ഈ വർഷത്തെ ഏറ്റവും വലിയ കൂട്ടവധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ആരാധനാലയം ആക്രമിച്ചുവെന്ന കേസിലാണ് അഞ്ചുപേരെ കഴിഞ്ഞ ദിവസം വധിച്ചത്. പ്രതികളിൽ നാലുപേർ സൗദി പൗരന്മാരും ഒരാൾ ഈജിപ്ത് സ്വദേശിയുമാണ്. തിങ്കളാഴ്ചയാണ് കൂട്ടവധശിക്ഷ നടപ്പാക്കിയത്.
ഈ വർഷം സൗദിയിൽ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം 68 ആയി
ഔദ്യോഗിക സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ വധശിക്ഷയ്ക്ക് ഏത് മാർഗമാണ് ഉപയോഗിച്ചതെന്നോ കേസിനെ പറ്റിയോ വ്യക്തമാക്കിയിട്ടില്ല. തല വെട്ടുകയാണ് സാധാരണയായി സൗദി അറേബ്യ അവലംബിക്കുന്ന രീതി. ഇതോടെ ഈ വർഷം സൗദിയിൽ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം 68 ആയി.
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് മേയ് ആദ്യം മുതൽ 20ലധികം വധശിക്ഷകൾ രാജ്യത്ത് നടപ്പാക്കിയതായി വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം 147 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയിരുന്നു. അതിൽ തന്നെ 81 പേർക്ക് ശിക്ഷ വിധിച്ചത് ഒരേദിവസമായിരുന്നു.
2021ൽ 89 ആയിരുന്ന വധശിക്ഷയാണ് തൊട്ടടുത്തവർഷം ഇരട്ടിയിലധികമായത്. വധശിക്ഷയെന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ഊന്നിപ്പറയുന്നതിനിടെയാണ് സൗദി അവരുടെ പരമ്പരാഗത രീതിയുമായി മുന്നോട്ടുപോകുന്നത്.
സൗദി അറേബ്യയുടെ അടുത്ത ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊണ്ടുവന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സൗദി വധശിക്ഷകൾ നടപ്പാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൊലപാതക കേസുകൾ, നിരവധി ആളുകളുടെ ജീവൻ ഭീഷണിയിലാക്കുന്ന കുറ്റങ്ങൾ എന്നിവ ഒഴികെയുള്ളവയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതായി മുൻപ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.
2015ൽ സൽമാൻ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകൾ ഇതുവരെ നടപ്പാക്കിയതായി യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.