റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ച സംഘത്തിലുള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യൻ ശാസ്ത്രജ്ഞനായ ആൻഡ്രി ബോട്ടിക്കോവിനെ വ്യാഴാഴ്ച മോസ്‌കോയിലെ അപ്പാർട്ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 29കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ പ്രതി ബോട്ടിക്കോവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫെഡറൽ അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2020ല്‍ സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച 18 ഗവേഷകരില്‍ ഒരാളായിരുന്നു ആൻഡ്രി ബോട്ടിക്കോവ്. 47 കാരനായ ബോട്ടിക്കോവ് മോസ്‌കോയിലെ ഗമേലയ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയിലെ മുതിര്‍ന്ന ഗവേഷകനാണ്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ബോട്ടിക്കോവിനെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ ഫാദര്‍ലാന്‍ഡ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.