യുക്രെയ്ൻ വിഷയത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. യുക്രെയ്നുമായുള്ള ചർച്ചയെന്ന ആശയം തള്ളിക്കളയുന്നില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. സെന്റ് പീറ്റേഴ്ബർഗിൽ നടക്കുന്ന റഷ്യ- ആഫ്രിക്ക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ.
സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആഫ്രിക്കയുടെയും ചൈനയുടെയും ആവശ്യത്തിലാണ് തീരമാനമെന്നാണ് പുടിൻ പറയുന്നത്. ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്നും എന്നാൽ ചർച്ചയ്ക്ക് യുക്രെയ്ൻ തയ്യാറാകുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുടിൻ ഉച്ചകോടിക്കിടെ പറഞ്ഞത്. യുക്രെയ്ൻ സൈന്യം ആക്രമണം തുടരുന്നതിനിടെ വെടി നിർത്തൽ നടപ്പാക്കുക അസാധ്യമാണെന്നും പുടിൻ വ്യക്തമാക്കി.
ചില ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമേ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നായിരുന്നു യുക്രെയ്ന്റെയും റഷ്യയുടെയും നേരത്തെയുള്ള നിലപാട്. 1991ല്‍ നിലനിന്നിരുന്ന അതിർത്തികൾ പുനഃസ്ഥാപിക്കണം എന്നായിരുന്നു യുക്രെയിനിന്റെ ആവശ്യം. എന്നാല്‍ റഷ്യ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. യുക്രെയ്നുമായി ചര്‍ച്ചകള്‍ നടത്തണമെങ്കില്‍, കീവിന്റെ പുതിയ അതിർത്തി യുക്രെയ്ൻ അംഗീകരിക്കണമെന്നും റഷ്യ പറയുന്നു.
ഏഴ് രാജ്യങ്ങളില് നിന്നുള്ള നേതാക്കളും പ്രതിനിധികളും അടങ്ങുന്ന ആഫ്രിക്കന് സംഘം കഴിഞ്ഞ മാസം യുക്രൈന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായും പുടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് റഷ്യ-ആഫ്രിക്ക ഉച്ചകോടി നടക്കുന്നത്. യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധങ്ങൾ നേരിടുകയും ചെയ്യുന്ന റഷ്യ, ആഫ്രിക്കയുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതെന്നാണ് വിലയിരുത്തൽ.
അതേസമയം. യുക്രെയ്നിൽ നടപടികള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ഇപ്പോൾ പദ്ധതികളൊന്നുമില്ലെന്നാണ് പുടിന്റെ പ്രതികരണം. റഷ്യയെ രാജ്യത്തിനകത്ത് നിന്ന് ചിലർ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ നടത്തിയ അറസ്റ്റ് നടപടികളെയും പുടിൻ ന്യായീകരിച്ചു.
അതിനിടെ ഞായറാഴ്ച പുലർച്ചെ മോസ്കോയിൽ മൂന്ന് യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. ഡ്രോണുകളിൽ ഒന്ന് നഗരത്തിന് പുറത്തുവച്ചും രണ്ടെണ്ണം നഗരത്തിന് അകത്ത് വച്ചും വെടിവച്ച് വീഴ്ത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. നടന്നത് ഭീകരാക്രമണമാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.