WORLD

ഫിന്‍ലന്‍ഡില്‍ സന്ന മരിന് തുടര്‍ ഭരണമില്ല; വലതുപക്ഷ പാര്‍ട്ടിക്ക് ഭൂരിപക്ഷം

19.9 ശതമാനം വോട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് സ്വന്തമാക്കാനായത്

വെബ് ഡെസ്ക്

ഫിന്‍ലന്‍ഡില്‍ പ്രധാനമന്ത്രി സന്ന മരിന് തുടര്‍ ഭരണമുണ്ടാകില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് സന്ന മരിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തള്ളപ്പെട്ടു. മുന്‍ ധനമന്ത്രി പെറ്റേരി ഓര്‍പോയുടെ വലതുപക്ഷ നാഷണല്‍ കൊയിലിഷന്‍ പാര്‍ട്ടി 20.8 ശതമാനം വോട്ടോടെ വിജയം ഉറപ്പിച്ചു. രണ്ടാംസ്ഥാനത്തുള്ള നേഷന്‍ ഫസ്റ്റ് ഫിന്‍സ് പാര്‍ട്ടിക്ക് 20.1 ശതമാനം വോട്ടാണ് ലഭിച്ചത്. 19.9 ശതമാനം വോട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് സ്വന്തമാക്കാനായത്.

വിജയികളെ സന്ന മരിന്‍ അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ വിജയം എപ്പോഴും സന്തോഷമുണ്ടാക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വോട്ട് വിഹിതത്തിലുണ്ടായ വര്‍ധനവും എടുത്ത് ചൂണ്ടിക്കാട്ടി. '' ഇന്ന് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും വോട്ട് നില മെച്ചപ്പെടുത്തിയത് മികച്ച നേട്ടമാണ്. ഫിന്നിഷ് ജനത അവരുടെ വോട്ട് രേഖപ്പെടുത്തി, ജനാധിപത്യത്തിന്റെ ആഘോഷം എല്ലായ്‌പ്പോഴും ഒരു അത്ഭുതകരമായ കാര്യമാണ്'' - സന്ന മരിന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം വലിയ വിജയമാണെന്നാണ് പെറ്റേരി ഓര്‍പോ പറഞ്ഞു. സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 200 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നാഷണല്‍ കൊയിലിഷന്‍ പാര്‍ട്ടി 48 സീറ്റുകളാണ് നേടിയത്. ഫിന്‍സ് പാര്‍ട്ടിക്ക് 46 സീറ്റുകളും സന്ന മരിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 43 സീറ്റുമാണുള്ളത്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് സമാനമായി 71.9 ശതമാനം പോളിങ് ഇത്തവണയും രേഖപ്പെടുത്തി.

യുക്രെയിനോടുള്ള ഐക്യദാര്‍ഢ്യം തുടരുന്നതാകും പുതിയ സര്‍ക്കാരിന്റെ നയമെന്ന് പെറ്റേരി ഓര്‍പോ വ്യക്തമാക്കി.''ആദ്യം യുക്രെയ്‌നിലേക്ക്, ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു. ഈ ഭീകരമായ യുദ്ധം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. യുക്രെയ്‌നിനെയും യുക്രെയ്നിയന്‍ ജനതയെയും സഹായിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും'' - വിജയത്തിന് ശേഷം ഓര്‍പോ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് നല്‍കാനുള്ള സന്ദേശം 'നിങ്ങള്‍ പരാജയപ്പെടും, യുക്രെയ്‌നില്‍ നിന്ന് പിന്മാറൂ' എന്നാണെന്നും ഓര്‍പോ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്റെ സജീവ അംഗമാകുക എന്നതായിരിക്കും പുതിയ സര്‍ക്കാരിന്‍റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നെന്ന് പെറ്റേരി ഓര്‍പോ അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കും, ഭവന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും. യൂറോപ്യന്‍ യൂണിയന്‍ ഇതര കുടിയേറ്റം കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കും. കാലാവസ്ഥ, ക്രമസമാധാനപാലനം, ഊര്‍ജ മേഖല എന്നിവയില്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാകും എല്ലാത്തിന്റേയും അടിസ്ഥാനമെന്നും നാഷണല്‍ കൊയിലിഷന്‍ പാര്‍ട്ടി നേതാവ് വ്യക്തമാക്കി.

34ാം വയസ്സില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു സന്ന മരിന്‍. ഫിന്‍ലന്‍ഡിലെ മധ്യ-ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെയാണ് മരിന്‍ രാഷ്ട്രീയജീവിതം ആരംഭിച്ചത്. 27ാം വയസ്സില്‍, രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ടാംപെരെയിലെ സിറ്റി കൗണ്‍സിലിന് അവര്‍ നേതൃത്വം നല്‍കി. കൂട്ടുകാര്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ വിവാദങ്ങളിലും നിറഞ്ഞിരുന്നു.

സന്ന മരിന്റെ വ്യക്തിപരമായ ജനപ്രീതി ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. പക്ഷേ, സാമ്പത്തിക മാന്ദ്യത്തിന്റെ പ്രവചനവും പണപ്പെരുപ്പവും വര്‍ധിച്ചതാണ് തുടര്‍ഭരണത്തിന് തിരിച്ചടിയായത്. സമ്പദ്‌വ്യവസ്ഥ താറുമാറായെന്ന ശക്തമായ ആരോപണം പ്രതിപക്ഷ നേതാക്കളും ഉയര്‍ത്തിയിരുന്നു. ഫിന്‍ലന്‍ഡിനെ നാറ്റോ അംഗത്വത്തിന്റെ പടിവാതില്‍ക്കലെത്തിച്ച ശേഷമാണ് സന്ന മരിന്റെ പിന്‍വാങ്ങല്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ