കൂട്ടുകാര്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ആഘോഷത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേരാത്തവിധം പെരുമാറിയെന്ന ആക്ഷേപങ്ങളോട് വൈകാരികമായാണ് ഫിന്നിഷ് പ്രധാനമന്ത്രി പ്രതികരിച്ചത്. സ്വകാര്യ ജീവിതത്തില്‍ തനിക്കുള്ള അവകാശങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു അവര്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.
''ഞാനും ഒരു മനുഷ്യനാണ്. ഞാനും ചിലപ്പോള്‍ സന്തോഷവും വിനോദവുമെല്ലാം ആഗ്രഹിക്കുന്നുണ്ട് '' - ഹെല്‍സിങ്കിയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സന്ന മരിന്‍ കണ്ണീരോടെ പറഞ്ഞു. ''ഇത് സ്വകാര്യതയാണ്, സന്തോഷമാണ്, ജീവിതമാണ്. എന്നാല്‍ അതിനുവേണ്ടി ഞാന്‍ ഒരിക്കലും എന്റെ ജോലിയുടെ ഒരു ദിവസം പോലും പാഴാക്കിയിട്ടില്ല.ഒഴിവു സമയങ്ങളില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ ജോലി സമയത്ത് എന്താണ് ചെയ്യുന്നതെന്നാണ് ശ്രദ്ധിക്കേണ്ടത്. അതാണ് ഞാന്‍ ആഗ്രഹിക്കുന്നതും''. ഫിന്നിഷ് പ്രധാനമന്ത്രി വ്യക്തമാക്കി. പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതും നിയമാനുസൃതമല്ലേ എന്നും അവര്‍ ചോദിച്ചു.
കഴിഞ്ഞയാഴ്ചയാണ് സന്നമരിനും കൂട്ടുകാരും ചേര്‍ന്ന് ആഘോഷിക്കുന്ന വീഡിയോ പ്രചരിച്ചത്. വീഡിയോയില്‍ പ്രധാനമന്ത്രി മയക്കു മരുന്നിനെ പറ്റി സംസാരിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നു. പിന്നാലെ സന്ന മരിന്‍ ഇത് നിഷേധിച്ച് രംഗത്തെത്തി. പക്ഷെ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ പരിശോധനയ്ക്ക് വിധേയമാക്കി. ഫലം നെഗറ്റീവായതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയായിരുന്നു.
കഴിഞ്ഞയാഴ്ച സന്ന മരിന്റെ വസതിയില്‍ വെച്ച് രണ്ട് സ്ത്രീകള്‍ എടുത്ത ചിത്രവും വിവാദത്തിലായിരുന്നു. അര്‍ധ നഗ്നരായി പ്രധാനമന്ത്രിയുടെ വസതിയില്‍ നില്‍ക്കുന്ന ചിത്രമാണ് മുന്‍ മിസ് ഫിന്‍ലന്‍ഡും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറുമായ യുവതി പങ്കുവച്ചത്.
ഇതോടെ ആഘോഷ വീഡിയോ വിവാദത്തില്‍ സന്ന മരിനെ പിന്തുണച്ച പാര്‍ട്ടിയും ഈ വിഷയത്തില്‍ അവരെ കൈയൊഴിഞ്ഞു. ഫിന്‍ലന്‍ഡിലെ ജനപ്രീതിയുള്ള പ്രധാനമന്ത്രിയെന്ന് അറിയപ്പെടുന്ന സന്ന മരിന് പുതിയ വിവാദങ്ങള്‍ തിരിച്ചടിയാവുകയാണ്.