WORLD

'വിക്ടറി സിറ്റി'യുമായി സാഹിത്യലോകത്തേക്ക് വീണ്ടും സൽമാൻ റുഷ്ദി

ഇതുവരെയും ശീലിച്ചുപോന്ന ആക്ഷേപഹാസ്യ, അതിയാഥാർത്ഥ്യ ഗദ്യശൈലിയിൽ നിന്നും വ്യത്യസ്തമായി അത്ഭുതങ്ങൾ നിറച്ചുകൊണ്ടുള്ള ആഖ്യാനശൈലിയാണ് 'വിക്ടറി സിറ്റി'യിൽ റുഷ്ദിയുടേത്

വെബ് ഡെസ്ക്

കുത്തേറ്റ് ആറ് മാസങ്ങൾക്ക് ശേഷം വായനാലോകത്തിന് പുത്തൻ പുസ്തകവുമായി സൽമാൻ റുഷ്ദി.പതിനാലാം നൂറ്റാണ്ടിലെ കഥ പറയുന്ന 'വിക്ടറി സിറ്റി' എന്ന ഐതിഹാസിക നോവൽ അമേരിക്കയിൽ ചൊവ്വാഴ്ചയും, യുകെയിൽ വ്യാഴാഴ്ചയും പുറത്തിറങ്ങും. ന്യൂയോർക്കിൽ വച്ച്‌ നടന്ന വധശ്രമത്തിന് മുന്‍പ് പൂർത്തിയാക്കിയ പുസ്തകമാണ് 'വിക്ടറി സിറ്റി'. പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്ത റുഷ്ദി പുസ്തകവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ പൊതുവേദിയിൽ പെങ്കെടുക്കില്ല. എന്നിരുന്നാലും പുസ്തകത്തിന്റെ വിശേഷങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാനാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ അദ്ദേഹത്തിന് ഒരു കണ്ണിന്റെയും കൈയ്യുടെയും ശേഷി നഷ്ടപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി മെച്ചപെട്ടുകൊണ്ടിരിക്കെ സാഹിത്യലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയിർത്തെഴുന്നേൽപിന് 'വിക്ടറി സിറ്റി' സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇതുവരെയും ശീലിച്ചുപോന്ന ആക്ഷേപഹാസ്യ, അതിയാഥാർത്ഥ്യ ഗദ്യശൈലിയിൽ നിന്നും വ്യതസ്തമായി യാഥാർഥ്യത്തിൽ നിന്ന് മാറി അത്ഭുതങ്ങൾ നിറച്ചുകൊണ്ടുള്ള ആഖ്യാന ശൈലിയാണ് 'വിക്ടറി സിറ്റി'യിൽ റുഷ്ദിയുടേത്. അത്ഭുത ശക്തിയുള്ള പമ്പ കമ്പാന എന്ന അനാഥയായ പെൺകുട്ടിയാണ് 'വിക്ടറി സിറ്റി'യിലെ പ്രധാന കഥാപാത്രം. പുരുഷാധിപത്യ ലോകത്ത് സ്ത്രീകൾക്ക് തുല്യ അധികാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റുഷ്ദി പമ്പ കമ്പാനക്ക് ജീവൻ പകരുന്നത്. തന്റെ സിദ്ധികളുപയോഗിച്ച്‌ വിജയനഗര സാമ്രാജ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 'ബിസ്‌നഗ' എന്ന നഗരം സൃഷ്ടിക്കുന്നതും അതിന്റെ പതനവുമാണ് പ്രധാന കഥാതന്തു. താൻ സൃഷ്ടിച്ചെടുത്ത നഗരത്തിൽ മുളയ്ക്കുന്ന പുതിയ ജീവനുകൾക്ക് കഥകൾ പറഞ്ഞ് കൊടുത്ത്‌ അവരുടെ അസ്തിത്വം പമ്പ അവിടെ ഉറപ്പിക്കുന്നു. എന്നാൽ പ്രായാധിക്യത്തിൽ അന്ധയായി പോകുന്ന പമ്പ തന്റെ ഏകാന്തതയിൽ രചിക്കുന്ന കവിതയ്ക്ക് അതെ ജീവനുകൾ തന്നെ ഓർമ്മകൾ പറഞ്ഞ്‌ കൊടുക്കുന്നതും ആ ലോകത്തേക്ക് മടക്കി കൊണ്ട് വരുന്നതും നോവലിന് ഒരു മാജിക്കൽ റിയലിസത്തിന്റെ മുഖം നൽകുന്നുമുണ്ട്.

'ഷെയിം' (1983), 'ഹാരൂൺ ആൻഡ് ദ സീ ഓഫ് സ്റ്റോറീസ്' (1990), 'ദ എന്‍ചാന്‍ട്രസ്‌ ഓഫ് ഫ്ലോറെൻസ്' (2008) തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ മാജിക്കൽ റിയലിസത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ കഥ പറച്ചിൽ. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കഥാപാത്രങ്ങൾകൊണ്ടും ചരിത്ര അവശേഷിപ്പുകൾ കൊണ്ടും 'ദ എന്‍ചാന്‍ട്രസ്‌ ഓഫ് ഫ്ലോറെൻസുമായി' 'വിക്ടറി സിറ്റി'ക്ക് സാമ്യം കൂടുതലാണ്. രണ്ടിലും വസ്തുതകൾ കെട്ടുകഥകളുടെ മേമ്പൊടിയോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളതും.

സ്ത്രീപക്ഷ നിലപാടുകളുടെ സംരക്ഷണത്തിനായി നിലനിന്ന റുഷ്ദി എല്ലാക്കാലവും ഇസ്ലാം മതത്തിനെതിരെയും നിരന്തരം തന്റെ എഴുത്തിലൂടെ പ്രതികരിച്ചിരുന്ന റുഷ്ദി എന്നും ഭീഷണികൾക്ക് നടുവിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ശേഷമുള്ള മടങ്ങി വരവിലും അദ്ദേഹം വളരെ ഗഹനമായ ഒന്ന് 'വിക്ടറി സിറ്റി'യിൽ കണ്ടെത്തിയിരിക്കുന്നു എന്നാണ് റുഷ്ദിയുടെ സുഹൃത്തും എഴുത്തുകാരനുമായ കോളം മക്കാൻ പറയുന്നത്.

ഓഗസ്റ്റ് 12നായിരുന്നു ചൗതൗക്വാ ഇന്‍സ്റ്റിറ്റ്യൂഷനിലെ ഒരു പ്രഭാഷണത്തിൽ പങ്കെടുക്കാനിരിക്കെ സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. 1988ൽ "ദ സാത്താനിക് വേഴ്‌സ്" പുറത്തിറങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് വധഭീഷണി ഉയർന്നിരുന്നു.1947ൽ മുംബൈയിലായിരുന്നു റുഷ്ദിയുടെ ജനനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ