പുണ്യമാസമായ റംസാനിലും വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. 2009ന് ശേഷം ആദ്യമായാണ് രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്.
മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. ബെർലിൻ ആസ്ഥാനമായ യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സി (ഇഎസ്ഒഎച്ച്ആർ)നെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ 'ദ ഗാർഡിയൻ'ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്
സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഒരാളെ കുത്തിക്കൊന്ന ശേഷം തീകൊളുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. മാർച്ച് 28നാണ് ശിക്ഷ നടപ്പാക്കിയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. മാര്‍ച്ച് 28ലെ ശിക്ഷ കൂടി നടപ്പാക്കിയതോടെ ഈ വര്‍ഷം മാത്രം സൗദി അറേബ്യയില്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 17 ആയി.
2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. 2021ല്‍ 69 പേരുടെ വധശിക്ഷ നടപ്പാക്കി. അതായത് ഒരു വര്‍ഷത്തിനിടെ വധശിക്ഷകളുടെ എണ്ണം ഇരട്ടിയായി . രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്.
2010 - 2014 കണക്കുകളില്‍ നിന്ന് 82 ശതമാനത്തിന്റെ വര്‍ധനയാണ് വധശിക്ഷയില്‍ ഉണ്ടായിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കപ്പെട്ടവരില്‍ 90 പേര്‍ക്കെതിരെ ചുമത്തിയിരുന്നത് വലിയ കുറ്റങ്ങള്‍ പോലുമല്ലായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ഇത്തരത്തില്‍ തിരക്കിട്ട് വധശിക്ഷകള്‍ നടപ്പിലാക്കുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഗോത്ര വിഭാഗങ്ങളെയും ഭരണകൂടം ഇത്തരത്തില്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ന്യായമായ വിചാരണയ്ക്ക് പോലും അവസരം നല്‍കാതെ സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതായി വിമര്‍ശനമുയരുന്നുണ്ട്
കൊലപാതകങ്ങള്‍ക്ക് മാത്രമേ വധശിക്ഷ നല്‍കൂവെന്ന് സൗദി കിരീടാവകാശി വാഗ്ദാനം നല്‍കിയിട്ടും മാരകമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനും വധശിക്ഷ ഉപയോഗിക്കുന്നെന്നാണ് വിമര്‍ശം. ന്യായമായ വിചാരണയ്ക്ക് പോലും അവസരം നല്‍കാതെ വധശിക്ഷ നടപ്പാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.