വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ ബലൂണുകള്‍ വെടിവച്ച് വീഴ്ത്തിയതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. ആറ് റഷ്യന്‍ ബലൂണുകളാണ് വ്യോമാതിര്‍ത്തി ലംഘിച്ച് യുക്രെയ്ന്‍ ആകാശത്തെത്തിയത്. തലസ്ഥാനമായ കീവിലുള്‍പ്പെടെ അടിയന്തര സന്ദേശങ്ങള്‍ സൈന്യം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബലൂണുകള്‍ വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റഷ്യ നടത്തിയ നീക്കമാണെന്നാണ് വിലയിരുത്തല്‍. ചാരബലൂണാണോയെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ യുക്രെയ്ന്‍ ശേഖരിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രഹസ്യാന്വേഷണ ഉപകരണങ്ങള്‍ വഹിക്കാന്‍ കഴിവുളള ബലൂണുകളാണിതെന്ന് യുക്രെയ്ന്‍ വിലയിരുത്തുന്നു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ആകാശത്ത് മിസൈല്‍ സാന്നിധ്യം കണ്ടെത്തുന്നതിനായി യുക്രെയ്ന്‍ പ്രത്യേക സൈറണ്‍ സംവിധാനം ഒരുക്കിയിരുന്നു. ഇത് ബലൂണിന്റെ സാന്നിധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിന് സഹായകമായി.
യുക്രെയ്ന്റെ മിസൈലുകള്‍ ഇല്ലാതാക്കാന്‍ റഷ്യ ബലൂണുകള്‍ ഉപയോഗിച്ച് ശ്രമിച്ചതാമെന്ന് വ്യോമസേനാ വക്താവ് പറയുന്നു. റഷ്യ - യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ നിരവധി ചാരബലൂണുകള്‍ റഷ്യ അയച്ചതായും യുക്രെയ്ന്‍ സംശയിക്കുന്നു.
അമേരിക്കന്‍ ആകാശത്ത് ചൈനയുടെ ചാരബലൂണ്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് യുക്രെയ്നിലേക്കുള്ള റഷ്യന്‍ നീക്കം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മിസൈല്‍ വിക്ഷേപ കേന്ദ്രങ്ങള്‍ക്കും വ്യോമസേനാ ആസ്ഥാനങ്ങള്‍ക്കും മുകളില്‍ സഞ്ചരിച്ച് ചൈന വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന നിലപാടിലാണ് അമേരിക്ക. കാലാവസ്ഥ നിരീക്ഷണ ഉപകരണമാണെന്നാണ് ചൈനയുടെ വാദം. ചാര ബലൂണിന്റെ അവശിഷ്ങ്ങള്‍ വീണ്ടെടുത്ത് അമേരിക്ക പരിശോധന നടത്തുകയാണ്.