WORLD

സ്വീഡൻ തീരത്തെത്തിയത് റഷ്യയുടെ ചാര തിമിംഗലം?

തിമിംഗലത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് വ്യക്തതയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഗോപ്രോ ക്യാമറ

വെബ് ഡെസ്ക്

റഷ്യന്‍ ചാര തിമിംഗലമെന്ന് സംശയിക്കുന്ന ബെലുഗ തിമിംഗലം സ്വീഡൻ തീരത്ത്. മത്സ്യത്തൊഴിലാളികളാണ് വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. ഗോപ്രോ ക്യാമറ കഴുത്തിൽ ഘടിപ്പിച്ച ബെലുഗ തിമിംഗലം 2019 മുതൽ നോര്‍വെ സമുദ്രമേഖലയിലായിരുന്നു. പെട്ടെന്നാണ് തിമിംഗലം സ്വീഡനിലേക്ക് കടന്നത്.

തിമിംഗലത്തിന്റെ ശരീരത്തില്‍ വ്യക്തതയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഗോപ്രോ ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണിലാണ് ക്യാമറ ഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ റഷ്യന്‍ നാവികസേന അയച്ച ചാര തിമിംഗലമാണെന്ന നിഗമനം കൂടുതൽ ശക്തമാകുകയാണ്.

മൂന്ന് വര്‍ഷമായി നോര്‍വീജിയന്‍ സമുദ്രത്തിന്റെ അടിപ്പരപ്പിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന തിമിംഗലം അടുത്ത മാസങ്ങളിലായാണ് വേഗത വര്‍ധിപ്പിച്ച് സ്വീഡന്റെ സമുദ്രമേഖലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിമിംഗലം വേഗത വര്‍ധിപ്പിച്ചതിന് പിന്നിലെ കാരണമെന്താണെന്നാണ് പരിശോധിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചാരനീക്കത്തിന്റെ ഭാഗമായാണോ, മറിച്ച് സ്വാഭാവിക പ്രക്രിയയാണോ തിമിംഗലത്തിന്റെ വേഗത വര്‍ധിച്ചതെന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നത്.

തിമിംഗലം റഷ്യന്‍ നാവികസേനയുടെ പരിശീലനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയതാകാമെന്നാണ് നോര്‍വേ നാവികസേന നേരത്തെ വ്യക്തമാക്കിയിരുന്നു. തിമിംഗലത്തിന് 'വാള്‍ഡിമര്‍' എന്നാണ് നോര്‍വെ പേരിട്ടിരിക്കുന്നത്. തിമിംഗലത്തിന്റെ നോർവീജിയൻ പദമായ 'വാള്‍' എന്നതും റഷ്യയുടെ ചാര തിമിംഗലമെന്ന് സൂചിപ്പിക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ പേരിന്റെ ഭാഗവും ചേർത്താണ് വാള്‍ഡിമർ എന്ന പേര് നൽകിയത്.

ചാരവൃത്തിക്കായി പലരാജ്യങ്ങളും പക്ഷികളേയും മൃഗങ്ങളേയും പരിശീലിപ്പിച്ചെടുക്കാറുണ്ട്. മനുഷ്യരുമായി വളരെ വേഗം ഇണങ്ങുന്നവയാണ് ആര്‍ട്ടിക് സമുദ്ര മേഖലയില്‍ കാണപ്പെടുന്ന ബെലുഗ തിമിംഗലങ്ങള്‍. നല്ല ബുദ്ധിശക്തിയുള്ളതിനാൽതന്നെ, നായ്ക്കളെ പരിശീലിക്കുന്ന പോലെ ഇവയെ കൃത്യമായി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയും. സമുദ്രത്തിന്റെ 40 മുതൽ 60 അടിവരെയുള്ള തട്ടിൽ ജീവിക്കുന്നവയാണ് ബെലുഗ തിമിംഗലങ്ങള്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ നോര്‍വേ, റഷ്യ എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ വെള്ളത്തിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്.

ചാര തിമിംഗല അഭ്യൂഹങ്ങളിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനികാവിശ്യങ്ങള്‍ക്കായി തിമിംഗലങ്ങളെ ഉപയോഗിക്കുന്ന പ്രത്യേക കേന്ദ്രം ക്രിമിയയിൽ റഷ്യയ്ക്കുണ്ടെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വിദേശചാരന്മാരെ കൊലപ്പെടുത്താനുൾപ്പെടെയുള്ള പരിശീലനം ഇവയ്ക്ക് നൽകിവരുന്നുണ്ടെന്നാണ് വിവരം.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്