കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വെച്ച് നടന്ന ആക്രമണത്തെക്കുറിച്ച് പുസ്തകമെഴുതാനൊരുങ്ങി സൽമാൻ റുഷ്ദി.കഴിഞ്ഞ ദിവസം നടന്ന ഒരു സൂം മീറ്റിങ്ങിലാണ് റുഷ്ദി ഇക്കാര്യം അറിയിച്ചത്. ഇരുന്നൂറോളം പേജുകളുള്ള ഒരു ചെറിയ പുസ്തകമായിരിക്കും ഇത്. എഴുതാൻ എളുപ്പമല്ലെങ്കിലും ഇനി മുന്നോട്ട് എന്തെങ്കിലും ചെയ്യണമെങ്കിൽ ഈ സംഭവത്തെ മറികടന്നെ മതിയാവൂ എന്നദ്ദേഹം വ്യക്തമാക്കി.
'എനിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട്. എന്താണ് സംഭവിച്ചത്, എന്താണ് അത് അർത്ഥമാക്കുന്നത് എന്നെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്. ആക്രമണത്തെക്കുറിച്ച് മാത്രമല്ല. അതിന്റെ ചുറ്റുപാടുകളെ സംബന്ധിച്ചും." സൽമാൻ റുഷ്ദി പറഞ്ഞു.
"അത് താരാതമ്യേന ഒരു ചെറിയ പുസ്തകമായിരിക്കും. 200 ഓളം പേജുകൾ മാത്രം വരുന്ന പുസ്തകം. ലോകത്തിൽ എഴുതാൻ ഏറ്റവും എളുപ്പമുള്ള പുസ്തകം ഇതായിരിക്കില. പക്ഷെ മറ്റെന്തെങ്കിലും ചെയ്യണമെങ്കിൽ ഞാൻ ആദ്യം ഇത് മറികടക്കേണ്ടതുണ്ട്. ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നോവൽ എനിക്ക് എഴുതാൻ സാധിക്കില്ല. അതിനാൽ ഞാൻ ആദ്യം ഇതിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഏറ്റവും പുതിയ പുസ്തകമായ വിക്ടറി സിറ്റിയുടെ നല്ല പ്രതികരണത്തിൽ സംതൃപ്തിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.“ഞാൻ ഒരിക്കലും ഒന്നും നിസ്സാരമായി കാണുന്നില്ല. മിക്ക ആളുകൾക്കും പുസ്തകം ഇഷ്ടമായെന്നാണ് തോന്നുന്നത്. അതെനിക്ക് ഒരുപാട് പ്രധാനപ്പെട്ടതാണ്." സൽമാൻ റുഷ്ദി കൂട്ടിച്ചേർത്തു. വധശ്രമത്തിന് മുൻപ് പൂർത്തിയാക്കിയ പുസ്തകമാണ് പതിനാലാം നൂറ്റാണ്ടിലെ കഥ പറയുന്ന 'വിക്ടറി സിറ്റി' എന്ന ഐതിഹാസിക നോവൽ.
ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന പരിപാടിയിലാണ് എഴുത്തുകാരനായ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. പ്രവേശന പാസുമായി ഇന്‍സ്റ്റിറ്റ്യൂഷനിലെത്തിയ ഹാദി മറ്റാർ എന്ന 24 കാരനാണ് വേദിയിലേക്ക് അതിക്രമിച്ചു കയറി റുഷ്ദിയെ കുത്തി പരിക്കേൽപ്പിച്ചത്. റുഷ്ദിയുടെ കൈയിലെ ഞരമ്പുകൾ മുറിയുകയും കരളിന് കുത്തേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അദ്ദേഹത്തിന് ഒരു കണ്ണിന്റെയും കൈയ്യുടെയും ശേഷി നഷ്ടപ്പെട്ടിരുന്നു.
1988ല്‍ 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം പുറത്തിറയങ്ങിയതോടെയാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നത്. മതനിന്ദ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്താന്‍ തുടങ്ങി പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു. 1989-ൽ റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം റുഷ്ദി വര്‍ഷങ്ങളോളം ഒളിവിലായിരുന്നു.