ലാതെ തന്നെ കഴിഞ്ഞ വര്‍ഷം ഉടമ്പടി പുതുക്കി.

1991ല്‍ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ഒപ്പിട്ട ഒന്നാം സ്റ്റാര്‍ട്ട് ഉടമ്പടിയുടെ തുടര്‍ച്ചയായി ഇരുരാജ്യങ്ങളും തമ്മില്‍ അവശേഷിക്കുന്ന ഏക ആയുധ നിയന്ത്രണ ഉടമ്പടിയാണിത്.

യുക്രെയ്നില്‍ യുദ്ധം ആളിക്കത്തിച്ചത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണെന്നും പുടിന്‍ കുറ്റപ്പെടുത്തി.യുക്രെയ്ന് ആണവായുധങ്ങൾ നൽകുന്നതിനെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും പരസ്യമായി സംസാരിക്കുകയാണെന്ന് പുടിന്‍ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, യുക്രെയ്നൊപ്പം നിന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുതലെടുപ്പ് നടത്തുകയാണ്. യുക്രെയ്നാണ് യുദ്ധം ആരംഭിച്ചതെന്നും അതിനെ അടിച്ചമർത്താനാണ് റഷ്യ ശ്രമിച്ചതെന്നും പുടിന്‍ വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?